14 April, 2022 11:54:50 AM


കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരന് ​ദാരുണാന്ത്യം



തൃശ്ശൂർ: കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരനായ തമിഴ്നാട് സ്വദേശി മരിച്ചു. തൃശ്ശൂർ കുന്നംകുളത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടെത്തിയ ബസ് തിരികെ കുന്നംകുളത്ത് കൊണ്ടുവരും.

കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് ഇതിന് മുൻപ് മൂന്ന് തവണ അപകടത്തിൽപ്പെട്ടിരുന്നു. ആദ്യമുണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകുമെന്നും കെഎസ്ആ‌ർടിസി എം.ഡി ബിജു പ്രഭാകർ പ്രതികരിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നും അടിയന്തര അന്വേഷണം വേണമെന്നുമാണ് കെഎസ്ആ‌ർടിസി എം.ഡി പറഞ്ഞത്.

തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് ആദ്യം അപകടമുണ്ടായത്. അപകടത്തിൽ ബസിന്‍റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിരുന്നു. കെ എസ് ആർ ടി സി യുടെ അഭിമാന പദ്ധതിയായ കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രിയാണ് ഫ്ളാഗ്ഓഫ് ചെയ്തത്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K