01 May, 2022 12:45:11 PM


പി.സി. ജോർജിന് നേരെ ഡിവൈഎഫ്ഐയുടെ കരിങ്കൊടി, ചീമുട്ടയേറ്


 
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പി.സി. ജോർജിനെതിരെ ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം എആർ ക്യാമ്പിന് മുന്നിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. പട്ടത്ത് പി.സി. ജോർജിന്‍റെ വാഹനത്തിന് നേരെ ചീമുട്ടയേറ് ഉണ്ടായി. കനത്ത പോലീസ് വിന്ന്യാസമാണ് എആർ ക്യാമ്പിന് മുന്നിൽ ഒരുക്കിയിരിക്കുന്നത്.

ഇതിനിടെ, തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ ജോർജ് സഞ്ചരിച്ച വാഹനം ബിജെപി പ്രവർത്തകരും തടഞ്ഞു. ജോർജിനു പിന്തുണയുമായെത്തിയ ബിജെപി പ്രവർത്തകരാണ് തിരുവനന്തപുരം വട്ടപ്പാറയിൽവച്ച് വാഹനം തടഞ്ഞത്. പോലീസ് വാഹനം തടഞ്ഞശേഷം പി.സി. ജോർജിന്‍റെ വാഹനത്തിന് അരികിലെത്തുകയും അഭിവാദ്യം അർപ്പിക്കുകയുമായിരുന്നു. ജോർജ് തിരിച്ച് ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

തിരുവനന്തപുരം ഫോർട്ട് പോലീസാണ് ഞായറാഴ്ച പുലർച്ചെ അഞ്ചിന് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോർജിനെ കസ്റ്റഡിയിലെടുത്തത്. ഡിജിപി അനിൽ കാന്തിന്‍റെ നിർദേശപ്രകാരമാണ് കേസെടുത്തത്. ഐപിസി 153 എ വകുപ്പു പ്രകാരമാണ് കേസ്.



Share this News Now:
  • Google+
Like(s): 4.8K