21 June, 2026 06:06:12 PM


റീൽസ് കണ്ട് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു



കൊട്ടാരക്കര: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. കൊട്ടാരക്കര ഡിപ്പോയിലെ താൽക്കാലിക ജീവനക്കാരനായ അഭിജിത്തിനെതിരെയാണ് എൻഫോഴ്സ്മെന്റ് ആർടിഒ കർശന നടപടി സ്വീകരിച്ചത്. രണ്ട് മാസത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഈ കാലയളവിൽ ഇയാൾക്ക് മറ്റ് വാഹനങ്ങളും ഓടിക്കാൻ അനുമതിയുണ്ടായിരിക്കില്ല.

കൊട്ടാരക്കരയിൽ വെച്ച് സർവീസ് നടത്തുന്നതിനിടെ ഡ്രൈവർ നിരന്തരം മൊബൈൽ ഫോണിൽ റീൽസ് ശ്രദ്ധിക്കുന്നത് ബസ്സിലെ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് യാത്രക്കാർ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് അയച്ചു കൊടുക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് അധികൃതർ നടപടിക്രമങ്ങളിലേക്ക് കടന്നത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതായി അഭിജിത്ത് സമ്മതിച്ചെങ്കിലും റീൽസ് കണ്ടിട്ടില്ലെന്നാണ് മൊഴി നൽകിയത്. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915