25 April, 2017 02:26:54 PM


മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്



തിരുവനന്തപുരം: മധ്യ വേനലവധിക്കാലത്ത് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നടത്തുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പൊതു വിദ്യഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സി ബി എസ് സി സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും ഉത്തരവ് ബാധകമാക്കും. മധ്യവേനലവധിക്കാലത്ത് സംസ്ഥാനത്തെ വിവിധ സ്‌ക്കൂളുകളില്‍ കടുത്ത ചൂടും ജലക്ഷാമവും അവഗണിച്ച് ക്ലാസ്സുകള്‍ നടത്തുന്നതായി പരാതി ഉയര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.


ആദ്യം ശുദ്ധജലം ഉറപ്പ് വരുത്തണമെന്ന നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ പല സ്‌കൂളുകളിലും ഇത് പ്രായോഗികമാകാത്തതിനാലാണ് ക്ലാസ്സുകള്‍ നടത്തുന്നത് വിലക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ക്ലാസ്സുകള്‍ നടക്കുന്നത് വിലക്കിക്കൊണ്ട് ശുപാര്‍ശയില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ ഉത്തരവ് വരുന്ന മുറയ്ക്ക് ക്ലാസ്സുകള്‍ നിര്‍ത്തിവെക്കാനാണ് സ്‌ക്കൂള്‍ മാനേജ്‌മെന്റുകളുടെ തീരുമാനം. അതേസമയം പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നേരത്തെ തുടങ്ങുന്നത് ഗുണം ചെയ്യുമെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ അവധിക്കാലം രക്ഷിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം ചെലവഴിക്കുമ്പോള്‍ ലഭിക്കുന്ന അറിവിന് പകരമാവില്ല, സ്‌ക്കൂളുകളില്‍ നിന്ന് ലഭിക്കുന്ന വിദ്യാഭ്യസം എന്നും ബാലാവകാശകമ്മീഷന്‍ വിലയിരുത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K