12 May, 2017 04:22:51 PM


പോളിടെക്‌നിക്ക് പ്രവേശനത്തിന് മേയ് 15 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 15 മുതല്‍ www.polyadmission.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അന്‍പത്തിയൊന്ന് സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലേക്കും പതിനാറ് സ്വാശ്രയ പോളിടെക്‌നിക്കുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുമാണ് (ഉയര്‍ന്ന ഫീസ്) പ്രവേശനം. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്.


ജനറല്‍ വിഭാഗത്തിന് നൂറ്റിയന്‍പത് രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് എഴുപത്തിയഞ്ച് രൂപയുമാണ് അപേക്ഷാ ഫീസ്. പിന്നാക്ക ജില്ലകളായ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് ജില്ലയില്‍ പ്രവേശനത്തിന് വെയ്‌റ്റേജ് ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇരുപത്തിയഞ്ച് ഓപ്ഷനുകള്‍ വരെ നല്‍കാം. എന്‍.സി.സി, സ്‌പോര്‍ട്‌സ് ക്വാട്ട, എയ്ഡഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ എന്നിവയ്ക്ക് പ്രത്യേകം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ തന്നെ സമര്‍പ്പിക്കണം.


സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളില്‍ നിന്നും മേയ് 15 മുതല്‍ ഇരുപത് രൂപ നിരക്കില്‍ അച്ചടിച്ച പ്രോസ്‌പെക്ടസ് ലഭ്യമാണ്. www.polyadmission.org വെബ്‌സൈറ്റില്‍ സൗജന്യമായും പ്രോസ്‌പെക്ടസ് ലഭിക്കും. സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളിലും മേയ് 15 മുതല്‍ ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും. ഹെല്‍പ് ഡസ്‌കുകള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാനും പ്രിന്റ് ചെയ്ത അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും. കോളേജുകളിലെ ബ്രാഞ്ചുകളുടെ വിവരം, സീറ്റുകളുടെ എണ്ണം, ഫീസ് തുടങ്ങിയ വിവരങ്ങള്‍ പ്രോസ്‌പെക്ടസില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K