
-
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ഗായിക കല്യാണി മേനോൻ (80) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലും പിന്നണിഗാനരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു.സംവിധായകൻ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് കല്യാണി മേനോൻ അരങ്ങേറുന്നത്. വിയറ്റ്നാം കോളനിയിലെ "പവനരച്ചെഴുതുന്നു' എന്ന ഹിറ്റ് ഗാനവും അവർ അലപിച്ചതാണ്.96 എന്ന തമിഴ് ചിത്രത്തിലെ കാതലേ കാതലേ എന്ന ഗാനവും കല്യാണി മേനോനാണ് ആലപിച്ചത്. എ.ആർ. റഹ്മാനൊപ്പം നിരവധി ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ രാജീവ് മേനോൻ മകനാണ്.
-
കൊച്ചി: പ്രമുഖ ചലച്ചിത്ര നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. തൃപ്പുണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കെ.ടി.എസ്. പടന്നയിൽ. രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് വിടവാങ്ങിയത്. നാടക ലോകത്ത് നിന്നാണ് പടന്നയിൽ സിനിമയിൽ എത്തുന്നത്. സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്.രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമായി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയപ്പട്ടവനായതോടെ കൂടുതൽ സിനിമകൾ പടന്നയിലിനെ തേടിയെത്തി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു.നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. സന്മനസുള്ളവർക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ സീരിയലുകളിലെ വേഷം പ്രേക്ഷകശ്രദ്ധ നേടി. കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും നിരവധി ഫൈൻആർട്സ് സൊസൈറ്റി അവാർഡുകളും ലഭിച്ചു. നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗം. രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നൻ, സാൽജൻ എന്നിവർ മക്കൾ.
-
ഏറ്റുമാനൂര്‍: പാണ്ടവത്ത് പി.എം കുര്യന്‍ (90) അന്തരിച്ചു. ഭാര്യ: ചിന്നമ്മ കുര്യന്‍ (ചേര്‍പ്പുങ്കല്‍ മുണ്ടന്താനത്ത് കുടുംബാംഗം). മക്കള്‍: പി.കെ.മാത്യു (റിട്ട എജിഎം, എസ് ബി ഐ), പി.കെ.സണ്ണി (പാണ്ടവത്ത് സ്റ്റോഴ്സ്, ഏറ്റുമാനൂര്‍), ജോര്‍ജ്ജ് കുര്യന്‍ (തഹസില്‍ദാര്‍, ചങ്ങനാശ്ശേരി), ഷാജി കുര്യന്‍ (ഷെയ്ന്‍ സോമില്‍, മാന്നാനം), ജോസ് പി.കുര്യന്‍ (അയര്‍ലന്‍ഡ്), മരുമക്കള്‍: റീജാ മാത്യു ചെമ്മലക്കുഴിയില്‍ (റിട്ട ടീച്ചര്‍, സെന്‍റ് ആന്‍സ് എച്ച് എസ് എസ്, കോട്ടയം), സുനി സണ്ണി പാവക്കുളം (പനച്ചിക്കാട്), സിനിമോള്‍ തോമസ് മുണ്ടുതറയില്‍ (ടീച്ചര്‍, സെന്‍റ് തോമസ് യുപുഎസ്, കുറുമുള്ളൂര്‍), സോളി ഷാജി പുന്നവേലില്‍ (കോഴിക്കോട്), ഡെയ്‌സി ജോസ് മുകളേല്‍ (അയര്‍ലന്‍ഡ്). സംസ്‌കാരം 23/7/2021, വെള്ളിയാഴ്ച പകല്‍ 3.00ന് സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഏറ്റുമാനൂര്‍ സെന്‍റ് ജോസ ഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.
-
ഏറ്റുമാനൂര്‍: റിട്ട ഡപ്യൂട്ടി തഹസില്‍ദാര്‍ ഏറ്റുമാനൂര്‍ പേരൂര്‍ റോഡ് അമ്പാട്ടുമഠത്തില്‍ എ.കെ.ഹരിദാസന്‍ നായര്‍ (78) അന്തരിച്ചു. ഏറ്റുമാനൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റ്, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ്, ഏറ്റുമാനൂര്‍ വൈസ് മെന്‍സ് ക്ലബ് ഭാരവാഹി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 11.30ന് വീട്ടുവളപ്പില്‍.
-
കൊല്ലം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു. കൊല്ലം ഇരവിപുരം സെന്റ് മേരി നിവാസിൽ നെൽസൺ - എൽസി ദമ്പതികളുടെ മകനും ജുബൈൽ സൗദി കയാൻ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറുമായിരുന്ന ബിജു നെൽസൺ (47) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് കോവിഡ് രോഗബാധിതനായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം കലശലായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് മരിച്ചു. ഭാര്യ: സിബിലി. മക്കൾ: ബിബിൻ, സിബിൻ. 25 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
-
തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ (74) അന്തരിച്ചു. പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യ നില മോശമായിരുന്ന ബാവയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു.
ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ അദ്ദേഹം തൃശൂര്‍ കുന്നംകുളത്താണ് ജനിച്ചത്. 1972 ല്‍ ശെമ്മാശ പട്ടം ലഭിച്ച അദ്ദേഹം 2010 നവംബര്‍ 1ന് പരുമല സെമിനാരിയില്‍ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. കോട്ടയം ദേവലോകം അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം നാളെ നടക്കും.
-
മലപ്പുറം: ആയുർവേദാചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ പി.കെ. വാരിയർ (100) അന്തരിച്ചു. ആയുർവേദത്തിന് ഇന്ന് ലോകത്ത് ഒരു പര്യായമുണ്ടെങ്കിൽ അത് പി.കെ. വാരിയരായിരുന്നു. കഴിഞ്ഞ ജൂൺ എട്ടിനാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്.ആയുർവേദ രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് 'ആയുർവേദ മഹർഷി' സ്ഥാനം അദ്ദേഹത്തിന് സമർപ്പിക്കുകയുണ്ടായി.ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയമകനായി 1921 ജൂൺ ഇടവത്തിലെ കാർത്തിക നക്ഷത്രത്തിലായിരുന്നു പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന പി.കെ. വാരിയരുടെ ജനനം. കോട്ടയ്ക്കൽ ഗവ. രാജാസ് സ്കൂളിലാണ് അദ്ദേഹം ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൈദ്യപഠനം വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിലും പൂർത്തിയാക്കി. 1942ൽ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത പി.കെ. വാര്യർ പിന്നീട് തിരിച്ചെത്തി വൈദ്യ പഠനം പൂർത്തിയാക്കി.കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി 1944ൽ ചുമതലയേറ്റത് പി.കെ. വാരിയരുടെ മൂത്ത ജ്യേഷ്ഠനായ പി. മാധവ വാരിയരായിരുന്നു. 1953ൽ അദ്ദേഹം മരിച്ചതിനു ശേഷം ഡോ.പി.കെ. വാരിയർ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം പികെ. വാരിയരുടെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.
-
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണന്‍ നായരുടെയും അമ്മ സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ദു എസ് എസ് (കോട്ടണ്‍ഹില്‍ സ്‌കൂള്‍ ടീച്ചര്‍). മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്).
-
ചെറുതോണി: മാതൃഭൂമി ദിനപത്രത്തിന്‍റെ ചെറുതോണി ലേഖകൻ ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി. ബി ബാബുക്കുട്ടൻ (47) അന്തരിച്ചു. മൾട്ടിപ്പിൾ മൈലേമ എന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെ കൊവിഡും, ന്യുമോണിയയും പിടിപെട്ടു. ഒരു മാസമായി കോട്ടയം തെള്ളകത്തെ സ്വകാര്യആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച്ച രാവിലെ 6.40 ന് മണമടയുകയായിരുന്നു. ഭാര്യ: ദീപ. മക്കൾ: നന്ദന, ദീപക്. സംസ്കാരം വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
-
തിരുവനന്തപുരം: വിവാദ പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ മരിച്ച നിലയിൽ. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
-
കൊച്ചി : കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500 ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
-
ഏറ്റുമാനൂർ : വേണു സൗണ്ട്സ് സ്ഥാപകൻ പോളകത്ത്പറമ്പിൽ പരേതനായ ഭാസ്കരൻനായരുടെ (വേണു സ്വാമി) മകനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിട്ട. ജീവനക്കാരനുമായ വേണുഗോപാലൻ നായർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തലയോലപ്പറമ്പ് പൊതിയിലെ വീട്ടുവളപ്പിൽ.
-
ഏറ്റുമാനൂർ : ആറു പതിറ്റാണ്ട് കാലത്തോളം പശുക്കളുമായി ജീവിതം നയിച്ച ഏറ്റുമാനൂരിലെ ക്ഷീരകർഷക മാടപ്പാട് പേമലയിൽ പരേതനായ മത്തായി ദേവസ്യയുടെ ഭാര്യ ഏലമ്മ (78) അന്തരിച്ചു. മക്കളെക്കാൾ കൂടുതൽ പശുക്കളെ സ്നേഹിച്ച ഈ കർഷക സ്ത്രീക്ക് നാളിതുവരെ ഒരു പനിപോലും ഉണ്ടാവുകയോ മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലാ എന്നത് ഒരു പ്രത്യേകതയാണ്. വാർദ്ധക്യ സഹജമായ രോഗപീഢകൾ ഉണ്ടായിട്ടും ഒരു ദിനം പോലും കിടപ്പിലായില്ല.ദിവസേന വെളുപ്പിന് മൂന്ന് മണിക്ക് ഉണരുന്ന ഏലമ്മ തിങ്കളാഴ്ചയും മൂന്നു മണിക്ക് തന്നെ ഉണർന്നു. ചെറിയ ശാരീരിക അസ്വസ്തകൾ പ്രകടിപ്പിച്ചു. അത്രമാത്രം. നാല് മണിയോടു കൂടി മരണത്തിനു കീഴടങ്ങി. ഏലമ്മയുടെ പശു തൊഴുത്തിൽ നിന്നാണ് നാട്ടിലും ഏറ്റുമാനൂരിലെ വിവിധ ഹോട്ടലുകളിലും ശുദ്ധമായ പശുവിൻ പാൽ എത്തിയിരുന്നത്. മക്കളും കൊച്ചുമക്കളും ഏലമ്മ ചേടത്തിയുടെ കാർഷിക ജീവിതം തുടരുകയാണ്. മക്കൾ: ആലി, രാജു , മാത്തച്ചൻ (സിപിഐ മാടപ്പാട് ബ്രാഞ്ച് കമ്മറ്റി അംഗം). സംസ്കാരം നടത്തി.
-
ബംഗളൂരൂ: ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ബംഗളൂരുവിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോഴയിരുന്നു അപകടം.തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്, തെലുങ്കു , ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2015 ൽ "നാൻ അവനല്ല അവളു' എന്ന സിനിമയിൽ ട്രാൻസ്ജെൻഡർ ആയുള്ള അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാർഡ് വിജയ്ക്ക് ലഭിച്ചത്.
-
അതിരമ്പുഴ: ഉപ്പുപുരയ്ക്കല്‍ ശ്രീലക്ഷ്മി വീട്ടിൽ ആർട്ടിസ്റ്റ് എം വേലുക്കുട്ടൻ നായരുടെ (റിട്ടയേർഡ് അധ്യാപകൻ ) ഭാര്യ പി ജെ ജോതിഷ്മതി അമ്മ (78) അന്തരിച്ചു. പാലാ ഇടക്കോലി പല്ലാട്ട് കുടുംബാംഗമാണ്. മക്കൾ: പി വി ഹരികുമാർ ( നൈസ് കെമിക്കൽസ് എറണാകുളം), പി വി അനിൽകുമാർ. മരുമകൾ: ആശ ജി (ഹെഡ് ക്ലാർക്ക് ചങ്ങനാശ്ശേരി കോടതി). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
-
ഏറ്റുമാനൂര്‍: ബിഎസ്എന്‍എല്‍ മുന്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ കിടങ്ങൂര്‍ ചൈത്രത്തില്‍ സോമശേഖരന്‍ നായര്‍ (73) അന്തരിച്ചു. ചേര്‍ത്തല തണ്ണീര്‍മുക്കം തൈക്കൂട്ടത്തില്‍ കുംടുംബാംഗമാണ്. ഭാര്യ: കിടങ്ങൂര്‍ കൊട്ടാരത്തില്‍ കുടുംബാംഗം സീതാദേവി (റിട്ട ഡിവിഷണല്‍ എഞ്ചിനീയര്‍, ബിഎസ്എന്‍എല്‍), മക്കള്‍: ശ്യാം (സിംഗപൂര്‍), ഇന്ദു (അമേരിക്ക), മരുമക്കള്‍: ഡോ.ദീപ (സിംഗപൂര്‍), സജീഷ് (ഒമാന്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കിടങ്ങൂരിലെ വീട്ടുവളപ്പില്‍.
-
ചണ്ഡിഖഡ്: ഹരിയാന മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന കമല വര്‍മ(93) അന്തരിച്ചു. കോവിഡ് മുക്തയായ ശേഷം ബ്ളാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. കമല വര്‍മയുടെ മരണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഖേദം രേഖപ്പെടുത്തി.
-
പേരൂർ: കോട്ടയം പേരൂര്‍ തേവിടുമാലിയിൽ രാധാകൃഷ്ണൻനായർ (55) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവായി ഏറ്റുമാനൂരിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ കഴിയവെ രോഗം മൂര്‍ശ്ചിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പരേതനായ രാജപ്പന്‍നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: രമാദേവി (പാമ്പാടി), മക്കള്‍: അമല്‍, ആതിര, മരുമകന്‍: അമല്‍ മധു, സഹോദരങ്ങള്‍: കോമളവല്ലി (ചെന്നൈ), ഉണ്ണികൃഷ്ണന്‍ (ഹൈദരാബാദ്). സംസ്കാരം നടത്തി.
-
ഏറ്റുമാനൂര്‍: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിക്കാന്‍ വൈദികനും ശുശ്രൂഷനും പിപിഈ കിറ്റുമണിഞ്ഞെത്തി. വെട്ടിമുകള്‍ മണ്ണോത്തുകാലായില്‍ പരേതനായ ഔസേപ്പിന്‍റെ ഭാര്യ ഏലിക്കുട്ടി(71)യുടെ മൃതദേഹമാണ് വെട്ടിമുകള്‍ സെന്‍റ് പോള്‍സ് പള്ളി സെമിത്തേരിയില്‍ ഫാ.ബോബി ക്രിസ്റ്റഫര്‍, ശുശ്രൂഷി അജന്‍ ബ്രൈറ്റ് എന്നിവരുടെ നേതൃത്വത്തില്‍ സംസ്കരിച്ചത്.
പതിനേഴ് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഏലിക്കുട്ടി. അര്‍ബുദരോഗിയായിരുന്ന ഇവരുടെ മരണത്തിന് കൊവിഡ് കാരണമായി മാറുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും ഏറ്റുമാനൂര്‍ നഗരസഭാ അംഗം വിഷ്ണു മോഹന്‍റെ നേതൃത്വത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ സ്വീകരിച്ച മൃതദേഹം നേരെ പള്ളിയില്‍ എത്തിക്കുകയായിരുന്നു. പത്താം വാര്‍ഡ് അംഗം സുനിത ബിനീഷ്, മുന്‍ കൌണ്‍സിലര്‍ എന്‍.വി.ബിനീഷ് എന്നിവരും സ്ഥലത്തെത്തി. മക്കള്‍: മിനിക്കുട്ടി, അജി. സജി, മരുമക്കള്‍: സുനില്‍, ഷാജി.
-
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) നേതാവും, കോട്ടയം മാത്യു & സൺസ് ചിട്ടി ഫണ്ട് ഉടമയുമായ ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ ഷാജന്‍ കട്ടച്ചിറ (58) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി തെള്ളകത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഷാജന്‍ കോട്ടയത്തെ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച.
-
പാലക്കാട്: ആനിക്കോട് ആലിന്‍ചുവട് പാലപ്പൊറ്റ വീട്ടില്‍ പരേതനായ പവിത്രന്‍റെ മകന്‍ അജിത്കുമാര്‍ (52) അന്തരിച്ചു. ഭാര്യ: ശശികല, മക്കള്‍: അഖില, അമൃത, സഹോദരങ്ങള്‍: വിദ്യാധരന്‍, രാധാകൃഷ്ണന്‍, രേണുകാദേവി, ഗിരിജ, സജിത, ഉഷാകുമാരി, സുദര്‍മ്മ. സംസ്കാരം നടത്തി.
-
തൃശൂർ: പ്രമുഖ വേദപണ്ഡിതനും ജ്യോതിർഗണിതാചാര്യനുമായ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് അന്തരിച്ചു. 67 വയസായിരുന്നു. അസുഖബാധിതനായ അദ്ദേഹം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ഗുരുവായൂരും ചോറ്റാനിക്കരയിലുമുൾപ്പെടെ പ്രമുഖ ക്ഷേത്രങ്ങളിൽ അഷ്ടമംഗല പ്രശ്നം വെച്ച് നിർണായക തീരുമാനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
2006 ല്‍ സോമയാഗവും 2012 ല്‍ അതിരാത്രവും നടത്തി വൈദികജ്ഞാനം പകർന്ന ജ്യോതിഷപണ്‌ഡിതനാണ്. 112 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പകഴിയം സമ്പ്രദായത്തില്‍ നടത്തിയ അതിരാത്ര മഹായാഗം കൈമുക്ക് മനയിലായിരുന്നു. രാമൻ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ഇത്. വേദം, സംസ്കൃതം ,ജ്യോതിഷം എന്നീ മേഖലകളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാടിന്.
-
അരിയന്നൂര്‍ : തൃശൂര്‍ അരിയന്നൂര്‍ കാണംകോട്ട് രാമകൃഷ്ണന്‍ (87) അന്തരിച്ചു. ഭാര്യ: തങ്കമണി, മക്കള്‍: സുഭാഷിണി, ഉണ്ണികൃഷ്ണന്‍ (അലൈഡ് ബിസിനസ് കമ്മ്യൂണിക്കേഷന്‍, ഗുരുവായൂര്‍), ജയശ്രീ. മരുമക്കള്‍: സുബ്രഹ്മണ്യന്‍, അമ്പിളി (അധ്യാപിക, ഗവ: യു. പി. സ്‌കൂള്‍ ചൂണ്ടല്‍), പരേതനായ സദാനന്ദന്‍. സംസ്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പില്‍.
-
പാലക്കാട്: വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു (54) കൊവിഡ് ബാധിച്ച് മരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേഗമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി. ഇന്നലെ രാത്രി ശ്വാസതടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം പാലക്കാട് നടത്തും.
-
അതിരമ്പുഴ: അതിരമ്പുഴ മറ്റത്തില്‍ മർഹും കനി റാവുത്തറിന്‍റെ മകനും ഏറ്റുമാനൂര്‍-അതിരമ്പുഴ മുസ്ലിം ജമാ അത്ത് കൗൺസിലറും സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗവുമായ അജാസ് ഖാൻ (57) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് അംഗം ബേബിനാസ് അജാസ്. മക്കള്‍: അലിസ്നാ ബേബിഖാന്‍ (നഴ്സ്, സ്റ്റാര്‍കെയര്‍ ആശുപത്രി, കോഴിക്കോട്), മാഹിന്‍ അബുബക്കര്‍ (എംഇഎസ് എഞ്ചിനീയറിംഗ് കോളേജ്, മലപ്പുറം). ഖബറടക്കം നടന്നു.
-
ഏറ്റുമാനൂര്‍: കാണക്കാരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കാണക്കാരി പാലവേലില്‍ ചെറിയാന്‍റെ മകനുമായ ബിനോയ് ചെറിയാന്‍ (44) അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസത്തിലേറെയായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും അനുബന്ധരോഗങ്ങളാല്‍ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ആശുപത്രിയില്‍ തുടരവെ ഇന്ന് രാവിലെ 9.30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. നിലവില്‍ കാണക്കാരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍നിന്നുള്ള അംഗമാണ്. എട്ടാം വാര്‍ഡില്‍നിന്നും ജയിച്ചാണ് മുന്‍ഭരണസമിതിയില്‍ പ്രസിഡന്‍റ് ആയത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ആയിരുന്നു. ഭാര്യ: ഷീനാ ബിനോയ് (നഴ്സ്, മാതാ ഹോസ്പിറ്റല്‍, തെള്ളകം), മക്കള്‍: അലീറ്റ മരിയ (എസ്എഫ്എസ് സ്കൂള്‍ വിദ്യാര്‍ഥിനി), ആന്‍റണി. സംസ്കാരം നാളെ 12ന് പട്ടിത്താനം രത്നഗിരി സെന്‍റ് തോമസ് പള്ളിയില്‍.
-
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്‍റും 'മാധ്യമം' തിരുവനന്തപുരം യൂനിറ്റ് ന്യൂസ് എഡിറ്ററുമായ കോട്ടയം കടുത്തുരുത്തി വാലാച്ചിറ കണ്ണംപുഞ്ചയില്‍ കെ.പി. റെജിയുടെ ഭാര്യ ആശ ശിവരാമൻ (41) അന്തരിച്ചു. കോവിഡ് ബാധിച്ചു അടൂരിലെ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു. റാന്നി മക്കപ്പുഴ അപ്സരയിൽ റിട്ട. എ.ഇ.ഒ സി.കെ. ശിവരാമന്‍റെയും റിട്ട. അധ്യാപിക പി. ശ്രീദേവിയുടെയും മകളാണ്.
പെരിന്തൽമണ്ണ അൽ ഷിഫ, കോഴിക്കോട് ജെ.ഡി.ടി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളേജുകളിലും കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലും അസോസിയേറ്റ് പ്രഫസർ ആയിരുന്നു. മഹാത്മഗാന്ധി സർവകലാശാലയിൽനിന്ന് റീഹാബിലിറ്റേഷൻ നഴ്സിങിൽ പി.എച്ച്ഡി നേടിയിട്ടുണ്ട്. കഴക്കൂട്ടം സൈനിക് സ്കൂൾ വിദ്യാർഥി ദേവനന്ദൻ മകനാണ്. സഹോദരങ്ങൾ: ഹരികൃഷ്ണൻ (കൊണ്ടിനെന്‍റൽ ബംഗളൂരു), അഭ (ഒറക്കിൾ, ബംഗളൂരു).
-
നാഗ്പൂർ: മുതിർന്ന സംഗീത സംവിധയകാൻ റാം ലക്ഷ്മൺ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശനിയാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. ആറ് ദിവസം മുമ്പ് അദ്ദേഹം കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചിരുന്നു. വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ ക്ഷീണം അനുഭവപ്പെട്ട അദ്ദേഹം ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു.
ഹം ആപ്കെ ഹെ കോന്‍, മേംനെ പ്യാര്‍ കിയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. വിജയ് പാട്ടീൽ എന്നാണ് യഥാർത്ഥ പേര്. 150 ലേറെ ചിത്രങ്ങളിൽ റാം ലക്ഷ്മൺ ഭാഗമായിട്ടുണ്ട്. നാല് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനുടമയാണ് അദ്ദേഹം. തരാന, പത്ഥര്‍ കെ ഫൂല്‍, അന്‍മോല്‍, ഹം സാത് സാത് ഹെ തുടങ്ങിയ ചിത്രങ്ങളിലൂടെ ആസ്വാദക ഹൃദയത്തിൽ തന്റേതായ ഒരു ഇരിപ്പിടം അദ്ദേഹം നേടിയിരുന്നു.
റാം ലക്ഷ്മണൻറെ വിയോഗവാര്‍ത്ത ഏറെ വേദനയോടെയാണ് കേള്‍ക്കുന്നതെന്നും ഞാനറിഞ്ഞ ഏറ്റവും നല്ല മനുഷ്യരിലൊരാളായിരുന്നു. ഒന്നിച്ച് അദ്ദേഹത്തോടൊപ്പം ജനപ്രിയമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന ഗായിക ലത മങ്കേഷ്കര്‍ അനുശോചന സന്ദേശത്തിൽ കുറിച്ചു.
-
ഏറ്റുമാനൂര്‍: മുതിരക്കാലായില്‍ വേണുഗോപാൽ എം എം (പുകലക്കട ബാബു - 63) അന്തരിച്ചു. ഭാര്യ: വേളൂര്‍ പുല്ലാപ്പള്ളില്‍ കുടുംബാംഗം രേണു വേണുഗോപാല്‍, മക്കള്‍: അഖില്‍ബാബു, അമല്‍ബാബു (ഇരുവരും ബിസിനസ്), മരുമകള്‍: നന്ദന (ഗോപാലനിലയം, ചിങ്ങവനം). സഹോദരങ്ങള്‍: ചന്ദ്രകാന്തന്‍ (പുകലക്കട, ഏറ്റുമാനൂര്‍), വസന്തകുമാര്‍ (കാര്‍ പ്ലാസ, കോട്ടയം), അജയകുമാര്‍ (ഷയര്‍ ഹോംസ്, കോട്ടയം), സന്തോഷ്കുമാര്‍ (അയര്‍ലന്‍ഡ്). സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പില്‍.
-
അമൃത്‌സർ: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് അമൃത്‌സറിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 99 വയസായിരുന്നു. 2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്നു ആർ.എൽ ഭാട്ടിയ. പിന്നീട് ബിഹാർ ഗവർണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതൽ ആറുതവണ കോൺഗ്രസ് പ്രതിനിധിയായി അമൃത്‌സറിൽ നിന്ന് ലോക്‌സഭയിലെത്തി.
-
കോഴിക്കോട്: ക്യാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആർ ആശുപത്രിയിൽ ക്യാൻസർ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശരീരത്തിന്റെ ഓരോ അവയവങ്ങളും ക്യാൻസർ പിടിമുറുക്കിയ നന്ദു അതിജീവനത്തിന്റെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമായിരുന്നു. 'അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്.
-
ആലുവ: രണ്ടാഴ്ച്ചക്കിടെ ജ്യേഷ്ഠന് പിന്നാലെ അനുജനും കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ കിഴക്കേ കടുങ്ങല്ലൂർ നരസിംഹ നഗറിൽ മൂത്തേടത്ത് വീട്ടിൽ രഞ്ജിത്ത് (43) ആണ് ഇന്നലെ പുലർച്ചെ ആലുവ ജില്ലാ ആശുപത്രിയിൽ മരിച്ചത്.
രാഷ്ട്രദീപിക പത്രത്തിന്റെ സർക്കുലേഷൻ വിഭാഗം ജീവനക്കാരനായിരുന്ന ജ്യേഷ്ഠൻ കെ.പി. രാജീവ് (45) കൊവിഡ് ചികിത്സയ്ക്കിടെ കഴിഞ്ഞ 30നാണ് മരണപ്പെട്ടത്. ആ സമയത്ത് കോവിഡ് ബാധിതനായി ആശുപത്രിയിലായതിനാൽ രഞ്ജിത്തിന് ജ്യേഷ്ഠന് അന്തിമോപചാരം അർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.രാജീവിന്റെ ഭാര്യയും മകനും രാജീവിന്റെ ജേഷ്ഠസഹോദരനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും അവരെല്ലാം ഇതിനകം നെഗറ്റീവായി. രഞ്ജിത്ത് ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. പരേതരായ രാജശേഖരന്റെയും വത്സലയുടെയും മകനാണ് മരിച്ച രഞ്ജിത്ത്. രാജീവിന് പുറമെ അജയൻ മറ്റൊരു സഹോദരനാണ്.
-
ചിറയിൻകീഴ്: ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം.ഓ.ഷിബു (ഷിബു മോഹൻ - 46) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെ 12.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങൾ കാരണം മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടിയാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. വെന്‍റിലേറ്റർ സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു, ഭാര്യ സുനിത (ആറ്റിങ്ങൽ ബീവറേജ്‌സ് ), രണ്ട് ആൺമക്കൾ (വിദ്യാർത്ഥികൾ )
-
കൊച്ചി : മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പി സി ജോർജ് (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചാണക്യന്‍, അഥര്‍വ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കെ.ജി ജോര്‍ജ്, ജോഷി തുടങ്ങി നിരവധി പ്രമുഖരായ സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ അദ്ദേഹത്തിന്റെ പ്രായിക്കര അപ്പ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.
പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹത്തിന് പോലീസ് ജോലി ലഭിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ജോലി ചെയ്യുന്നതിനോടൊപ്പം നാടകരംഗത്തും സജീവമായി. നാടകരംഗത്തുനിന്നുമായിരുന്നു പിസി ജോര്‍ജ് സിനിമയിലേക്ക് എത്തിയത്. മകന്‍റെ താല്‍പര്യം പോത്സാഹിപ്പിച്ച് കൂടെ നില്‍ക്കുകയായിരുന്നു മാതാപിതാക്കള്‍. കലാരംഗത്ത് മാത്രമല്ല കായികരംഗത്തും തിളങ്ങിയിരുന്നു അദ്ദേഹം. പൂര്‍ണ്ണമായും സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥ വന്നപ്പോള്‍ ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയായിരുന്നു അദ്ദേഹം. ആലുവ കൂട്ടക്കൊലക്കേസ് അന്വേഷണ സംഘത്തില്‍ ജോര്‍ജുമുണ്ടായിരുന്നു.
പി സുബ്രഹ്‌മണ്യത്തിന്‍റെ സ്റ്റുഡിയോ കാണാനായി പോയപ്പോഴായിരുന്നു ജോര്‍ജിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. അംബ അംബിക അംബാലികയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മികച്ച കഥാപാത്രങ്ങള്‍ ജോര്‍ജിനെ തേടിയെത്തി. പോലീസുകാരനായും വില്ലനായുമെല്ലാം തിളങ്ങിയിരുന്ന ജോര്‍ജ് ശാരീരിക അവശതകളെ തുടര്‍ന്ന് നിലവില്‍ കലാരംഗത്ത് സജീവമായിരുന്നില്ല.
-
ഏറ്റുമാനൂര്‍: സിപിഐ (എം) മംഗരകലുങ്ക് ബ്രാഞ്ച് സെക്രട്ടറി ഏറ്റുമാനൂര്‍ കിഴക്കേനട കിഴക്കേകൊച്ചുപുരയ്ക്കല്‍ എസ്.ഉണ്ണികൃഷ്ണന്‍ (60) അന്തരിച്ചു. കോവിഡ് ബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പരേതനായ രാമന്‍നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: കേരളാ കര്‍ഷകസംഘം സംസ്ഥാന സമിതിഅംഗവും സിപിഐ (എം) ഏരിയാ കമ്മറ്റി അംഗവും ഏറ്റുമാനൂര്‍ കാര്‍ഷികവികസനസമിതി അംഗവുമായ ഗീതാ ഉണ്ണികൃഷ്ണന്‍ (കുമാരനല്ലൂര്‍ ഉമ്പുകാട്ട് കുടുംബാംഗം). മക്കള്‍ ഡോ.അശ്വതി (ജനറല്‍ ആശുപത്രി, കോട്ടയം), അരവിന്ദ് കൃഷ്ണന്‍ (എല്‍എല്‍ബി വിദ്യാര്‍ത്ഥി, ഉഡുപ്പി). സംസ്കാരം ഇന്ന് രാവിലെ 11ന് ഏറ്റുമാനൂര്‍ എന്‍എസ്എസ് ശ്മശാനത്തില്‍.
-
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് നഴ്‌സിംഗ് അസിസ്റ്റന്റ് മരിച്ചു. ചിറയിൻകീഴ് ആശുപത്രി ജീവനക്കാരിയായ ലൈലയാണ് മരിച്ചത്. കടയ്ക്കാവൂര്‍ സ്വദേശിനിയാണ്. കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയവെയാണ് മരണം.
-
പാലാ : രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപകനും കോണ്‍ഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്‍റും എന്‍സിപി ജില്ലാ പ്രസിഡന്‍റുമായിരുന്ന രാമപുരം ജയാനിവാസില്‍ വി.കെ. കുമാരകൈമള്‍ (വള്ളിച്ചിറ കുമാര്‍ - 85) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം പാലായിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 8.30 മണിയോടെ ആയിരുന്നു അന്ത്യം. 1954 മുതല്‍ ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഈ മാതൃകാ അധ്യാപകന്‍ സാമൂഹിക - സാംസ്കാരികമേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ അംഗം, ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ട് അംഗം, സംസ്ഥാന വിദ്യാഭ്യാസ ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ദീര്‍ഘകാലം കരൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.മികച്ച ലൈബ്രറി പ്രവര്‍ത്തകനുള്ള കേരള സാഹിത്യ അക്കാഡമി അവാര്‍ഡും പ്രൊഫ. രമേശ് ചന്ദ്രന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ താളിയോലരേഖാ മ്യൂസിയം തയ്യാറാക്കുന്നതിനുള്ള സാങ്കേതിക ഉപദേശകസമിതി അംഗമായി കഴിഞ്ഞ ഏപ്രിലില്‍ നിയോഗിച്ചിരുന്നു. ലേബര്‍ ഇന്ത്യ പ്രസിദ്ധീകരണങ്ങളുടെ കണ്‍സള്‍ട്ടന്‍റ് എഡിറ്ററായിരുന്നു. അരനൂറ്റാണ്ട് മുമ്പ് വള്ളിച്ചിറ കുമാര്‍ എന്ന പേരില്‍ കഥാപ്രസംഗരംഗത്തും സജീവമായിരുന്നു. യൂത്ത്ഫെസ്റ്റിവല്‍, സംഖ്യാശബ്ദസൗന്ദര്യം, മൊഴിമുത്തുകളുടെ തേന്‍മഴ തുടങ്ങി പത്തോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
പാലാ വള്ളിച്ചിറ വള്ളിയില്‍ നാരായണന്‍ നമ്പൂതിരിയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: രാമപുരം ത്രായപ്പള്ളില്‍ കുടുംബാംഗം കെ.ഭവാനിയമ്മ (റിട്ട ഹെഡ്മിസ്ട്രസ്, രാമപുരത്തുവാര്യര്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍, രാമപുരം), മക്കള്‍: വി.കെ.ജയശ്രീ (റിട്ട ജോയിന്‍റ് രജിസ്ട്രാര്‍, സഹകരണവകുപ്പ്), വി.കെ.രാജീവ് (സെക്രട്ടറി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്, ഇടുക്കി), മരുമക്കള്‍: ഗോപകുമാര്‍, മഠത്തിക്കുഴിയില്‍, പേരൂര്‍ (റിട്ട സ്റ്റേഷന്‍ എഞ്ചിനീയര്‍, ദൂരദര്‍ശന്‍, തിരുവനന്തപുരം), ഗീതാകുമാരി (ലക്ചറര്‍, ടിടിവിഎച്ച്എസ്, മൂവാറ്റുപുഴ). സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍.
-
കൊല്ലം: പുനലൂരിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്‌കാര ചടങ്ങിന് സഹായം നൽകി വീട്ടിൽ മടങ്ങിയെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പൽ സ്വദേശി അനിൽ ഭാസ്‌കർ (40) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് മരണപ്പെട്ട ഇളമ്പൽ മരങ്ങാട് സ്വദേശിയുടെ സംസ്‌കാരത്തിന് നേതൃത്വം കൊടുത്തതിനു ശേഷം വീട്ടിലെത്തിയപ്പോഴാണ് അനിൽ കുഴഞ്ഞു വീണത്.ഡിവൈഎഫ്ഐ ഇളമ്പൽ മേഖലാ വൈസ് പ്രസിഡണ്ട് കൂടിയാണ് അനിൽ. ദിവസങ്ങളായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു അനിൽ. ഭാര്യ : മോനിഷ, മകൻ : അമൽ (7 വയസ്). അച്ഛൻ: ഭാർഗ്ഗവൻ, അമ്മ: ചെല്ലമ്മ.
-
തൃശൂര്‍: നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ കോവിഡ് ബാധിച്ച് മരിച്ചു. 81 വയസായിരുന്നു. തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് സുഖമില്ലാതിരിക്കുകയായിരുന്നു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
1941ല്‍, തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ യ്ക്ക് 2000ല്‍ മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദേശാടനം. കരുണം, പരിണാമം, മകള്‍ക്ക് എന്നീ ചി്ത്രങ്ങളുടെ തിരക്കഥയും മാടമ്പിന്റെതായിരുന്നു.
ആറാം തമ്പുരാന്‍, പൈതൃകം, അഗ്നിസാക്ഷി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം ,ആര്യാവര്‍ത്തംസ അമൃതസ്യ പുത്രഃ എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍.
-
ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവും ആദ്യ വനിതാ മന്ത്രിയുമായ കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് കേരളത്തിന്റെ വിപ്ലനായിക, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ചേർത്തല പട്ടണക്കാട് അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ എ രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നായിരുന്നു ഗൗരിയമ്മ ജനിച്ചത്. തിരൂർ, ചേർത്തല എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1953 ലും 1954 ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്‌ത സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ്. ആരേയും കൂസാത്ത നിർഭയയായ വ്യക്തിത്വത്തിനുടമ എന്നാണ് കേരള രാഷ്ട്രീയത്തിൽ ഗൗരിയമ്മയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
1957, 1967, 1980, 1987 കാലത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു. ചേർത്തലയിൽ നിന്നും അരൂരിൽ നിന്നുമാണ് ഗൗരിയമ്മ നിയമസഭയിലെത്തിയത്. 1957 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മന്ത്രിസഭയിലെ സഹ അംഗവുമായ ടി വി തോമസിനെ വിവാഹം കഴിക്കുന്നത്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളന്നപ്പോൾ കെ ആർ ഗൗരിയമ്മ സിപിഎമ്മിലും ടി വി തോമസ് സിപിഐയിലും ചേർന്നു. 1987ൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാർട്ടിയിലെ വലിയൊരു വിഭാഗം ഗൗരിയമ്മയെ ഉയർത്തിക്കാട്ടിയിരുന്നു. 'കേരളംതിങ്ങും കേരളനാട്ടിൽ കെ ആർ ഗൗരി ഭരിക്കട്ടെ' എന്ന മുദ്രാവാക്യം പോലും മുഴങ്ങിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം കിട്ടിയപ്പോൾ ഗൗരിയമ്മ തഴയപ്പെട്ടു. ഇ കെ നായനാർ മുഖ്യമന്ത്രിയായി.
പിന്നീട് 1994ൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ സിപിഎമ്മില്‍ നിന്നും കെ ആർ ഗൗരിയമ്മയെ പുറത്താക്കി. ഇതേ തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല കെ ആർ ഗൗരിയമ്മ വഹിക്കുകയും ചെയ്‌തു. റവന്യൂ, വ്യവസായം, എക്സൈസ്, കൃഷി, സാമൂഹ്യക്ഷേമ വകുപ്പുകൾ പലപ്പോഴായി കൈകാര്യം ചെയ്തു. പിന്നീട് 2016ഓടെ ജെഎസ്എസ് എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചു. പിന്നീട് ഇടതുമുന്നണി നേതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു ഗൗരിയമ്മ.
കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയായാണ് ഗൗരിയമ്മയെ വിശേഷിപ്പിക്കപ്പെടുന്നത്. പതിനൊന്നാം കേരള നിയമസഭയിലെ (2001-2006) ഏറ്റവും പ്രായം കൂടിയ നേതാവ് കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റെക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം (85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും റെക്കോർഡുകൾ ഗൗരിയമ്മയുടെ പേരിലുണ്ട്. കെ ആർ ഗൗരിയമ്മയുടെ ആത്മകഥ 2010 ൽ 'ആത്മകഥ-കെ.ആർ. ഗൗരിയമ്മ' എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.