-
തിരുവനന്തപുരം: മുതിര്ന്ന മാധ്യമ പ്രവര്ത്തകന് സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു. രാവിലെ 11.30ഓടെ തിരുവനന്തപുരം കോസ്മോപൊളിറ്റന് ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പ്രസ്ക്ലബ് ജേണലിസം ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്. തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര് ആയിരുന്നു. കേരള പത്രപ്രവര്ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്ത്തിച്ചു. മലയാള മനോരമയില് മൂന്നു പതിറ്റാണ്ടിലേറെ പത്രപ്രവര്ത്തകനായിരുന്ന അദ്ദേഹം അസിസ്റ്റന്റ് എഡിറ്റര് ആയിരിക്കെ 2020ല് ആണ് വിരമിച്ചത്. ഭാര്യ: കൊച്ചുറാണി ജോര്ജ്. മക്കള്: അമ്മു ജോര്ജ് (അയര്ലന്ഡ്), തോമസ് ജോര്ജ്.
-
തൃശ്ശൂര്: മുന് ഫുട്ബോള് താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. ഫുട്ബോള് കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യന് ഫുട്ബോള് ചരിത്രത്തില് സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്.ചാത്തുണ്ണിയുടെ പരിശീലനത്തില് ഇന്ത്യന് ഫുട്ബോളിന്റെ മുന്നിരപ്പടയാളികളായി മാറിയവര് ഏറെ. ഐ.എം. വിജയന് മുതല് ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെയുണ്ട് അക്കൂട്ടത്തില്. പട്ടാള ടീമായ ഇ.എം.ഇ. സെക്കന്ദരാബാദ്, വാസ്കോ ഗോവ, ഓര്ക്കേ മില്സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില് സര്വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ചാത്തുണ്ണിക്കുള്ളത്. കേരള പൊലീസ് ടീമിലൂടെ സംസ്ഥാനത്തേക്ക് ആദ്യമായി ഫെഡറേഷന് കപ്പ് കിരീടം എത്തിച്ചത് ടി.കെ. ചാത്തുണ്ണിയാണ്. കേരള പൊലീസിനെ രാജ്യത്തെ ഒന്നാം കിട ടീമാക്കി വളര്ത്തിയ ചാത്തുണ്ണിയെ പിന്നീട് കൊല്ക്കത്തയിലെയും ഗോവയിലെയും വമ്പന് കബ്ബുകള് റാഞ്ചുകയായിരുന്നു. എഫ്സി കൊച്ചിനെ പരിശീലിപ്പിക്കാന് കേരളത്തിലേക്ക് മടങ്ങിയെത്തിയ ചാത്തുണ്ണി ടീമിനെ ഇന്ത്യയുടെ ഒന്നാംകിട ക്ലബ്ബുകളിലൊന്നാക്കി.പരിശീലകനായുള്ള ചാത്തുണ്ണിയുടെ ജീവിതവും വേറിട്ടതായിരുന്നു. 1990-ല് എം.ആര്.എഫ് ഗോവ, ചര്ച്ചില് ഗോവ, കെ.എസ്.ഇ.ബി., സാല്ഗോക്കര്, മോഹന് ബഗാന്, എഫ്.സി. കൊച്ചിന്, വിവ കേരള, ഗോള്ഡന് ത്രഡ്സ്, ജോസ്കോ എഫ്.സി, വിവ ചെന്നൈ ഉള്പ്പെടെ രാജ്യത്തെ പ്രധാന ഫുട്ബോള് ശക്തികളായ നാല് സംസ്ഥാനങ്ങളിലെ പല ക്ലബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.1979-ല് കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി. മോഹന് ബഗാന്, ചര്ച്ചില് ബ്രദേഴ്സ്, സാല്ഗോക്കര്, എഫ്സി. കൊച്ചിന് എന്നിങ്ങനെ നിരവധി പ്രൊഫഷണല് ക്ലബ്ബുകളേയും പരിശീലിപ്പിച്ചു 'ഫുട്ബോള് മൈ സോള്' എന്ന പേരില് അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്.
-
ബെംഗ്ലൂരു: പത്മശ്രീ ജേതാവായ സരോദ് വിദ്വാന് പണ്ഡിറ്റ് രാജീവ് താരാനാഥ് അന്തരിച്ചു. 91 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന്റെ മരണത്തില് അനുശോചിച്ചു. പോക്കുവെയില് എന്ന ചിത്രത്തില് പശ്ചാത്തല സംഗീതം നിര്വഹിച്ചിരുന്നു.ലോകപ്രശസ്ത സംഗീതജ്ഞനും സരോദ് വിദ്വാനുമായ രാജീവ് താരാനാഥ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് മൈസൂരുവിലെ ആശുപത്രിയില് ചികിത്സയിലായിരുന്നു.. ഹിന്ദുസ്ഥാനി സംഗീതത്തിന് നിരവധി സംഭാവനകള് ചെയ്ത രാജീവ് താരാനാഥ് പത്മശ്രീ ഉള്പ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.. നിരവധി സിനിമകള്ക്കും സംഗീത സംവിധാനം ഒരുക്കിയിട്ടുള്ള രാജീവ് താരാനാഥ് മലയാളത്തില് കടവ് എന്ന സിനിമയ്ക്കും സംഗീതം ഒരുക്കിയിരുന്നു. നാളെ മൈസൂരിലെ സ്വവസതിയില് പൊതു ദര്ശനം ഉണ്ടാകും. സംസ്കാരം പിന്നീട് നടക്കും.
-
ഹൈദരാബാദ്: റാമോജി റാവും ഫിലിം സിറ്റി സ്ഥാപകനും ഈനാട് ഗ്രൂപ്പ് എംഡിയും റാമോജി റാവു (87) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് റാമോജി റാവു.നാലു ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. 2016 ൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് റാവു ജനിച്ചത്.റാമോജി റാവു ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അർബുദത്തെ അതിജീവിച്ചത്. ഈനാട് പത്രം, ഇടിവി നെ്വർക്ക്, രാമദേവി പബ്ലിക് സ്കൂൾ, പ്രിയ ഫുഡ്സ്, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷൻ, മാർഗദർസി ചിറ്റ് ഫണ്ട്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയായിരുന്നു. ഏറെക്കാലം ആന്ധ്ര രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.
-
വടക്കാഞ്ചേരി: സിപിഎമ്മിന്റെ മുതിർന്ന നേതാവും കർഷക തൊഴിലാളി സമര നേതാവുമായിരുന്ന കെഎസ് ശങ്കരൻ അന്തരിച്ചു. 89 വയസായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ നെഞ്ച് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. വർധക്യസഹജമായ അസുഖത്തെ തുടർന്ന് പറവൂരുള്ള മകൾ ലോഷിനയുടെ വീട്ടിൽ ആയിരുന്നു അവസാന നാളുകളിൽകർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന കമ്മിയംഗം, ജില്ലാ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി ,തൃശൂർ ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. വേലൂർ പഞ്ചായത്ത് മെമ്പറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിരവധി ജനകീയ, വിപ്ലവ സമരങ്ങൾക്ക് നേതൃത്വം' നൽകിയിട്ടുണ്ട്.ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ വേലൂരിലെ ' വസതിയിലും തുടർന്ന് രണ്ടര വരെ സി.പി.എമ്മിന്റെ വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിലും പൊതു ദർശനത്തിന് വെയ്ക്കും. തുടർന്ന് തിരുവില്ലാമല ഐവർ മഠത്തിൽ സംസ്ക്കാരം നടക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന കെ.വി.പുഷ്പയാണ് ഭാര്യ.
-
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശാഭിമാനി പുരസ്കാരം അടക്കം നിരവധി ബഹുമതികൾ നേടിയ, രാജ്യമറിയുന്ന മാധ്യമപ്രവര്ത്തകരിൽ ഒരാളായിരുന്നു അദ്ദേഹം.മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ബി ആർ പി ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ഏ കെ ഭാസ്കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മീനാക്ഷി ഭാസ്കർ ആണ് മാതാവ്. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കിയ ബി ആർ പി ഭാസ്കർ 'ചരിത്രം നഷ്ടപ്പെട്ടവർ', 'ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ:രമ ബി.ഭാസ്കർ. മകൾ ബിന്ദു ഭാസ്കർ ബാലാജി.
-
കോഴിക്കോട്: ചലച്ചിത്ര പ്രവര്ത്തകന്, എഴുത്തുകാരന്, ഫിലിം സൊസൈറ്റി പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര് വേണു (80) അന്തരിച്ചു. കേരളത്തിലെ സമാന്തര ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ചെലവൂര് വേണു. ലോക സിനിമയെ മലയാളികള്ക്ക് മുന്നില് പരിചയപ്പെടുത്തിയ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പ്രവര്ത്തനങ്ങളിലൂടെയാണ് ചെലവൂര് വേണു സാംസ്കാരിക രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്.എട്ടാം ക്ലാസ്സില് പഠിക്കുമ്പോള് ചന്ദ്രിക വാരികയില് 'ഉമ്മ' എന്ന സിനിമയ്ക്ക് നിരൂപണമെഴുതിയാണ് തുടക്കം. പില്ക്കാലത്ത് കേരളത്തിലെ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകരില് ഒരാളായി മാറി. 1971 മുതല് കോഴിക്കോട്ടെ 'അശ്വിനി ഫിലിം സൊസൈറ്റി'യുടെ ജനറല് സെക്രട്ടറിയാണ്. കേരളത്തിലുടനീളമുള്ള ഫിലിം സൊസൈറ്റികള്ക്ക് ദിശാപരമായ നേതൃത്വം നല്കിയ വ്യക്തി കൂടിയായിരുന്നു ചെലവൂര് വേണു. സൈക്കോ എന്ന പേരില് കോഴിക്കോട് കേന്ദ്രീകരിച്ച് ഇറങ്ങിയ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര് ആയിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള് എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്. സംവിധായകന് ജോണ് എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന് പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ് എന്ന ചിത്രത്തില് അഭിനയിച്ചിട്ടുണ്ട്.ചെലവൂര് വേണുവിന്റെ ചലച്ചിത്ര ജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന 'ചെലവൂര് വേണു ജീവിതം, കാലം' എന്ന ഡോക്യുമെന്ററി ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളവും ചലച്ചിത്ര അക്കാദമിയും സംയുക്തമായി നിര്മിച്ചിട്ടുണ്ട്. ജയന് മാങ്ങാട് ആണ് ഡോക്യുമെന്ററിയുടെ സംവിധാനം നിര്വഹിച്ചത്.
-
എറണാകുളം: സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന് അംഗം റിട്ട. ജില്ലാ സെഷന്സ് ജഡ്ജി ലിസമ്മ അഗസ്ററിന് (74) അന്തരിച്ചു. മുന് എംപി ഡോ. സെബാസ്റ്റ്യന് പോളിന്റെ ഭാര്യയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാന്സിസ് അസീസി കത്തീഡ്രല് സെമിത്തേരിയില് നടക്കും.1985ല് കാസര്കോട് മുന്സിഫായി ജുഡീഷ്യല് സര്വീസില് പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടര് ആക്സിഡന്റ് ക്ളെയിംസ് ട്രിബ്യൂണല്, നിയമവകുപ്പില് ജോയിന്റ് സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. കാര്ഷികാദായ നികുതി- വില്പന നികുതി അപ്പലേറ്റ് ട്രിബ്യൂണലില് ചെയര്പഴ്സനും ചെന്നൈയിലെ കമ്പനി ലോ ബോര്ഡില് ജുഡീഷ്യല് അംഗവും ആയിരുന്നു.
-
പാലക്കാട് : സാഹസിക രക്ഷാപ്രവര്ത്തകന് പാലക്കാട് മണ്ണാർക്കാട് സ്വദേശി കരിമ്പ ഷമീര് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം .ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് സ്വയം വാഹനം ഓടിച്ച് ആശുപത്രിയില് എത്തുകയായിരുന്നു ഷമീര്.എന്നാല് പിന്നീട് മരണം സംഭവിച്ചു.ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യംപേടികൂടാതെ ഇറങ്ങി നിരവധി പേരെ രക്ഷിച്ച കരിമ്പ ഷമീര് കൂര്മ്ബാച്ചി മലയില് അകപ്പെട്ട ബാബുവിനെ രക്ഷിക്കുന്ന ദൗത്യസംഘത്തിലുമുണ്ടായിരുന്നു. ആരും ഇറങ്ങിച്ചെല്ലാന് ഭയക്കുന്ന ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും രക്ഷാ പ്രവര്ത്തനത്തിനായി ഓടിയെത്തുന്ന സാഹസികനായിരുന്നു കരിമ്പ ഷമീര്. ഡാമിലും പുഴയിലും പാറക്കെട്ടുകളിലും തുടങ്ങി ഭയമില്ലാതെ എവിടെയുമെത്തിയിരുന്ന ഷമീര് നിരവധി പേരുടെ ജീവന് രക്ഷിച്ചിട്ടുണ്ട്
-
കോട്ടയം: മുതിര്ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.മിമിക്രി രംഗത്ത് വര്ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന് സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്സ്, ഇലകള് പച്ച പൂക്കള് മഞ്ഞ, ചാക്കോ രണ്ടാമന്, ആനന്ദഭൈരവി, അണ്ണന്തമ്പി, കിംഗ് ലയര് എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.
-
ഗുവാഹത്തി: അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും മന്ത്രവാദത്തിനുമെതിരെ പടപൊരുതിയ അസമിലെ സാമൂഹിക പ്രവര്ത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ ബിരുബാല രാഭ (75) അന്തരിച്ചു. ഗുവാഹത്തി മെഡിക്കല് കോളജ് ആശുപത്രിയില് അര്ബുദ ചികിത്സയിലായിരുന്നു.അസമില് ദുര്മന്ത്രവാദ നിരോധന നിയമം നടപ്പാക്കുന്നതില് ബിരുബാല മുഖ്യ പങ്കുവഹിച്ചു. സമൂഹത്തില് നിലനില്ക്കുന്ന അന്ധവിശ്വാസങ്ങള്ക്കും സാമൂഹിക തിന്മകള്ക്കുമെതിരെ പോരാടാന് 2012ല് അവര് മിഷന് ബിരുബാല എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നല്കി. 2021ലാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്.1985ല് മാനസിക അസ്വാസ്ഥ്യമുള്ള മൂത്തമകന് ധര്മേശ്വരന് ടൈഫോയ്ഡ് പിടിപെടുകയും ഒരു മന്ത്രവാദിയുടെ അടുത്ത് ചികിത്സക്ക് കൊണ്ടു പോവുകയും ചെയ്തു. ഇതാണ് ബിരുബാലയുടെ ജീവത്തിലെ വഴിത്തിരിവാകുന്നത്. മകന് ഉടന് മരിക്കുമെന്നാണ് അയാള് പറഞ്ഞത്. എന്നാല് മകന് സുഖം പ്രാപിച്ചതോടെ സമൂഹത്തെ തളര്ത്തുന്ന ദുരാചാരങ്ങള്ക്കെതിരെ പോരാടാന് അവര് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഇതിനെതിരെ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി മിഷന് ബിരുബാല എന്ന സംഘടനക്ക് തുടക്കമാകുന്നത്.2005ല് സ്വിസര്ലന്ഡിലെ ദി സ്വിസ് പീസ് എന്ന സംഘടന സമാധാനത്തിനുള്ള നൊബേല് സമ്മാനത്തിന് ബിരുബാലയെ നാമനിര്ദേശം ചെയ്തിരുന്നു. ഗുവാഹത്തി സര്വകലാശാലയില് നിന്ന് ഓണററി ഡോക്ടേറ്റ് ലഭിച്ചിട്ടുണ്ട്. മൂന്ന് മക്കളുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ, കേന്ദ്രമന്ത്രി സര്ബാന്ദ സോനോവാള് തുടങ്ങിയവര് ബിരുബാലയുടെ നിര്യാണത്തില് അനുശോചിച്ചു.അസമിലെ ഗോള്പാറ ജില്ലയില് മേഘാലയ അതിര്ത്തിക്കടുത്തുള്ള താകുര്വിള ഗ്രാമത്തില് 1954ലാണ് രാഭ ജനിച്ചത്. ആറ് വയസുള്ളപ്പോള് അച്ഛന് മരിച്ചു. അതോടെ പഠനം അവസാനിക്കുകയും അമ്മയെ സഹായിക്കാനും നിര്ബന്ധിതയായി. മൂന്ന് കുട്ടികളുള്ള കര്ഷകനെ വിവാഹം കഴിക്കുമ്പോള് രാഭയ്ക്ക് വയസ് പതിനഞ്ചായിരുന്നു.
-
പാറ്റ്ന: ബിഹാര് മുന് ഉപമുഖ്യമന്ത്രിയും മുതിര്ന്ന ബിജെപി നേതാവുമായ സുശീല് കുമാര് മോദി അന്തരിച്ചു. 72 വയസായിരുന്നു. കാന്സര് രോഗബാധിതനായി ചികിത്സയിലായിരുന്നു. ബിഹാറിലെ ബിജെപിയുടെ മുഖമായിരുന്നു. ജെഡിയുമായി സഖ്യത്തിലെത്തി രൂപീകരിച്ച രണ്ട് സംസ്ഥാന സര്ക്കാരില് ഉപമുഖ്യമന്ത്രിയായിരുന്നു.രാജ്യസഭാ എംപിയായിരുന്ന സുശീല് കുമാര് മോദിയുടെ കാലാവധി ഈയടുത്താണ് അവസാനിച്ചത്. നിതീഷ് കുമാറുമായി മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. നിതീഷ് ഇന്ഡ്യ മുന്നണി വിട്ട് എന്ഡിഎയിലേക്ക് എത്തുന്നതില് സുശീല് കുമാര് മോദി മികച്ച പങ്ക് വഹിച്ചതായാണ് പറയപ്പെടുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില് ബിഹാറിലെ താരപ്രചാരകനായും പ്രകടന പത്രിക കമ്മറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല് കാന്സര് രോഗബാധിതനായതിനാല് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉണ്ടാവില്ലെന്ന് സുശീല് കുമാര് മോദി പറഞ്ഞിരുന്നു.'കഴിഞ്ഞ ആറ് മാസമായി ഞാന് ക്യാന്സറുമായി പോരാടുകയാണ്. ഇപ്പോള്, ഇതിനെക്കുറിച്ച് ആളുകളെ അറിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാന് കരുതുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില് എനിക്ക് പ്രചാരണം നടത്താന് കഴിയില്ല.ഞാന് പ്രധാനമന്ത്രിയെ എല്ലാം അറിയിച്ചിട്ടുണ്ട്. രാജ്യത്തോടും ബിഹാറിനോടും പാര്ട്ടിയോടും എപ്പോഴും നന്ദിയും സമര്പ്പണവുമാണ്,' എന്നാണ് അന്ന് സുശീല് കുമാര് മോദി എക്സില് കുറിച്ചത്.
-
കൊച്ചി: പ്രശസ്ത നാടകനടന് എം സി ചാക്കോ ( എംസി കട്ടപ്പന) അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്ധക്യ സഹജമായ അസുഖത്തെത്തുടര്ന്ന് ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു.മുപ്പതോളം പ്രൊഫഷണല് നാടകങ്ങളിലായി ഏഴായിരത്തിലേറെ വേദികളില് അഭിനയിച്ചിട്ടുണ്ട്. ഓടയില് നിന്ന്, വാഴ്വേ മായം, പെരുന്തച്ചന്, ആരും കൊതിക്കുന്ന മണ്ണ് തുടങ്ങിയവ ചാക്കോ അഭിനയിച്ച ശ്രദ്ധേയ നാടകങ്ങളാണ്.2007 ല് മികച്ച നടനുള്ള സംസ്ഥാന അവാര്ഡ് നേടി.സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കാഴ്ച, പളുങ്ക്, അമൃതം, നായകന്, പളുങ്ക്, പകല്, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
-
ചെന്നൈ: നാഗപട്ടണം എംപി എം സെല്വരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്നു ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. തമിഴ്നാട്ടിലെ സിപിഐ നേതാവുകൂടിയായ എം സെല്വരാജ് ആരോഗ്യ പ്രശ്നങ്ങളെ തുടര്ന്നു ഇത്തവണ മത്സരിച്ചില്ല. നാഗപട്ടണം ലോക്സഭാ മണ്ഡലത്തില് നിന്നു നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
-
തിരുവനന്തപുരം: മാധ്യമപ്രവർത്തകനും സംസ്ഥാന ആസൂത്രണബോർഡ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.സിപിഐഎം പൊളിറ്റ് ബ്യൂറോ മുൻ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ മൂത്തമകനാണ്. ബിസിനസ് സ്റ്റാൻഡേർഡ്, നെറ്റ്വർക്ക് 18 മാധ്യമസ്ഥാപനങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും
-
ടെക്സസ് : ബിലീവേഴ്സ് ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത കാലം ചെയ്തു. 74 വയസായിരുന്നു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. വാഹന അപകടത്തിൽ ഗുരതര പരിക്ക് പറ്റി ഡാലസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മെത്രാപോലിത്തക്കു ഇന്നു വൈകുന്നേരം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാൻ എന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാംവയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി.1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച് എന്ന സഭയ്ക്ക് രൂപം നൽകി. ആതുരവേസനരംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി.2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിച്ചു. സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അടിയന്തിരമായി ചേർന്ന് തുടർന്നുള്ള നടപടിക്രമങ്ങൾ തീരുമാനിക്കും.
-
തിരുവനന്തപുരം : പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. 65 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. യോദ്ധാ, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. സംവിധായകൻ സന്തോഷ് ശിവൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്.1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു.ശ്രീകാര്യം ലയോള സ്കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി. ചെറുപ്രായത്തിൽ കായികരംഗത്ത് തല്പരനായിരുന്ന അദ്ദേഹത്തിന്റെ പ്രധാന വിഭാഗങ്ങൾ ഹോക്കിയും ക്രിക്കറ്റുമായിരുന്നു. കേരളത്തെയും കേരള സർവകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.1976ൽ, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് തന്റെ സഹോദരൻ സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകിത്. അച്ഛൻ ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളിൽ അച്ഛനെ സംവിധാനത്തിൽ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു. അതിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും. അതിനു ശേഷം, പൂനെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി. ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും, താൻ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതുമെന്ന ദിശാബോധം അദ്ദേഹത്തിനു ലഭിച്ചത് ആ കാലഘട്ടത്തിലാണ്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു.ആ കാലത്ത് പ്രധാനമായും ഡോക്യുമെന്ററികൾ ചെയ്തിരുന്ന അദ്ദേഹം, യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സഹോദരൻ സന്തോഷ് ശിവൻ, ആ സമയത്ത് തിരക്കുള്ള ഒരു ഛായാഗ്രാഹകനായി മാറി കഴിഞ്ഞിരുന്നു. സന്തോഷ് ശിവനാണ് സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനം ചെയ്യുക എന്ന ആശയം സംഗീതിന്റെ മനസ്സിൽ പാകുന്നത്. അത് വരെ ഒരു സംവിധാന സഹായി പോലും ആയി ജോലി പ്രവർത്തിച്ചിട്ടില്ലാത്ത അദ്ദേഹം, അതിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചു. പക്ഷേ സന്തോഷ് ശിവന്റെ നിരന്തരമായ പ്രേരണയായിരുന്നു അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു വരുവാനുള്ള പ്രധാന കാരണം. സ്വന്തമായൊരു ശൈലി സ്വീകരിക്കുവാനും ആദ്യ ചിത്രത്തിൽ വലിയ താര നിരയെ ഒഴിവാക്കി തന്റെ സാന്നിധ്യം അറിയിക്കുവാനും അദ്ദേഹത്തെ ഉപദേശിച്ചതും സന്തോഷ് ശിവൻ തന്നെ. അങ്ങനെയാണ് 1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി "വ്യൂഹം" എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് "ഡാഡി", "ഗാന്ധർവ്വം", "നിർണ്ണയം" തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. "ഇഡിയറ്റ്സ്" എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യൻസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുനു എന്ന് വേണമെങ്കിൽ പറയാം. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഹിന്ദി സംഗീത സംവിധായകനായ ആഗോഷിനു തന്റെ കരിയറിലെ വലിയ ബ്രേക്ക് നൽകിയത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളായ സഞ്ജീവ് ശങ്കറും മനോജ് സിഡിയും മലയാളത്തിൽ ഛായാഗ്രാഹകന്മാരാണ്. മറ്റൊരു ബന്ധു സുബിൽ സുരേന്ദ്രൻ സംവിധാന രംഗത്തുമുണ്ട്.ഭാര്യ: ജയശ്രീ, മക്കൾ: സജന (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു (മാസ് മീഡിയ വിദ്യാർത്ഥി)
-
ലണ്ടന്: ലോക പ്രശസ്ത ചലച്ചിത്രം ടൈറ്റാനിക്കിലെ ക്യാപ്റ്റന്റെ വേഷം ചെയ്ത നടന് ബെര്ണാഡ് ഹില് അന്തരിച്ചു. 79 വയസായിരുന്നു. ഞായാറാഴ്ച രാവിലെയാണ് നടന്റെ മരണം സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന്റെ ഏജന്റ് ലൂ കോള്സണ് അറിയിച്ചു. ദ ലോര്ഡ് ഓഫ് റിംഗ്സ് പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും പ്രശസ്തനാണ് ഇദ്ദേഹം.ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റും അഭിനയിച്ച 1997 ലെ പ്രണയ ചിത്രത്തില് ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്നു എഡ്വേർഡ് സ്മിത്തിനെയാണ് ഹിൽ അവതരിപ്പിച്ചത്. 11 അക്കാദമി അവാർഡുകളും ഈ ചിത്രം നേടിയിരുന്നു.ഒസ്കാര് അവാര്ഡ് വാങ്ങിക്കൂട്ടിയ മറ്റൊരു പടത്തിലും ഇദ്ദേഹം പ്രധാന വേഷത്തില് എത്തിയിരുന്നു. പീറ്റർ ജാക്സൺ സംവിധാനം ചെയ്ത ദ ലോര്ഡ് ഓഫ് റിംഗ്സ് പരമ്പരയിലെ 2002-ലെ "ദ ടൂ ടവേഴ്സ്" എന്ന രണ്ടാമത്തെ ചിത്രമായ റോഹാന് രാജാവായ തിയോഡന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത വർഷം, 11 ഓസ്കറുകൾ നേടിയ "റിട്ടേൺ ഓഫ് ദി കിംഗ്" എന്ന സിനിമയിലും അദ്ദേഹം ഈ വേഷം ചെയ്തു.1982- അഞ്ച് തൊഴിൽരഹിതരായ ബ്രിട്ടീഷ് യുവാക്കളുടെ കഥ പറഞ്ഞ ടിവി മിനിസീരീസായ "ബോയ്സ് ഫ്രം ദി ബ്ലാക്ക്സ്റ്റഫില്" യോസർ ഹ്യൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹില് പ്രശസ്തനായത്.ഈ വേഷത്തിന് 1983-ൽ ബാഫ്റ്റ അവാര്ഡ് നോമിനേഷന് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.ഇദ്ദേഹം അവസാനമായി അഭിനയിച്ച "ദി റെസ്പോണ്ടർ"എന്ന സീരിസിന്റെ സംപ്രേഷണ ദിവസം തന്നെയാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.ഷോയിലെ നായകന് മാർട്ടിൻ ഫ്രീമാന്റെ പിതാവായാണ് ഇതില് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്ത്തകരും ബെര്ണാഡ് ഹില്ലിന്റെ മരണത്തില് ആദരാഞ്ജലി അര്പ്പിച്ചു.
-
തൃശൂർ: പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം മാങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ.തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്ന് സംഗീതം അഭ്യസിച്ചു. ആകാശവാണിയിൽ ജോലി ലഭിച്ചതോടെയാണ് തൃശൂരിൽ താമസമാക്കിയത്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.2016ൽ സംസ്ഥാന സർക്കാർ സ്വാതി സംഗീത പുരസ്കാരം നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്, സംഗീതകലാ ആചാര്യ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മങ്ങാട് നടേശനും സുധാവർമയും ചേർന്നുള്ള ആകാശവാണിയിലെ കർണാടക സംഗീതപാഠം വളരെ ജനപ്രിയമായിരുന്നു. ഭാര്യ: നിർമല. മക്കൾ. ഡോ. മിനി, പ്രിയ, പ്രിയദർശിനി. മരുമക്കൾ: സജിത്ത്, സുനിൽ, സുനിൽ.
-
ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായ ഉമ ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന 'ഭൂപാലം ഇസൈയ്ക്കും', 'അന്തരാഗം കേൾക്കും കാലം', 'പൂ മാനേ' തുടങ്ങിയവ ഉമ്മയുടെ ശ്രദ്ധേയ ഗാനങ്ങളാണ്. ഗായകൻ എ വി രമണനാണ് ഉമയുടെ ഭർത്താവ്. 1977ൽ ശ്രീ കൃഷ്ണ ലീലയിൽ ഭർത്താവിനൊപ്പം പാടിക്കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. സ്റ്റുഡിയോ റെക്കോർഡിംഗുകൾക്കപ്പുറം, തത്സമയ സംഗീത പരിപാടികളിലൂടെയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാണ്. നടൻ വിജയ്യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശർമ സംഗീതം നൽകിയ 'കണ്ണും കണ്ണുംതാൻ കലന്താച്ചു' എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്.
-
കണ്ണൂർ: മുതിർന്ന സിപിഐഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഒ വി നാരായണൻ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒ വി നാരായണന്റെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളജിൽനിന്നും മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സിപിഎം മാടായി ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിക്കും. എരിപുരം എകെജി മന്ദിരത്തിലും തുടർന്ന് സിപിഎം ഏഴോം ലോക്കൽ കമ്മിറ്റി ഓഫിസിലും പൊതുദർശനം ഉണ്ടായിരിക്കും. 3.30 ന് ഏഴോം പൊതുശ്മശാനത്തിൽ സംസ്കരിക്കും.സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കർഷക സംഘം ജില്ലാ പ്രസിഡൻ്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ക്ലേ ആൻഡ് സിറാമിക് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
-
പാലക്കാട്: സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. പത്തു വർഷമായി കിടപ്പിലായിരുന്നു. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തു നിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്.പൈതൃകം (1993), കാരുണ്യം (1997), മാനസം (1997) അയാൾ കഥയെഴുതുകയാണ് (1998), ഇംഗ്ളീഷ് മീഡിയം (1999), തിളക്കം (2003) ദേശാടനം, എന്നിവ മോഹനകൃഷ്ണൻ അഭിനയിച്ച ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്. 'കാരുണ്യ'ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. പ്രവാസകാലത്ത് അബുദാബി മലയാളി അസോസിയേഷനുമായി സഹകരിച്ച് ധാരാളം നാടകങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം).
-
ഏറ്റുമാനൂർ: ജി പി റോഡിൽ കാളച്ചുവീട്ടിൽ വാസു പിള്ള (84) അന്തരിച്ചു. ചേർത്തല മാരിക്കുളം ലീലയാണ് ഭാര്യ. മക്കള്: പ്രീതി, പ്രവീൺ, മരുമകന്: സുമേഷ് എസ്. പിള്ള. സംസ്കാരം നാളെ (19/4/24/) മൂന്നുമണിക്ക് വീട്ടുവളപ്പിൽ.
-
കണ്ണൂര്: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്റാം മട്ടന്നൂര് (62) അന്തരിച്ചു. കളിയാട്ടം, കര്മ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. കണ്ണൂര് ജില്ലയിലെ മട്ടന്നൂര് സ്വദേശിയാണ് ബല്റാം. സ്കൂള് പഠനകാലത്തുതന്നെ സാഹിത്യവാസനയുണ്ടായിരുന്ന ബല്റാം ഒന്പതാം ക്ളാസില് പഠിയ്ക്കുമ്പോഴാണ് ഗ്രാമം എന്ന പേരില് ആദ്യ നോവല് എഴുതിയത്. അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിലായിരുന്നു നോവല് പ്രസിദ്ധീകരിച്ചത്.ബല്റാം വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തില് തിരക്കഥ എഴുതിയ സിനിമയാണ് കളിയാട്ടം. ജയരാജ് ആണ് ഈ തിരക്കഥ സിനിമയാക്കിയത്. തെയ്യം കലാകാരന്മാരുടെ ജീവിതത്തിലെ സാഹസികതയും അര്പ്പണവും കഷ്ടപ്പാടുകളും കണ്ണീരും കുട്ടിക്കാലം മുതലെ അടുത്തറിഞ്ഞ ബല്റാം ഇത് തിരക്കഥയാക്കുകയായിരുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്ത കര്മ്മയോഗി എന്ന സിനിമയ്ക്കാണ് പിന്നീട് ബല്റാം തിരക്കഥയും സംഭാഷണവും ഒരുക്കിയത്.ഹാംലറ്റ് എന്ന ഷേക്സ്പിയര് നാടകത്തെ കേരളീയ പശ്ചാത്തലത്തില് പുനരവതരിപ്പിച്ച സിനിമയായിരുന്നു കര്മ്മയോഗി. തുടര്ന്ന് 2021 ല് ടി ദീപേഷ് സംവിധാനം ചെയ്ത അക്വേറിയം എന്ന സിനിമയ്ക്കും ബല്റാം തിരക്കഥയും സംഭാഷണവും ഒരുക്കി.
-
ഏറ്റുമാനൂര്: കളത്തൂർ തെന്നാട്ടിൽ സി കെ നാരായണൻ നായരുടെ ഭാര്യ സുമതിയമ്മ (80) അന്തരിച്ചു. പാലാ ഓണാട്ടു മൂലകുന്നേൽ കുടുംബാഗം. സംസ്കാരം നാളെ പകൽ 2ന് വീട്ടുവളപ്പിൽ. മക്കൾ: രേണുക ഡൽഹി, രോഷ്നി, നാസിക്, സുനിൽ ചെന്നൈ. മരുമക്കൾ: ശ്രീധരൻ, അനിൽ നായർ, ഷൈനി.
Mob: 9052506056
-
കൊച്ചി: പ്രശസ്ത സംഗീതജ്ഞന് കെ ജി ജയന് അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില് വെച്ചായിരുന്നു അന്ത്യം. അറുപത് വര്ഷത്തോളം നീണ്ട സംഗീത ജീവിതത്തില് സിനിമാ ഗാനങ്ങള്ക്കും ഭക്തി ഗാനങ്ങള്ക്കും കെ ജി ജയന് സംഗീതം നല്കി.സിനിമാ താരം മനോജ് കെ ജയന് മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല് രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.കാരാപ്പുഴ ഗവ.എൽപി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂർണമായും ജയൻ ചുവടുവച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ.ഗോപാലൻ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ്.ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുൻ സ്കൂൾ അധ്യാപിക). മക്കൾ: ബിജു കെ.ജയൻ, നടൻ മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.
-
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയര് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ ബി ബിമൽ റോയ് അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ.ദീർഘകാലം ചെന്നൈയിലായിരുന്നു തട്ടകം. തിരുവനന്തപുരത്തേക്ക് മടങ്ങിയ ബിമൽ റോയ് സെൻട്രൽ ഡെസ്കിൽ ഏറെ നാൾ റിസർച്ച് വിഭാഗത്തിലായിരുന്നു. കാൻസർ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മഹാരോഗത്തോട് പൊരുതി ഏറെനാൾ മുന്നോട്ട് പോയി.ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് കനകനഗറിലാണ് വീട്. ഭാര്യ വീണ ബിമൽ. ഏക മകൾ ലക്ഷ്മി റോയ്
-
ചെങ്ങന്നൂർ: സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള(കെ ആർ ഉണ്ണികൃഷ്ണൻ നായർ) അന്തരിച്ചു. ചെങ്ങന്നൂരിലെ ലോഡ്ജിൽ വെച്ച് ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി. എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസൊരു മാന്ത്രിക കുതിരയായ് (എതിർപ്പുകൾ) ഈരേഴു പതിനാല് ലോകങ്ങളിൽ (സ്വർഗം) തുടങ്ങി ഉണ്ണി രചിച്ച ഗാനങ്ങളും ഹിറ്റായിരുന്നു.കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാന ചിത്രം. കോഴഞ്ചേരി സെന്റ്തോമസ് കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു.സംസ്കാരം നാളെ ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പിൽ നടക്കും.
-
കല്ലിശ്ശേരി: മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ എബി തോമസിൻ്റെ മാതാവും, കല്ലിശ്ശേരി വെസ്റ്റ് ഓതറ തൈമറവുംങ്കര ആലുംമൂട്ടിൽ പരേതനായ തോമസ് കുരുവിളയുടെ ഭാര്യയുമായ ശോശാമ്മ(കുഞ്ഞുമോൾ -75) അന്തരിച്ചു. പുനലൂർ പാലമൂട്ടിൽ കുടുംബാംഗമാണ്.സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന് കല്ലിശ്ശേരി സെൻ്റ് തോമസ് മലങ്കര കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ. മറ്റ് മക്കൾ: ജോബി തോമസ് (ഓസ്ട്രേലിയ), ബോബി തോമസ് (ടയോട്ട , തിരുവല്ല). മരുമക്കൾ : ചിറ്റാർ കുളത്തുങ്കൽ സോണി ജോബി , ചരിവുപറമ്പിൽ മറിയാമ്മ ബോബി, വള്ളികുന്നം ചുങ്കത്തടത്തിൽ ജിൻസി.ജി. ജോൺ.
-
തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം.പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഇദ്ദേഹം കഴിഞ്ഞ 40 കൊല്ലമായി പ്രവര്ത്തിച്ച് വന്നത് .ക്ലാസ്സിക് മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു.ആദ്യമായി ഗാന്ധിമതി ബാലന് നിര്മ്മിച്ച ചിത്രം നേരം ഒത്തിരി കാര്യമാണ്. ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികൾ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങിയ 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു.63 വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി.ഇവന്റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ച ഒരു മികച്ച സംഘാടകൻ ആയിരുന്നു.മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡായി ആയി വളർത്തി.ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് കൂടുതൽ സിനിമ ചെയ്ത നിർമാതാവായിരുന്നു. സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയിരുന്നു. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ ആയിരുന്നു. അനശ്വര സംവിധായകൻ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്തത്. പദ്മരാജന്റെ ആകസ്മിക മരണത്തെ തുടര്ന്നാണ് സിനിമയിൽ നിന്നും പിൻവാങ്ങിയത്.ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലൻ . പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച് , അതിൽ വിജയിച്ച അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. റോട്ടറി ഉൾപ്പടെ നിരവധി സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച ബാലൻ വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.ഭാര്യ - അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ - മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം(ഡയറക്ടർ - ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).
-
തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരൻ മലപ്പുറം വണ്ടൂർ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു. 58 വയസായിരുന്നു. സംസ്കാരം ഇന്ന് തിരുവനന്തപുരത്ത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള കലാമണ്ഡലം രവീന്ദ്രൻ വിദേശത്തും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർഗി, ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാകേന്ദ്രം, തൃശൂർ ചാവക്കാട് അങ്കണം തിയറ്റർ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഭാര്യ: വിജി രവീന്ദ്രൻ. മക്കൾ: അർജുൻ, അരവിന്ദ്. സഹോദരങ്ങൾ: പരേതയായ വിജയകുമാരി, ഇന്ദിര, രമ, രശ്മി.
-
ചെന്നൈ: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും.നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഡാനിയൽ ബാലാജി, മലയാളം, തെലുങ്ക്, കന്നട സിനിമകളിലും പ്രത്യേക സാനിധ്യമായിട്ടുണ്ട്. കമൽ ഹാസന്റെ ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രമായ 'മരുതനായകത്തി'ൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്.ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന നടന്റെ വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിന് പ്രശംസകൾ നേടിയിട്ടുണ്ട്. 'ബ്ലാക്ക്' എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി ഡാനിയൽ ബാലാജി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ 'ഭഗവാൻ', മമ്മൂട്ടിയുടെ 'ഡാഡി കൂൾ' തുടങ്ങിയ ചിത്രങ്ങളിലും വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയിട്ടുണ്ട്.
-
ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി ഗണേശമൂർത്തി അന്തരിച്ചു. എംഡിഎംകെ എംപിയായ ഗണേശമൂർത്തി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ മുറിയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് 76കാരനായ ഗണേശമൂർത്തി മരണത്തിന് കീഴടങ്ങിയത്.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈറോഡിൽ നിന്നാണ് എംപി ജനവിധി തേടിയത്. മാർച്ച് 24 ന് അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് എംപിയെ കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഗണേശമൂർത്തിയെ പിന്നീട് ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതുമായി ബന്ധപ്പെട്ട വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു. ഇത്തവണ ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം നൽകിയ സീറ്റിലും ഗണേശമൂർത്തിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിൽ മനോവിഷമത്തിലായിരുന്നുവെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
-
കളത്തൂർ: കാഞ്ഞിരം കാലായിൽ പരേതനായ കെ.ജെ. ജോസഫിന്റെ ഭാര്യ കുട്ടിയമ്മ ജോസഫ് (78) അന്തരിച്ചു. സംസ്കാരം നാളെ 3 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം കളത്തൂർ സെന്റ് മേരീസ് ദേവാലയത്തിൽ. മക്കൾ ടോമി ജോസഫ്, ജാൻസി തോമസ്, ബേബിജോസഫ് (പരേതൻ ) ജെസ്സി ജോസഫ്, ഷാജിമോൻ ജോസഫ്, കുഞ്ഞുമോൾ ഷിബു മരുമക്കൾ തോമസ് ജോർജ്, ലില്ലികുട്ടി ബേബി, അൽഫോൻസാ ഷാജി, ഷിബു ഡേവിഡ് കൊച്ചു മക്കൾ സാം സെബാസ്റ്റ്യൻ, സോനു സെബാസ്റ്റ്യൻ, സണ്ണി സെബാസ്റ്റ്യൻ
-
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കേരള കൗമുദി ദിനപ്പത്രത്തിൽ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എംഡിയുമായിരുന്നു.കേരളത്തെ പിടിച്ചുകുലുക്കിയ അന്വേഷണാത്മക വാര്ത്തകളിലൂടെയാണ് ജോജോ ശ്രദ്ധേയനായത്. പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്. രാഷ്ട്രീയ വാര്ത്തകൾ കൈകാര്യം ചെയ്തിരുന്ന ജോജോ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ പടലപ്പിണക്കങ്ങൾ സംബന്ധിച്ചും വാര്ത്തകൾ പുറത്തെത്തിച്ചിരുന്നു.
-
കണ്ണൂർ: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് അന്തരിച്ചു. 69 -ാം വയസിലാണ് പ്രിയ എഴുത്തുകാരൻ ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ പ്രകാശിന്റെ ഏറ്റവും ശ്രദ്ധ നേടിയ നോവൽ കൈകേയി ആയിരുന്നു. പുരാണ കഥാപാത്രം കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ച നോവൽ നിരൂപക പ്രശംസ നേടിയിരുന്നു. താപം, തണൽ, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ. നിരവധി ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതി. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എൻ പ്രകാശിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അനുശോചനം അറിയിച്ച് രംഗത്തെത്തി.
-
കോട്ടയം: ഫാ. ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്ക്കോപ്പ അന്തരിച്ചു. യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനും മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സഹ വികാരിയുമായ ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്ക്കോപ്പ അന്തരിച്ചു. കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും
-
സോഫിയാ: ബള്ഗേറിയന് ഓര്ത്തഡോക്സ് സഭാ തലവന് നിയോഫിത് പാത്രിയര്ക്കീസ് (78) കാലം ചെയ്തു. ബുധനാഴ്ച രാത്രി തലസ്ഥാനമായ സോഫിയായിലെ മിലിട്ടറി മെഡിക്കല് അക്കാദമിയിലായിരുന്നു അന്ത്യം. നവംബര് മുതല് അവിടെ ചികിത്സയിലായിരുന്നു.നിയോഫിത് എന്ന സിമയോണ് നികോളോവ് ദിമത്രോവ് 1945 ഒക്ടോബര് 15ന് ജനിച്ചു. 1975ല് സന്യാസം സ്വീകരിച്ചു. 1985ല് ബിഷപ്പും 1994ല് മെത്രാപ്പോലീത്തായുമായി. മാക്സിം പാത്രിയര്ക്കീസ് കാലം ചെയ്തതിനെ തുടര്ന്ന് 2013 ഫെബ്രുവരി 24ന് പാത്രിയര്ക്കീസ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും അന്നു തന്നെ സ്ഥാനാരോഹണവും നടന്നു.പൂര്വ യൂറോപ്പിലെ ബാള്ക്കന് മേഖലയിലാണ് ബള്ഗേറിയ. ബള്ഗേറിയന് സഭ ബൈസന്റയിന് ഓര്ത്തഡോക്സ് സഭാ കുടുംബത്തില് പെടുന്നു. അൻപത് ലക്ഷത്തിലധികം വിശ്വാസികളുണ്ട്. രാജ്യത്തെ 60 % ജനങ്ങള് സഭാംഗങ്ങളാണ്.
-
അതിരമ്പുഴ: കോട്ടയം പ്രസ്ക്ലബ് മുൻ പ്രസിഡൻറും കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻറും ആയിരുന്ന കെ.പി.ജോസഫ് കൊട്ടാരം (89) അന്തരിച്ചു. മലയാള മനോരമ മുൻ അസിസ്റ്റൻ്റ് എഡിറ്റർ ആണ്. മൃതദേഹം ബുധനാഴ്ച രാവിലെ 9ന് അതിരമ്പുഴ മറ്റം കവലയിലുള്ള വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ച കഴിഞ്ഞ് മൂന്നിന് സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ 1963ൽ മാമ്മൻ മാപ്പിള സ്കോളർഷിപ്പ് നേടിയതാണ് മലയാള മനോരമയിൽ പ്രവേശിച്ചത്. ഏറെക്കാലം മനോരമ ബിസിനസ്സ് പേജിൻ്റെ ചുമതല വഹിച്ചു. ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്ഭാര്യ: പരേതയായ റോസമ്മ പൊൻകുന്നം താന്നിക്കപ്പാറ കുടുംബാംഗമാണ്. മക്കൾ: ജോഷി ജോസഫ് (കോർപ്പറേറ്റ് മാനേജർ , എംആർഎഫ് ചെന്നൈ), ഡോ. സോഫിയാമ്മ ജോസഫ് (ഫിസിയോളജി അസി. പ്രഫസർ, മെഡിക്കൽ കോളജ് കോട്ടയം), തോമസുകുട്ടി ജോസഫ്. മരുമക്കൾ: ലേഖ ജോഷി (ആർക്കിടെക്ട്, ചെന്നൈ), ഏറ്റുമാനൂർ രത്നഗിരി കരിങ്ങോട്ടിൽ ക്രിസ്റ്റിൻ.
-
വള്ളിക്കുന്ന്: യുക്തിവാദി പ്രസ്ഥാനത്തിന്റെ നേതാവ് യു കലാനാഥൻ അന്തരിച്ചു.84 വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു കോച്ചി അമ്മയുടെയും മകനായി ജനിച്ച കലാനാഥൻ വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ, ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന് പ്രവർത്തകനായിരുന്നു. 1960 മുതൽ സിപിഐ, സിപിഐഎം പ്രസ്ഥാനങ്ങളോടൊപ്പം പ്രവർത്തിച്ചു.കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1979 മുതൽ 1984 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു. ഗുരുവായൂരിൽ കൊടിമരം സ്വർണ്ണം പൂശുന്നതിനെതിരെ 1977-ൽ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിന് നേതൃത്വം നൽകി. സമരം കയ്യേറിയ ആർഎസ്എസുകാരുടെ മർദ്ദനം ഏൽക്കേണ്ടിവന്നിട്ടുണ്ട്.1981-ൽ ശബരിമലയിൽ മകരവിളക്ക് മനുഷ്യൻ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴി ബലി അവസാനിപ്പിക്കുന്നതിനു വേണ്ടിയും നിയമനടപടികൾ സ്വീകരിക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. ആത്മാവ് സങ്കൽപമോ യാഥാർത്ഥ്യമോ?, ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ?, മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏക സിവിൽകോഡും എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ എഴുതിവെച്ചതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യും. എം കെ ശോഭനയാണ് ഭാര്യ. മകന്: ഷെമീര്