
കൊച്ചി: ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ 1.38നായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു. ഭൗതിക ശരീരം മുവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലില്‍ നടക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിച്ചാകും സംസ്കാരം.
വർഷങ്ങളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ മൂന്നുവർഷമായി കിഡ്നി സംബന്ധമായ അസുഖത്തിനും ചികിത്സതേടിയിരുന്നു. മുരിക്കാശേരി അൽഫോൻസ, അടിമാലി മോർണിംഗ്സ്റ്റാർ, എറണാകുളം ലിസി, രാജഗിരി, കോലഞ്ചേരി മെഡിക്കൽ മിഷൻ തുടങ്ങിയ ആശുപത്രികളിൽ ചികിത്സ നടത്തിയിരുന്നു. അവസാന കാലത്ത് മോർണിംഗ് സ്റ്റാർ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലുമായിരുന്നു ചികിത്സ. രണ്ടാഴ്ച മുന്‍പ് അടിമാലിയിൽനിന്നും കോലഞ്ചേരിയിലെത്തിച്ച പിതാവിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നു. 2003ൽ കോതമംഗലം രൂപത വിഭജിച്ച് രൂപീകൃതമായ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു കാലം ചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഇടുക്കിയുടെ സമസ്ഥമേഖലയെയും പുരോഗതിയിലേക്കു നയിച്ച ജനകീയനായ മെത്രാനായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.



































