കോഴിക്കോട്: മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവും യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാനുമായ അഡ്വ. പി ശങ്കരൻ (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 11.07 നായിരുന്നു അന്ത്യം. മൃതദേഹം രാത്രി കരിക്കാംകുളത്തെ വീട്ടിലെത്തിച്ചു. ബുധനാഴ്ച പകൽ രണ്ടുവരെ വീട്ടിലും വൈകീട്ട് നാലുവരെ ഡിസിസി ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. പേരാമ്പ്രയിലും പൊതുദർശനമുണ്ടാകും. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പേരാമ്പ്ര കടിയങ്ങാടുള്ള തറവാട്ടുവളപ്പിൽ.
എംപി, എംഎൽഎ എന്നീ നിലകളിലും പ്രവർത്തിച്ച ശങ്കരൻ വക്കീൽ 2001ൽ എ കെ ആന്റണി മന്ത്രിസഭയിൽ ആരോഗ്യ–-വിനോദസഞ്ചാര മന്ത്രിയായിരുന്നു. പത്തുവർഷം കോഴിക്കോട് ഡിസിസി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. 1998ൽ കോഴിക്കോട്ടുനിന്ന് ലോക്സഭയിലെത്തി. 2001ൽ കൊയിലാണ്ടിയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്യു യൂണിറ്റ് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ് എന്നീ നിലകളിൽനിന്നാണ് പൊതുരംഗത്ത് സജീവമായത്.
തൃശൂർ കേരളവർമ കോളേജ് യൂണിയൻ ചെയർമാനും കലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാനുമായിരുന്നു. കലിക്കറ്റ് സിൻഡിക്കറ്റിലെ ആദ്യ വിദ്യാർഥി പ്രതിനിധിയായും ചരിത്രം കുറിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. എ കെ ആന്റണി മന്ത്രിസഭയിൽ അംഗമായിരിക്കെ 2005 ജൂലൈ ഒന്നിന് മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവച്ച് കെ കരുണാകരനൊപ്പം ഡിഐസിയിൽ ചേർന്നു. 2006ൽ കൊയിലാണ്ടിയിൽ ഡിഐസി സ്ഥാനാർഥിയായി മത്സരിച്ചു.
അച്ഛൻ: സ്വാതന്ത്ര്യസമര സേനാനിയായ കടിയങ്ങാട് പുതിയോട്ടി കേളുനായർ. അമ്മ: മാക്കംഅമ്മ. ഭാര്യ: പ്രൊഫ. വി സുധ (റിട്ട. പ്രിൻസിപ്പൽ, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്). മക്കൾ: രാജീവ് എസ് മേനോൻ (എൻജിനിയർ, ദുബായ്), ഇന്ദു പാർവതി, ലക്ഷ്മിപ്രിയ. മരുമക്കൾ: രാജീവ്, ദീപക് (ഇരുവരും ഐടി എൻജിനിയർമാർ, അമേരിക്ക), ദീപ്തി. സഹോദരങ്ങൾ: കല്യാണിഅമ്മ (പൊക്കിയമ്മ, കടിയങ്ങാട്), ദേവകിഅമ്മ (മൊകേരി), പരേതരായ ഗോപാലൻനായർ, രാഘവൻ നായർ.