ലോകപ്രശ്സ്ത സ്വീഡിഷ് കുറ്റാന്വേഷണ എഴുത്തുകാരിയായ മാജ് ഷൊവാൾ (84) അന്തരിച്ചു. ഷൊവാളും ഭർത്താവ് പെർ വൗളു ചേർന്ന് രചിച്ച കുറ്റാന്വേഷണ നോവലുകൾക്ക് ലോകത്താകമാനം ആരാധകരുണ്ട്. കുറ്റാന്വേഷണ നോവൽ രചനയിൽ Nordic Noir എന്ന ജോണറിന് തുടക്കം കുറിച്ചത് ഈ സ്വീഡിഷ് ദമ്പതികളാണ്.
കുറ്റവാളി ആരായിരിക്കും, എങ്ങനെ കുറ്റകൃത്യം നടത്തി തുടങ്ങിയ പരമ്പരാഗത കുറ്റാന്വേഷണ രചനകളുടെ രീതികളിൽ നിന്നും മാറി നരേഷനിലും കഥാപാത്ര സവിശേഷതകളിലും കൂടുതൽ ഊന്നൽ നൽകുന്ന രചന രീതിയാണ് Nordic Noir.
സ്റ്റോക്ക്ഹോം നാഷണൽ ഹോമിസൈഡ് ബ്യൂറോയിലെ ഡിറ്റക്ടീവായ മാർട്ടിൻ ബെക്കിനെയും സംഘത്തെയും കേന്ദ്രീകരിച്ച് എഴുതിയ പത്ത് കുറ്റാന്വേഷണ നോവലുകളുടെ പരമ്പരയാണ് മാജ് ഷൊവാളിനെയും പെർ വൗളുവിനെയും പ്രശസ്തരാക്കിയത്.
റോസന്ന, ദ ലാഫിങ് പോലീസ് മാൻ, ദ അബോമിനബിൾ മാൻ എന്നീ രചനകൾ റിയലിസ്റ്റിക്ക് രചനാരീതി കൊണ്ട് വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. പിന്നീട് വളർന്നുവന്ന നിരവധി കുറ്റാന്വേഷണ എഴുത്തുകാർക്ക് ഈ പുസ്തകങ്ങൾ പ്രചോദനമായി മാറി.
1935ൽ സ്റ്റോക്ക്ഹോമിൽ ജനിച്ച മാജ് ഷൊവാൾ ജേർണലിസവും ഗ്രാഫിക്സുമാണ് പഠിച്ചത്. വിവർത്തകയായും കലാ സംവിധായികയായും മാധ്യമപ്രവർത്തകയായും അവർ ജോലി ചെയ്തു. 1961 ലാണ് അന്നത്തെ പ്രശസ്ത രാഷ്ട്രീയ പത്രപ്രവർത്തകനായിരുന്ന പെർ വൗളുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ചേർന്ന് എഴുത്തിലേക്ക് തിരിയുകയായിരുന്നു. ഭർത്താവ് പെർ വാഹ്ലു 1975 ൽ മരണപ്പെട്ടു.