13 August, 2017 09:14:38 AM


പാർട്ടികൾക്ക് കയ്യടി, നാട്ടുകാർക്ക് ഇരുട്ടടി ! പുതിയ നഗരസഭകളിൽ ഭരണസ്തംഭനം !!
രാഷ്ട്രീയകക്ഷികൾ ഒറ്റയ്ക്കും കൂട്ടായുമൊക്കെ തെരെഞ്ഞെടുപ്പിൽ വിജയിച്ചാണല്ലോ നമ്മുടെ നാട്ടിൽ ഭരണം കയ്യാളുന്നത്. അധികാരത്തിലെത്തിയാൽ പിന്നെ അധികാരം എങ്ങനെ ഉറപ്പിക്കാം എന്നാണ് അവരുടെ ചിന്ത. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അവർ മുൻഗണന കൽപ്പിക്കുന്നത്. ഗുണഫലം കിട്ടുന്ന കാര്യങ്ങൾ നടപ്പിലാക്കാനായിരിക്കും അവരുടെ പരിപാടി.

മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകരിച്ചതുമൊക്കെ ഒറ്റനോട്ടത്തിൽ നല്ലതെന്നുതോന്നുമെങ്കിലും ഇഴകീറി നോക്കിയാൽ ആവശ്യമായ ഒരുക്കങ്ങൾ കൂടാതെയുള്ള പദ്ധതി ഒരുപാടു പ്രശ്നങ്ങൾക്ക് കാരണമായെന്നു കാണാം.

കഴിഞ്ഞ സർക്കാർ തിടുക്കത്തിൽ തീരുമാനിച്ചതാണ് 66 ഗ്രാമപഞ്ചായത്തും 28  മുനിസിപ്പാലിറ്റികളും ഒരു കോർപ്പറേഷനും (കണ്ണൂർ) രൂപീകരിക്കാൻ. അന്ന് പ്രതിപക്ഷം ഇതിനെ എതിർത്തതാണ്. കോടതിയിലും ഹർജിയെത്തി. എന്നാൽ ഗവർണ്ണർ ഉൾപ്പെടെ എല്ലാം സർക്കാരിന് അനുകൂലമായി. അങ്ങനെ തദ്ദേശസ്വയംഭരണ - ന്യുനപക്ഷക്ഷേമ മന്ത്രി മഞ്ഞളാ൦കുഴി അലി 2014ൽ തയ്യാറാക്കിയ ബില്ല് 2015ൽ ഗവർണ്ണർ പി സദാശിവം ഒപ്പുവച്ചു. നവംബര്‍ ഒന്നു മുതല്‍ നടപ്പില്‍ വരുന്ന തരത്തില്‍ വിജ്ഞാപനമായി.

മുന്‍കാലങ്ങളില്‍ പുതിയ നഗരസഭകള്‍ നിലവില്‍ വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞക്കു മുന്‍പേ തീര്‍പ്പുണ്ടാക്കിയിരുന്നു. എന്നാൽ വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് ഇത്തവണ കാര്യങ്ങൾ തീരുമാനിച്ചത്. ഒരു പഞ്ചായത്ത് മുനിസിപ്പാലിറ്റി ആകുമ്പോൾ പുതിയ ട്രഷറി അക്കൗണ്ട് നമ്പർ മാറ്റം വേണം. അതിനു കാലതാമസം വന്നു. അതുപോലെ തെരഞ്ഞെടുക്കപ്പെട്ടുവന്ന പല പ്രതിനിധികളും പുതുമുഖങ്ങളായിയിരുന്നു. ആകെക്കൂടി ഒരു അരക്ഷിതാവസ്ഥയെന്നോ അരാജകാവസ്ഥയെന്നോ വിശേഷിപ്പിക്കാവുന്ന നില. 

കേരള സർക്കാരിന്‍റെ തദ്ദേശസ്വയംഭരണവകുപ്പ് ഔദ്യോഗിക വെബ്സൈറ്റ് 2017ൽ പരിശോധിച്ചാൽ പുതിയ മുനിസിപ്പാലിറ്റികളിലെ ആകെ വാർഡുകളുടേയും അംഗങ്ങളുടേയും എണ്ണവും ചെയർമാന്‍റെ പേരും മാത്രമേ കാണാനുള്ളൂ. മറ്റ് ഒരു വിവരവും അതിൽ ലഭ്യമല്ല. പുതുതായി നിലവിൽ വന്ന 28 മുനിസിപ്പാലിറ്റികളുടെ കാര്യമാണീ പറയുന്നത്! കേരളം പോലൊരു സംസ്ഥാനത്ത്  ഇതെന്തൊരു നാണക്കേടാണ്!!

പല പഞ്ചായത്തുകളും മുനിസിപ്പാലിറ്റി ആയപ്പോൾ അവിടെ മുനിസിപ്പൽ ഉദ്യോഗസ്ഥരെ നിയമിച്ചില്ല. പകരം നിലവിലുള്ള പഞ്ചായത്തു ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ ചെയ്തു വന്നത്. ഇപ്പോൾ അവരെ വിവിധ പഞ്ചായത്തുകളിലേക്ക് വിന്യസിച്ചു. മുപ്പതിലേറെ ഉദ്യോഗസ്ഥർ വേണ്ട മുനിസിപ്പാലിറ്റികളിൽ എട്ടോ പത്തോ പേരെയാണ് നിയമിച്ചത്. അവരിൽ പലരും വിദൂരസ്ഥലവാസികളായതിനാൽ മിക്കപ്പോഴും അവധിയിലുമാണ്. 

വിവരങ്ങൾ പലതും അപ്‌ലോഡ്‌ ചെയ്യാൻ കഴിയുന്നില്ല. വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാത്തതു മാത്രമല്ല കാരണം. അപ്‍ലോഡ് ചെയ്യേണ്ട സൈറ്റ് കുറച്ചുസമയം മാത്രമേ ഓണായിരിക്കുകയുള്ളൂ. അപ്പോൾ, കുറഞ്ഞ സമയംകൊണ്ട് കൂടുതൽ വേഗത്തിൽ വിവരങ്ങൾ അപ്‍ലോഡ്ചെയ്യാൻ കഴിയണം. അത്രകണ്ട് ഉത്തരവാദിത്വമോ പ്രതിബദ്ധതയോ ഇല്ലാത്ത ജീവനക്കാരൻ വ്യവസ്ഥിതിയെ പഴിച്ചുകൊണ്ട് ജോലിയിൽ അലംഭാവം കാട്ടുകയല്ലേയുള്ളൂ? 

ഇതുകൊണ്ടൊക്കെയുള്ള ദോഷങ്ങൾ ഇതൊക്കെയാണ്:

ഫയലുകൾ തീരുമാനമാകാതെ കുന്നുകൂടി കിടക്കുന്നു. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ വിവരങ്ങൾ യഥാസമയം അപ്‍ലോഡ് ചെയ്യാൻ കഴിയുന്നില്ല (പ്രധാനമന്ത്രി യോജനാ പദ്ധതി പ്രകാരം പണം ലഭിക്കുവാൻ നടപടികൾ ഓൺലൈനിൽ വിവരങ്ങൾ അപ്‍ലോഡ്  ചെയ്യേണ്ടതുണ്ട്). ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള  പെൻഷനുകൾ മുടങ്ങുന്നു. ജനങ്ങൾക്ക് ഉചിതമായ സേവനവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

ഉദ്യോഗസ്ഥരുടെ അഭാവം മൂലം എല്ലാം മുടങ്ങുന്നതിനാൽ കൗൺസിലർമാർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. കുറഞ്ഞ സമയത്തിൽ കൂടുതൽ വേഗത്തിൽ ജോലി ചെയ്യേണ്ടിവരുന്നതുകൊണ്ട് ധാരാളം തെറ്റുകൾ ഉണ്ടാകുന്നു. അത് പലരുടെയും അപേക്ഷകൾ തള്ളുന്നതിന് ഇടയാക്കുന്നു. റേഷൻകാർഡിൽ വ്യാപകമായ തെറ്റുകൾ കടന്നുകൂടിയത് ഒരുപക്ഷേ, ഇങ്ങനെയാകാം.

ചുരുക്കത്തിൽ മുനിസിപ്പാലിറ്റിയിൽ ഭരണസ്തംഭനം ഉണ്ടാകുന്നു. ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ഇത്രയെങ്കിലും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്.

അവശ്യം വേണ്ട ജീവനക്കാരെ വിന്യസിക്കുകയും അവർ അവധിയെടുത്തു മുങ്ങാതിരിക്കാൻ സ്ഥലവാസികളോ സമീപവാസികളോ ആയവർക്ക് അതതു മുനിസിപ്പാലിറ്റികളിൽ മുൻഗണനകൊടുക്കുകയും ചെയ്യുക. അതുപോലെ നാട്ടുമ്പുറത്തു വെള്ളം വരുന്നതു നോക്കി കുടവുമായി ആളുകൾ ഓടിക്കൂടുന്നതു പോലെ, സൈറ്റ് തുറക്കുന്നതു നോക്കി വിവരങ്ങൾ അപ്‌ലോഡ്‌  ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കാതിരിക്കുക. 

അധികാരം ജനങ്ങളിലേക്ക് എന്ന ഉജ്ജ്വലമായ ആശയത്തിന്‍റെ തിലകക്കുറികളാണ് നമ്മുടെ നഗരസഭകൾ. അവിടെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരുകാര്യവും ഉണ്ടാകാൻ പാടില്ല. ഏതൊരു സർക്കാരിന്‍റെയും മികവിന്‍റെ മാറ്റുരയ്ക്കുന്നത് താഴെത്തട്ടിലെ പ്രവർത്തനം കൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള  ബോധം ഇനിയെങ്കിലും  അധികാരികൾക്കുണ്ടായാൽ നന്ന് !
Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 40.9K