23 October, 2016 09:44:53 AM


പുത്തനച്ചിമാരോ ഇവര്‍ പവനായിമാരോ ?ഇടതുപക്ഷ മന്ത്രിസഭയുടെ തുടക്കം ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിളക്ക് വച്ചുകൊണ്ടായിരുന്നു. പ്രതിപക്ഷത്തു ഉറച്ചു നിന്നിരുന്നവര്‍പോലും രഹസ്യമായെങ്കിലും മന്ത്രിസഭയെ നല്ല രീതിയില്‍  വിലയിരുത്തി. പോകെ പോകെ പ്രതീക്ഷകള്‍ക്കു മുമ്പില്‍ കൊളുത്തിയ വിളക്ക് മങ്ങാന്‍ തുടങ്ങി ! ആരംഭ ശൂരത്വം എന്നും പുത്തനച്ചി പുരപ്പുറം തൂക്കുമെന്നും ഒക്കെ പറയുന്ന
ഗതി തെളിഞ്ഞുവന്നു.


പൂജാരിമാരുടെ 'കോണക'ത്തെ കുറിച്ച് പറഞ്ഞു കൊണ്ട് ജി.സുധാകരന്‍ വിടുവായ് തുടങ്ങിവച്ചു. ജയരാജന്‍ മുഹമ്മദലിയിലൂടെ അത് പൊലിപ്പിച്ചു.പിന്നെ  അഞ്ജു ബോബി ജോര്‍ജ്ജ്, ബന്ധു നിയമന വിവാദം, തേക്ക് വിവാദം.. അതങ്ങനെ.. യോഗക്കുപോയി  ഋഗ്വേദ മന്ത്രം പ്രാര്‍ത്ഥനയെന്നു തെറ്റി ധരിച്ച് ഇറങ്ങിപ്പോയ ശൈലജ അതങ്ങനെ! അതിനിടെ വരമ്പത്തു കൂലിയുംകൊണ്ട് കോടിയേരി.. ഇതിനിടെ ടോമിന്‍ തച്ചങ്കരിയും വകുപ്പും മന്ത്രിയും ഒക്കെ തമ്മില്‍ മറ്റൊരു കലമ്പല്‍...


അപ്പോഴാണ്‌ ചുവപ്പ് കാര്‍ഡും മറ്റുമായി ജേക്കബ് തോമസിന്റെ ആഗമനം. 'ഇതാ  ഉദ്ദണ്ടന്‍ വരുന്നു, പീറക്കവികളേ മാറിന്‍!' എന്ന കഥയോര്‍മ്മിപ്പിച്ചു കൊണ്ടുള്ള ആഗമനം കണ്ടു കേരളത്തിന്‍റെ അഴിമതി മടുത്ത മനസ്സ് കുളിരുകോരി... മന്ത്രിസഭയിലെ രണ്ടാമന്റെ പേരില്‍ വിജിലന്‍സ്  അന്വേഷണം ഉയര്‍ന്നപ്പോള്‍ ചുവപ്പ് കാര്‍ഡുധാരി പത്തി താഴ്ത്തി, വ്യക്തിപരമായ കാരണങ്ങളില്‍ ഒഴിഞ്ഞു മാറ്റത്തിനു തുനിഞ്ഞുകൊണ്ടിരിക്കുന്നു... ഈ പിന്മാറ്റം മന്ത്രിസഭയെ സംശയത്തിന്‍റെ നിഴലില്‍ പിടിച്ചു നിര്‍ത്തുകയാണ്!' തിരുവനന്തപുരത്തെന്തോ ചീഞ്ഞു നാറുന്നു  എന്നൊരു തോന്നലാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായത്.


സഖ്യകക്ഷിയായ സി പി ഐ യുടെ അസംതൃപ്തി പൊതുവെയും മുഖ്യമന്ത്രിയുടെ ഏക ഭരണത്തില്‍ വിശേഷിച്ചും പ്രകടിപ്പിച്ചു കഴിഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പര... ജയരാജ മന്ത്രിയുടെ ദേശാഭിമാനപ്രചോദിതമായ രാജി! സ്ത്രീകളെ പതിന്നാലു  സെക്കണ്ടില്‍ കൂടുതല്‍ നോക്കരുതെന്ന ഡി ജി പി വിടുവായത്തം... ഹെല്‍മെറ്റ്‌ ഇല്ലാത്തവര്‍ക്ക് ഇന്ധനമില്ലെന്ന തീട്ടൂരം... അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന വണ്ണം മുഖ്യമന്ത്രിക്കസേരയ്ക്ക് പകരം ഭരണപരിഷ്ക്കാര ചെയര്‍മാന്‍ സ്ഥാനവും അതിന്‍റെ  ആപ്പീസ് സെക്രട്ടേറിയറ്റില്‍ വേണമെന്ന 'വീയെസ്സിയന്‍ വാശി'യും!!  മേമ്പൊടിക്ക് എ  കെ ബാലന്റെ 'ഗര്‍ഭ'വും !!!


ഇതിലൊക്കെ രസകരമാണ് നേരത്തെ പ്രകീര്‍ത്തിച്ച പൊതുമരാമത്ത് മന്ത്രിയുടെ കാര്യം. വകുപ്പില്‍ സ്ഥലം മാറ്റത്തിന് മാനദണ്ഡം ഉണ്ടാകുമെന്നും മറ്റു ഇടപെടലുകള്‍ ഉണ്ടാവില്ലെന്നും സ്ത്രീകള്‍ക്ക് അവരവരുടെ ജില്ലയില്‍ തന്നെ നിയമനം നല്‍കുമെന്നുമൊക്കെ ഉച്ചൈസ്തരം ഘോഷിച്ച മന്ത്രിയിപ്പോള്‍  മിണ്ടുന്നില്ല. കാര്യമെന്തെന്നോ? അടുത്തിടെ സംസ്ഥാനത്ത് നടത്തിയ  പല സ്ഥലം മാറ്റങ്ങളും റദ്ദു ചെയ്യപ്പെട്ടു... സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ച വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു മാസത്തിനകം ലഭിച്ചത് രണ്ടും മൂന്നും സ്ഥലം മാറ്റ ഉത്തരവുകള്‍. മന്ത്രിക്കു മേലെയാണ് ജില്ലാ സെക്രട്ടറിയെന്നും ചില പാര്‍ട്ടി നേതാക്കളും എന്ന് തിരിച്ചറിയാന്‍ മന്ത്രി വൈകി !!! എപ്പോൾ വേണമെങ്കിലും സ്ഥാനചലനം സംഭവിക്കാമെന്നായതോടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ ഉദ്യോഗസ്ഥരും ശുഷ്കാന്തി കാട്ടുന്നില്ല. ചുരുക്കത്തിൽ പവനായി  ശവമായി  എന്ന അവസ്ഥയാണ്  എന്ന് പറഞ്ഞാല്‍ മതിയല്ലോ!Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K