17 March, 2020 03:58:10 PM


കൊവിഡ് 19: കുടിവെള്ള വിതരണത്തില്‍ ശുചിത്വം ഉറപ്പാക്കാതെ തദ്ദേശസ്ഥാപനങ്ങള്‍



സംസ്ഥാനത്ത് ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ വിശദമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍. ജനപ്രതിനിധികള്‍ വരെ അണിചേര്‍ന്നിട്ടുള്ള കുടിവെള്ള മാഫിയാ നിലവില്‍ ജലവിതരണം നടത്തുന്നതാകട്ടെ പഴയതും പുതിയതുമായ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയും. സംസ്ഥാനമാകെ കോവിഡ് 19 ഭീഷണിയില്‍ നില്‍ക്കുമ്പോഴും കുടിവെള്ളവിതരണത്തില്‍ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്ന കാര്യത്തില്‍ അധികൃതരുടെ കണ്ണുകള്‍ അടഞ്ഞുതന്നെ.


സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കുടിവെള്ള സ്രോതസ്സുകള്‍ക്കും വെള്ളം വിതരണം ചെയ്യുന്നവര്‍ക്കും എഫ്.ബി.ഒ ലൈസന്‍സ് ഉണ്ടായിരിക്കണം. ഇത്തരം ലൈസന്‍സ് ഉള്ള കുടിവെള്ള സ്രോതസ്സുകളില്‍ നിന്ന് ലൈസന്‍സുള്ള ടാങ്കര്‍ ലോറികളില്‍ മാത്രമേ കുടിവെള്ള വിതരണം നടത്താന്‍ പാടുള്ളൂ. കുടിവെള്ള വിതരണത്തിനായി ഏതെങ്കിലും വ്യക്തി ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍  വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറുകള്‍, ലൈസന്‍സില്‍ കൃത്യമായി രേഖപ്പെടുത്തി പ്രത്യേകം ലൈസന്‍സുകള്‍ എടുത്തിരിക്കണം. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ വാടക വാഹനങ്ങള്‍ക്കും ലൈസന്‍സ് എടുക്കണം. വാഹനങ്ങളില്‍ ലൈസന്‍സ് നമ്പര്‍ പ്രദര്‍ശിപ്പിച്ചിരിക്കണം.


കുടിവെള്ള വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ കുടിവെള്ളം എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തണം. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളമാണെങ്കില്‍ നിര്‍മ്മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എന്ന് രേഖപ്പെടുത്തണം. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളം വ്യക്തമായി രേഖപ്പെടുത്താതെ കൊണ്ടുപോയാല്‍ അത് കുടിവെള്ളമായി പരിഗണിച്ച് നിയമനടപടികള്‍ സ്വീകരിക്കാം. ടാങ്കുകള്‍ വൃത്തിയാക്കുന്നതിന് അടച്ചുറപ്പുള്ള ആക്സസ് പോയന്റ് ടാങ്കുകളില്‍ ഉണ്ടായിരിക്കണം. ക്ലോറിന്‍ ടെസ്റ്റ് കിറ്റ് എല്ലാ കുടിവെള്ള വിതരണ വാഹനങ്ങളിലും ഉണ്ടായിരിക്കേണ്ടതും വാഹന ജീവനക്കാരിലൊരാള്‍ ഇത് ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കേണ്ടതുമാണ്.


കുടിവെള്ളം ശേഖരിക്കുന്ന ടാങ്കുകളുടെ ഉള്‍വശം ബിറ്റുമിനാസ്റ്റിക് ആവരണമോ മറ്റ് അനുവദനീയ ആവരണങ്ങളോ ഉള്ളവയായിരിക്കണം. ടാങ്കുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ക്ലോറിനേഷനിലൂടെ അണുവിമുക്തമാക്കണം. കൂടാതെ ടാങ്കുകളിലേക്ക് വെള്ളം നിറക്കുന്നതിനും പുറത്തേക്ക് വിതരണം ചെയ്യുന്നതിനുള്ള പമ്പുകള്‍, പൈപ്പുകള്‍ എന്നിവ ശുചീകരിച്ചിരിക്കണം. ടാങ്കറിലെ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്ത് അണു വിമുക്തമായിരിക്കണം. കുടിവെള്ള സ്രോതസ്സുകളിലെ ജലം ആറ് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലോ എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ലാബുകളിലോ പരിശോധിച്ച് ശുദ്ധമാണെന്ന സര്‍ട്ടിഫിക്കറ്റുകള്‍ നേടണം.


കുടിവെള്ളവിതരണ വാഹനങ്ങളില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോര്‍ട്ട്, കുടിവെള്ള ടാങ്കറിന്റെ ശേഷി, കോട്ടിംഗ് എന്നിവയുടെ തെളിവ് അടങ്ങിയ രേഖകള്‍ ഉണ്ടായിരിക്കണം. വെള്ളം ശേഖരിക്കുന്ന സ്രോതസ്സിന്റെ ഫുഡ് സേഫ്റ്റി ലൈസന്‍സ് വിവരങ്ങള്‍, വിതരണം ചെയ്യുന്ന സ്ഥലങ്ങള്‍, ടാങ്ക് ശുചീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുതലായവ കുടിവെളള വിതരണ വാഹനത്തില്‍ സൂക്ഷിക്കണം. മേല്‍പ്പറഞ്ഞ രേഖകള്‍ ഇല്ലാതെ കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ് ഉണ്ടായിരുന്നത്.


കുടിവെള്ളം പുറമേ നിന്ന് വാങ്ങുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഉളള വിതരണക്കാരില്‍ നിന്ന് മാത്രമേ വാങ്ങി ഉപയോഗിക്കാവൂ. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഫ്‌ലാറ്റുകള്‍, ആശുപത്രികള്‍, വീടുകള്‍, കുടിവെള്ളം ആവശ്യമുള്ള മറ്റ് സംരംഭകര്‍ എന്നിവര്‍ കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം. ഈ രജിസ്റ്ററില്‍ കുടിവെള്ള സ്രോതസ്സ്, പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, വാങ്ങുന്ന വെള്ളത്തിന്റെ കൃത്യമായ അളവ് (ലിറ്ററില്‍), വിതരണക്കാരന്റെ ലൈസന്‍സ് വിവരങ്ങള്‍, വിതരണം സംബന്ധിച്ച കരാര്‍ പകര്‍പ്പ് എന്നിവ സൂക്ഷിച്ചിരിക്കണം. ഈ രജിസ്റ്റര്‍ സൂക്ഷിക്കാതിരുന്നാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അറിയിപ്പുണ്ടായിരുന്നു.


ഈ നിര്‍ദ്ദേശങ്ങളൊക്കെ ഉണ്ടായിട്ടും ഇത് നടപ്പിലാക്കേണ്ട തദ്ദേശസ്ഥാപനങ്ങള്‍ അതിനുള്ള ഒരു നടപടികളും എവിടെയും സ്വീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് മലിനജലം വിതരണം ചെയ്യുന്നത് പിടിക്കപ്പെട്ട തലസ്ഥാനത്തും എറണാകുളത്തും മാത്രമാണ്. കഴിഞ്ഞ വേനലില്‍ ഏറ്റുമാനൂര്‍ നഗരസഭ വിതരണം ചെയ്ത വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തിയിട്ടും നടപടികള്‍ സ്വീകരിക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. വേനല്‍ കനത്ത സാഹചര്യത്തില്‍ പ്രത്യേകിച്ച് കൊറോണാ വൈറസ് അനിയന്ത്രിതമായി പടരുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വെള്ളം എങ്ങിനെയുള്ള ഉറവിടങ്ങളില്‍ നിന്നാണെന്ന ആശങ്ക ജനങ്ങളില്‍ നിലനില്‍ക്കുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K