25 February, 2019 06:18:41 PM
മൂലമറ്റത്ത് മറ്റൊരു പവ്വർ ഹൗസ് കൂടി സ്ഥാപിക്കുന്നത് പരിഗണനയിൽ - മന്ത്രി എം.എം.മണി

ഏറ്റുമാനൂർ: ഊർജ ഉത്പാദന രംഗത്ത് പുതിയ മാർഗ്ഗം തേടാതെ മുന്നോട്ടു പോകാൻ കഴിയില്ലന്നും മൂലമറ്റത്ത് നിലവിലുള്ള പവ്വർഹൗസിന്‍റെ സ്ഥാനത്ത് അതേ ശേഷിയുള്ള മറ്റൊരു പവ്വർഹൗസ് കൂടി സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചു വരുകയാണന്നും മന്ത്രി എം.എം.മണി പറഞ്ഞു. അതിനുള്ള പഠനങ്ങൾ പൂർത്തിയായി. നിലവിലുള്ള വെള്ളം കൊണ്ട് തന്നെ പുതിയ പവ്വർ ഹൗസ് രാത്രിയിലും പ്രവർത്തിപ്പിക്കാനാവും. ഇതോടെ രാത്രിയിലെ ആവശ്യത്തിന് വൈദ്യുതി തടസമില്ലാതെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രസരണനഷ്ടം കുറച്ച് തടസ്സരഹിതമായി വൈദ്യുതി ആവശ്യാനുസരണം ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുളള ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂരില്‍ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ (ജിഐഎസ്) സബ് സ്റ്റേഷന്‍റെ നിര്‍മ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ.കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പ്രസരണ വിഭാഗം ദക്ഷിണ മേഖല ചീഫ് എഞ്ചിനിയർ വി. ബ്രിജ്‌ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.