01 November, 2021 12:18:51 PM


ടാര്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ റോഡിന് നടുവില്‍ 'വൈദ്യുതി പോസ്റ്റ്'; നടപടികളുമായി മന്ത്രി



തൃശൂര്‍: റോഡിന് നടുവിലുള്ള വൈദ്യുതി പോസ്റ്റ് കാണാതെ ടാറിങ് നടത്തിയ ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. രണ്ടു ആഴ്ചയ്ക്ക് മുന്‍പ് ടാര്‍ ചെയ്ത റോഡിന്‍റെ നടുക്ക് സ്ഥിതിചെയ്ത വൈദ്യുതി പോസ്റ്റ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. തമ്പുരാന്‍പടി-കണ്ടുബസാര്‍ റോഡില്‍ പുന്നയൂര്‍ പഞ്ചായത്തിലെ ഏരിമ്മല്‍ ക്ഷേത്രത്തിന് സമീപമാണ് റോഡിന് നടുവില്‍ വൈദ്യുതി പോസ്റ്റ് നിന്നത്. റോഡിലാകെ ഇത്തരത്തില്‍ 21 പോസ്റ്റുകളാണ് ഉണ്ടായിരുന്നത്.

പോസ്റ്റ് മാറ്റാനുള്ള തുക എസ്റ്റിമേറ്റില്‍ ഇല്ലെന്നായിരുന്നു നിര്‍മാണം നടത്തുന്ന നാഷണല്‍ ഹൈവേ അതോറിറ്റി വിഭാഗത്തിന്‍റെ വാദം. റോഡിലേക്ക് കയറി നില്‍ക്കുന്ന 21 പോസ്റ്റുകള്‍ മാറ്റാന്‍ 3.10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പോസ്റ്റുകള്‍ മാറ്റാതെ റോഡ് ടാര്‍ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പുന്നയൂരിലെ പൊതുപ്രവര്‍ത്തകനാണ് മന്ത്രിയെ പരാതിയുമായി സമീപിച്ചത്. പ്രദേശത്ത് റോഡിലേക്ക് കയറി നില്‍ക്കുന്ന 20 പോസ്റ്റുകള്‍ അടുത്ത ദിവസം മാറ്റും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K