04 April, 2022 06:40:17 PM


എംകെഡി സെന്‍റർ കേരള നീതിന്യായ ചരിത്രത്തിൽ വഴിത്തിരിവ് - മുഖ്യമന്ത്രി



കൊച്ചി: മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടിയ മികച്ച അഭിഭാഷകനായിരുന്നു എം കെ ദാമോദരൻ എന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുകയാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രത്തിന്‍റെ  മുഖ്യ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നുവാൽസിൽ എം. കെ. ദാമോദരൻ അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.



കേരളത്തിന്റെ നീതിന്യായ വ്യവസ്ഥയുടെയും നുവാൽസിന്റെയും ചരിത്രത്തിൽ ഇതൊരു സുപ്രധാന ചുവടുവെപ്പാകും  എന്ന കാര്യത്തിൽ  സംശയമില്ല. ലെജിസ്ലേചർ , എക്സിക്യൂട്ടീവ് , ജൂഡിഷ്യറി എന്നിവയെ നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയുടെ ഭാഗമായി ശാക്തീകരിക്കാൻ വേണ്ട ഇടപെടൽ എം കെ ദാമോദരൻ എന്നും മുന്നിൽ നിന്നിരുന്നു. പുതിയ വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികളെയും യുവ അഭിഭാഷകരെയും പ്രാപ്തരാക്കാൻ ഈ കേന്ദ്രത്തിനു  കഴിയണം. ആത്യന്തികമായി നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയുള്ളതാണെന്നും നീതിന്യായവ്യവസ്ഥ നിലകൊള്ളുന്നത് തന്നെ മനുഷ്യർക്ക് വേണ്ടിയുള്ളതാണെന്നും ഉൾക്കൊണ്ടതുണ്ട്. ഈ വിധത്തിൽ ഉന്നതമായ മാനവിക കാഴ്ചപ്പാടോടു കൂടി നിയമങ്ങളെയും നീതിന്യായ വ്യവസ്ഥയെയും സമീപിക്കാൻ പരിശീലിപ്പിക്കാൻ എം കെ ദാമോദരൻ കേന്ദ്രത്തിനു കഴിയുമെന്നു മുഖ്യമന്ത്രി പ്രത്യാശിച്ചു.



വ്യവസായ, നിയമ വകുപ്പ്‌ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓഫീസ് ഉദ്‌ഘാടനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ്, ബാർ കൗൺസിൽ ഓഫ് കേരള  ചെയർമാൻ  അനിൽകുമാർ കെ. എൻ., വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി, രജിസ്ട്രാർ മഹാദേവ് എം. ജി.  എന്നിവർ പ്രസംഗിച്ചു. പുതിയ കേന്ദ്രത്തിന്‍റെ ഗവെർണിങ് ബോഡി ചെയർമാൻ ആകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വൈസ് ചാൻസിലർ അറിയിച്ചു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K