01 November, 2022 10:23:15 PM


നോട്ടീസ് നൽകാതെ ജപ്തി; വീട് തിരികെ നൽകുമെന്ന് മന്ത്രി വി.എന്‍. വാസവൻ



തൃശൂര്‍: മുണ്ടൂരില്‍ തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ജപ്തി ചെയ്ത വീട് തിരിച്ചുനല്‍കുമെന്ന് സഹകരണമന്ത്രി വിഎ ന്‍ വാസവന്‍. റിസ്‌ക് ഫണ്ടില്‍ നിന്ന് ആവശ്യമായ പണം നല്‍കും. ഇതിനായി സഹകരണ ജോയിന്‍റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും ജപ്തി കോടതി ഉത്തരവു പ്രകാരമെന്നും സഹകരണമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

''യഥാര്‍ത്ഥത്തില്‍ അത് കോടതി ഉത്തരവിനെ തുടര്‍ന്നാണ്. കോടതി ഉത്തരവാണെങ്കില്‍ പോലും ചെറിയ തുണ്ടം ഭൂമി ജപ്തി ചെയ്യുമ്പോള്‍ പുതിയ ഷെല്‍ട്ടര്‍ ഉണ്ടാക്കിയേ അത് ചെയ്യാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്‍റെ അടിസ്ഥാനത്തില്‍ രാവിലെ ജോയിന്‍റ് രജിസ്ട്രാറെ അവിടെക്ക് പറഞ്ഞയച്ചിട്ടുണ്ട്. പാവങ്ങളാണെങ്കില്‍ ജപ്തി ചെയ്ത സ്ഥലവും വീടും തിരിച്ചുകൊടുക്കും. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും''- മന്ത്രി പറഞ്ഞു.

ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തെ പെരുവഴിയിലാക്കിയായിരുന്നു വീട് ജപ്തി ചെയ്ത് തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്‍റെ നടപടി. മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരെ വീടിനു പുറത്താക്കിയാണ് ബാങ്ക് ഭരണസമിതി വീട് ജപ്തി ചെയ്തത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് ബാങ്ക് വീട് പൂട്ടി പോയത്. ഉടുതുണിയും ഭക്ഷണ സാധനങ്ങളും അടക്കം വീടിനുള്ളിലാക്കി സീല്‍ ചെയ്യുകയായിരുന്നു.

അച്ഛന്‍റെ ക്യാന്‍സര്‍ ചികിത്സയ്ക്കുവേണ്ടിയാണു ഒന്നരലക്ഷം രൂപ കടമെടുത്തത്. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശയുള്‍പ്പെടെ അഞ്ചു ലക്ഷം രൂപ തിരിച്ചടിക്കാനുണ്ടെന്ന് അറിയിച്ച് ബാങ്ക് ജപ്തി ചെയ്യുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K