02 February, 2023 03:25:23 PM


പിഎഫ്ഐ ഹർത്താൽ ജപ്തി; 18 പേരെ ഒഴിവാക്കാൻ ഹൈകോടതി; പിഴവ് ഉണ്ടായെന്ന് സർക്കാർ



കൊച്ചി: പോപ്പുലർ ഫ്രണ്ട് ബന്ധമില്ലാത്തവരെ ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി. ഹർത്താൽ അക്രമ കേസുകളിൽ നടപടികൾ നേരിട്ട പിഎഫ്ഐയുമായി ബന്ധമില്ലാത്ത 18 പേരെ ഒഴിവാക്കാനും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു.‌ ജപ്തി നടപടികളിൽ പിഴവ് സംഭവിച്ചു എന്ന സർക്കാർ സത്യവാങ്മൂലം പരിഗണിച്ച് കൊണ്ടാണ് കോടതി ഉത്തരവ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവർക്ക് എതിരെ എടുത്ത നടപടി നിർത്തി വെയ്ക്കാൻ നിർദേശം നൽകിയെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമ കേസിൽ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ അടങ്ങിയ സത്യവാങ്മൂലത്തിലാണ് ജപ്തി നടപടിയിൽ പിഴവ് പറ്റിയെന്ന് സർക്കാർ സമ്മതിച്ചത്. പി എഫ് ഐയുമായി ബന്ധമില്ലാത്തവരുടെ വസ്തുവകകളും ജപ്തി ചെയ്തവയിലുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ജപ്തി നടപടികൾ പൂർത്തിയാക്കിയത് കാരണമാണ് തെറ്റ് സംഭവിച്ചതെന്നും വിശദീകരിക്കുന്നു. പേരിലെയും സർവേ നമ്പറുകളിലേയും സാമ്യം മൂലമാണ് പിഴവ് സംഭവിച്ചത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവർക്ക് എതിരെ എടുത്ത നടപടി നിർത്തി വെയ്ക്കാൻ നിർദേശം നൽകിയെന്നും സർക്കാർ അറിയിച്ചു.

സത്യവാങ് മൂലം പരിഗണിച്ച കോടതി പോപ്പുലർ ഫ്രണ്ട് ബന്ധമില്ലാത്തവരെ ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കാൻ ഉത്തരവിട്ടു. ഹർത്താൽ അക്രമ കേസുകളിൽ നടപടികൾ നേരിട്ട പിഎഫ്ഐയുമായി ബന്ധമില്ലാത്ത 18 പേരെ ഒഴിവാക്കാനാണ് ഹൈക്കോടതി നിർദേശം. പിഴവ് പറ്റിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഹർത്താൽ അക്രമങ്ങളിലേ നഷ്ടം തിട്ടപ്പെടുത്താൻ നിയോഗിച്ച ക്ലെയിംസ് കമ്മീഷണർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരു മാസത്തിനകം ഒരുക്കണമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും സി പി മുഹമ്മദ് നിയാസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K