08 March, 2023 02:40:24 PM


'മൈക്ക് ഓപ്പറേറ്ററെ അപമാനിച്ചത് ശരിയായില്ല'; ഗോവിന്ദനെതിരെ ലൈറ്റ് & സൗണ്ട് അസോസിയേഷൻ

'മൈക്ക് ഓപ്പറേറ്ററെ അപമാനിച്ചത് ശരിയായില്ല'; എം വി ഗോവിന്ദനെതിരെ ലൈറ്റ് & സൗണ്ട് അസോസിയേഷൻ https://www.kairalynews.com/news/39607/-it-was-not-right-to-insult-the-mic-operator--mv-govindan-vs--light---sound-association



തൃശൂര്‍‌: മാളയിൽ ജനകീയ പ്രതിരോധ ജാഥ വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച സംഭവം വേദനാജനകമെന്ന് തൃശൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ. പൊതു വേദിയിൽ മൈക്ക് ഓപ്പറേറ്ററേ ശകാരിച്ചത് ശരിയായില്ലെന്നും എം വി ഗോവിന്ദൻ ശരിയായ രീതിയിൽ അല്ല പ്രസംഗിച്ചതെന്നും അസോസിയേഷൻ പറയുന്നു.

വര്‍ഷങ്ങളോളം പരിചയ സമ്പത്തുള്ള ആളാണ് മാളയിലെ മൈക്ക് ഓപ്പറേറ്റർ. ഇത്രയും ആളുകളുടെ മുന്നിൽ വച്ചു അപമാനിച്ചത് ശരിയായില്ല. സംഭവത്തിൽ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. എം വി ഗോവിന്ദന്‍റെ പ്രതികരണം വിഷമം ഉണ്ടാക്കിയെന്ന് മൈക്ക് ഓപ്പറേറ്റര്‍ പറഞ്ഞു. 

ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിനോട് ചേർന്നു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ ഗോവിന്ദന്‍ പരസ്യമായി ശാസിക്കുകയായിരുന്നു. കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയ സംഭവത്തിൽ ഗോവിന്ദൻ വിശദീകരണം നൽകുന്നതിനിടെ യുവാവ് വേദിയിലേക്ക് കയറിവന്ന് മൈക്കിന് അടുത്തുനിന്ന് സംസാരിക്കാമോ എന്ന ചോദിച്ചതാണ് ഗോവിന്ദനെ പ്രകോപിപ്പിച്ചത്. 

 "അങ്ങോട്ട് പോയ്ക്കോ.. നിന്‍റെ മൈക്കിന്‍റെ തകരാറിന് ഞാനാണോ ഉത്തരവാദി" എന്നു ചോദിച്ച് അദ്ദേഹം മൈക്ക് ഓപ്പറേറ്ററെ വേദിയിൽ നിന്നും ഇറക്കി വിടുകയായിരുന്നു. തുടർന്ന് മൈക്ക് ഓപ്പറേറ്ററെ കുറ്റപ്പെടുത്തി സദസിൽ സംസാരിക്കുകയും ചെയ്തു. 

ശബ്ദം കുറഞ്ഞപ്പോൾ ഒന്ന് അടുത്ത് നിന്നു സംസാരിക്കാൻ മാത്രമേ പറഞ്ഞുള്ളൂ. പൊതു പ്രവർത്തകർ മൈക്ക് ബാലൻസിങ് പഠിക്കണം. അതറിയാത്തതിന്‍റെ പ്രശ്നമാണ് മാളയിൽ സംഭവിച്ചത്. ഖേദം പ്രകടിപ്പിക്കണം എന്ന് ആവശ്യപ്പെടില്ല അതൊക്കെ ഗോവിന്ദന് വിട്ടു കൊടുക്കുന്നു. മൈക്കിന് അറിയില്ല ഏതു പാർട്ടിയുടെ ആളാണ് സംസാരിക്കുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K