25 April, 2023 05:27:08 PM


എം.ജി. സർവകലാശാലയിലെ നൂതന പദ്ധതികൾ സമൂഹത്തിന് ഗുണകരം - മന്ത്രി ഡോ. ആർ ബിന്ദു


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പഠന, ഗവേഷണ, സംരംഭകത്വ മേഖലകളുമായി ബന്ധപ്പെട്ട് തുടക്കം കുറിച്ച നൂതന പദ്ധതികൾ സമൂഹത്തിന് ഗുണകരായ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നവയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.  സർവകലാശാലയിൽ സ്‌കൂൾ ഓഫ് പോളിമെർ സയൻസ് ആന്റ്് ടെക്നോളജി, സെൻറർ ഫോർ അൾട്രാ ഫാസ്റ്റ് സ്റ്റഡീസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പോളിമെർ സയൻസ് പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമെന്ന ഖ്യാതി സ്വന്തമാക്കിയാണ് എം.ജി. സർവകലാശാല ഇപ്പോൾ വിപുലമായ പഠന സൗകര്യങ്ങൾ ഒരുക്കുന്നത്.  ഈ മേഖലയിലെ   ഗവേഷണഫലങ്ങൾ ജനങ്ങൾക്ക് ഉപകരിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റുന്നതിന് ഇൻഡസ്ട്രി അക്കാദമിയ ഇൻറർഫേസ് സെൻറർ  ഉപകരിക്കും. 

സർവകലാശാലയുടെ മതിലിനു പുറത്തെ ജീവിതങ്ങളിൽ പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ നമ്മുടെ ലാബോറട്ടറികൾക്ക് കഴിയണം. ആ ദിശയിൽ നിർണായക സംഭാവന നൽകാൻ സ്‌കൂൾ ഓഫ് പോളിമെർ സയൻസിന് സാധിക്കും. 

ഗവേഷണ പ്രവർത്തനങ്ങളിലൂടെയും അറിവന്വേഷണങ്ങളിലൂടെയും കണ്ടെത്തുന്ന വസ്തുതകൾ സമൂഹത്തിൻറെ പുരോഗതിക്കും ജനങ്ങളുടെ ജീവിത നിലവാര വർധനവിനും നാടിൻറെ സമ്പദ്ഘടനയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുമ്പോഴാണ് സർക്കാർ വിഭാവനം ചെയ്യുന്ന  വൈജ്ഞാനിക സമൂഹം യാഥാർത്ഥ്യമാകുക- മന്ത്രി കൂട്ടിച്ചേർത്തു.

ഗവേഷണ, വ്യസായ മേഖലകളെ കോർത്തിണക്കുന്ന ഇൻഡസ്ട്രി അക്കാമിയ ഇൻറർഫേസ് സെൻററിൻറെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.  ഗവേഷണ മേഖലയും വ്യവസായങ്ങളുമായുള്ള അകലം കുറയക്കുന്നതിന് ഉപകരിക്കുന്നക്രിയാത്മക ചുവടുവയ്പ്പാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷകരും അക്കാദമിക് വിദഗ്ധരും വ്യവസായ മേഖലയിലെ പ്രഫഷണലുകളും സഹരിക്കുന്നതും ആശയങ്ങൾ പങ്കുവയ്ക്കുന്നതും നാടിന്റെ വികസനത്തിന് കരുത്തു പകരും- മന്ത്രി കൂട്ടിച്ചേർത്തു.

സർവകലാശാലാ റിസർച്ച് പോർട്ടലിൻറെയും ഗ്രിവൻസ് പോർട്ടലിൻറെയും ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി. നിർവഹിച്ചു. 

സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. പോളിമെർ സയൻസ് പഠന വിഭാഗത്തിന്റെ ബുക് ലെറ്റിൻറെ പ്രകശാനം സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ മന്ത്രി ഡോ. അർ. ബിന്ദുവിന് നൽകി നിർവഹിച്ചു. മദ്രാസ് ഐ.ഐ.ടിയിലെ ഡോ. ആർ. ദാമോദരൻ, പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

 പോളിമെർ സയൻസ്,പോളിമെർ ടെക്നോളജി, പോളിമെർ എൻജിനീയറിംഗ്, പോളിമെർ നാനോ ടെക്നോളജി മേഖലകളിലെ പഠനങ്ങളും ഗവേഷണങ്ങളും സമൂഹത്തിന് ഗുണകരമാകുന്ന വിധത്തിൽ ഊർജ്ജിതമാക്കുന്നതിന് സ്‌കൂൾ ഓഫ് പോളിമെർ സയൻസ് ആന്റ് ടെക്നോളജി ലക്ഷ്യമിടുന്നു.

റബർ വ്യവസായ മേഖലയുമായി സഹകരിച്ച് സ്‌കൂൾ ഓഫ് പോളിമെർ സയൻസിനു കീഴിൽ ഹൃസ്വകാല കോഴ്സുകൾ ആരംഭിക്കും.  ടയർ എൻജിനിയറിംഗ്, ഇൻഡസ്ട്രിയൽ പോളിമെർ ടെക്നോളജി, സ്വഭാവിക റബറിന്റെ ഉപയോഗ സാധ്യതകൾ വർധിപ്പിക്കുന്നതിന് ഉപകരിക്കുന്ന നാച്വറൽ റബർ ലാറ്റക്സ് ടെക്നോളജി, ഡ്രൈ റബർ ടെക്നോളജി, റബർ റീസൈക്ലിംഗ് എന്നീ കോഴ്സുകളാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുക.

അൾട്രാഫാസ്റ്റ് സ്പെക്ട്രോസ്‌കോപ്പി, ഫോട്ടോ ഫിസിക്സ്, ഫോട്ടോ കെമിസ്ട്രി തുടങ്ങിയ മേഖലകളിലെ സ്പെഷ്യലൈസേഷൻ ലക്ഷ്യമിട്ടാണ് സെൻറർ ഫോർ അൾട്രാ ഫാസ്റ്റ് സ്റ്റഡീസ് തുറക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K