26 April, 2023 06:50:00 PM


എം.ജി സര്‍വകലാശാലയില്‍ നാനോ സയന്‍സ് ഗവേഷണത്തിന് മികവിന്‍റെ കേന്ദ്രം തുടങ്ങും



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നാനോ സയന്‍സ് ആന്‍റ് നാനോ ടെക്ടനോളജിയില്‍ നൂതന ഗവേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ മികവിന്‍റെ കേന്ദ്രം ആരംഭിക്കും.  2021-22, 2023 -24 സാമ്പത്തിക വര്‍ഷങ്ങളിലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.  കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ സ്ഥാപിക്കുന്ന കേന്ദ്രത്തിന്‍റെ  വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കണമെന്നും സമയബന്ധിതമായി  നടപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

നാനോ സയന്‍സ് പഠന, ഗവേഷണ മേഖലകളിലെ എം.ജി. സര്‍വകലാശാലയുടെ മികവിനുള്ള അംഗീകാരമാണ് പദ്ധതിയെന്നും വിപുലമായ വികസന സാധ്യതകളാണ് ഇതിലൂടെ തുറന്നുകിട്ടുന്നതെന്നും വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് പറഞ്ഞു. 

സര്‍വകലാശാല സമര്‍പ്പിച്ച പദ്ധതി നിര്‍ദേശവും വൈസ് ചാന്‍സലറുടെ അവതരണവും രാജ്യാന്തര തലത്തിലുള്ള വിദഗ്ധര്‍ അടങ്ങുന്ന സമിതി വിലയിരുത്തിയതിനുശേഷമാണ് സെന്‍റര്‍ ഓഫ് എക്‌സലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

നിരവധി മേഖലകളില്‍ പ്രയോജനപ്രദമാകുന്ന വിധത്തില്‍ നാനോ സയന്‍സ് ആന്‍റ് നാനോ ടെക്‌നോളജിയില്‍ നൂതന ഗവേഷണങ്ങളാണ് പുതിയ കേന്ദ്രം വിഭാവനം ചെയ്യുന്നത്.  സെന്‍സര്‍ ഡെവലപ്‌മെന്‍റ് ആന്‍റ് എന്‍വയോണ്‍മെന്‍റല്‍ റീമീഡിയേഷന്‍, നാനോ ടെക്‌നോളജി ഫോര്‍ എനര്‍ജി, പോളിമെര്‍ നാനോ കോംപസിറ്റ്‌സ്, നാനോ മെഡിസിന്‍, കമ്പ്യൂട്ടേഷണല്‍ നാനോ സയന്‍സ്, സോഷ്യല്‍ എത്തിക്കല്‍ ആന്‍റ് ലീഗല്‍ ഇഷ്യൂസ് എന്നിങ്ങനെ ആറ് പ്രധാന ഗവേഷണ മേഖലകളാകും കേന്ദ്രത്തിലുണ്ടാവുക. 

ഓരോ കേന്ദ്രത്തിന്‍റെയും മേധാവികളായി അതത് മേഖലകളിലെ വിദഗ്ധര്‍ പ്രവര്‍ത്തിക്കും. ഏറ്റവും പുതിയ ഇന്‍സ്ട്രുമെന്‍റേഷന്‍ സൗകര്യങ്ങളും ആഗോളപ്രശസ്തരായ ശാസ്ത്രജ്ഞരുടെയും വിഷയ വിദഗ്ധരുടെയും സഹകരണവും ലഭ്യമാകും. മുന്‍നിര സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ഗവേഷണ പദ്ധതികള്‍, ദേശീയ, രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവും സെന്‍റര്‍ ഓഫ് എക്‌സലന്‍സ് ലക്ഷ്യമിടുന്നു. 

സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. ജനസംഖ്യയില്‍ ലോകത്തില്‍ ഒന്നാമതെത്തിയ ഇന്ത്യയില്‍ ആരോഗ്യം, ഊര്‍ജോത്പാദനം തുടങ്ങിയ മേഖലകളില്‍  വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാനോ ടെക്‌നോളജിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനാകും. ഈ രംഗത്ത് നിര്‍ണായക സംഭാവന നല്‍കാന്‍ എം.ജി. സര്‍വകലാശാലയിലെ മികവിന്‍റെ കേന്ദ്രത്തിന് സാധിക്കും. ആദ്യ ഘട്ടത്തില്‍ കേന്ദ്രത്തിന് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും നൂതന ലാബോറട്ടറികള്‍ സജ്ജമാക്കുകയും വേണം. ഭാവിയില്‍ നാനോടെക്‌നോളജിയില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളുടെ വിപണനം വരെ ലക്ഷ്യമിടുന്നു- അദ്ദേഹം വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K