26 May, 2023 12:13:29 PM


പ്രൊബേഷന്‍ കഴിയും മുന്‍പേ കൈക്കൂലി കേസില്‍ വിഇഒ പിടിയില്‍



തൃശ്ശൂര്‍: പ്രൊബേഷന്‍ കഴിയും മുന്‍പേ കൈക്കൂലി കേസില്‍ വിഇഒ പിടിയില്‍. കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസർ പി.ആര്‍. വിഷ്ണു ആണ് പിടിയിലായത്. പഞ്ചായത്ത് അംഗത്തോടാണ് കൈക്കൂലി ചോദിച്ച് വാങ്ങിയതിന് പിന്നാലെയാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് പിടിവീഴുന്നത്.

കഴിഞ്ഞ ജനുവരി പത്തിനാണ് പി.ആര്‍. വിഷ്ണു വിഇഒ ആയി ചുമതലയേറ്റത്. പഞ്ചായത്തിലെ ഭവന നിര്‍മ്മാണം, പുനരുദ്ധാരണം, ശുചിത്വ പദ്ധതി എന്നിവയിലെ പണം വിതരണം ചെയ്യുന്നതും നിര്‍മാണം വിലയിരുത്തുന്നതും വിഇഒയുടെ ചുമതലയായിരുന്നു. ജോലിക്കു കേറി ഒരുമാസത്തിൽ തന്നെ വിഷ്ണുവിനെ പറ്റി വ്യാപക പരാതി ഉയർന്നിന്നു. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി വിഷ്ണുവിനെ ഒരുവട്ടം താക്കീതും ചെയ്തു. എങ്കിലും കൈക്കൂലി ഈടാക്കുന്നതില്‍ മാറ്റമൊന്നും ഉണ്ടായില്ല.

ഇതിനിടയിലാണ് പഞ്ചായത്ത് അംഗം ഷെഫീഖിനോടു കൈക്കൂലി ചോദിക്കുന്നതും പിടിയിലാക്കുന്നതും. കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് നടന്ന ഫെബ്രുവരി പത്തിന് തന്നെ വിഷ്ണുവിനെ സര്‍വ്വീസില്‍ നിന്ന് സസ്പന്‍റ് ചെയ്തിരുന്നു. സസ്പന്‍ഷന്‍ കാലത്ത് ജീവന ബത്തയായി പകുതി ശമ്പളം ലഭിക്കുന്നുണ്ട്. മൂന്നുമാസത്തിനിപ്പുറം വിജിലന്‍സ്, കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. വിജിലന്‍സ് ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം കുറ്റപത്രം കോടതിയിലെത്തും.

സസ്പന്‍ഷനിലാവുന്ന ഉദ്യോഗസ്ഥരുടെ വകുപ്പുതല നടപടി ആറുമാസത്തിനുള്ളില്‍ പുന:പരിശോധിക്കാമെന്നാണ് ചട്ടം. എന്നാല്‍ പ്രൊബേഷന്‍ പൂര്‍ത്തിയാവും മുന്പ് കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ടതിനാല്‍ സര്‍വ്വീസിലേക്കുള്ള മടങ്ങിവരവ് വിഇഒയ്ക്ക് എളുപ്പമാകില്ലെന്നാണ് സൂചന. കൈക്കൂലി കേസിലെ കോടതി വിധിയെ ആശ്രയിച്ചിരിക്കും സസ്പന്‍ഷനിലുള്ള ഉദ്യോഗസ്ഥനെ ജോലിയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച തീരുമാനമെന്നാണ് സൂചന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K