13 June, 2023 11:33:35 AM


കെ വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപ: പാരിതോഷികം പ്രഖ്യാപിച്ച് തൃശ്ശൂരിലെ മലയാളവേദി



തൃശൂര്‍: അധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ ഏക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയെ എട്ടാം ദിവസവും പിടികൂടാനാകാതെ കേരള പൊലീസ്.

ഹൈക്കോടതിയിൽ സമർപ്പിച്ച വിദ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇതുവരെ പരിഗണനയ്ക്ക് എത്തിയിട്ടില്ല. ഇതിനിടെ, പൊലീസ് അന്വേഷണം മന്ദഗതിയിലാക്കി എന്ന ആരോപണവും ശക്തമാണ്. അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുളള നീക്കത്തിലാണ് അഗളി പൊലീസ്.

കെ വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശ്ശൂരിലെ മലയാള വേദി. വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപയും വിവരം നൽകുന്നവർക്ക് 5000 രൂപയുമാണ് പാരിതോഷികം. കേസിൽ എട്ട് ദിവസം പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് മലയാള വേദി പ്രവർത്തകർ ഇതിനായി രംഗത്ത് വന്നത്.

അതേസമയം, കെ വിദ്യയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്. അട്ടപ്പാടിയിൽ വിദ്യക്കൊപ്പം എത്തിയയാൾക്ക് വേണ്ടിയും അന്വേഷണം ആരംഭിച്ചു. കോളേജിലെത്തി പൊലീസ് ഇന്നും വിവരങ്ങൾ ശേഖരിച്ചേക്കും. കോളേജ് ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഇന്നലെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. വിദ്യയുടെ അടുത്ത സുഹൃത്തുക്കളും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K