17 June, 2023 11:12:42 AM


മദ്യത്തിനായി തോക്കു ചൂണ്ടി ഭീഷണി; നാലു പേർ പിടിയിൽ



തൃശൂർ: തൃശൂർ പൂത്തോളിലെ കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ നാലു പേർ പിടിയിൽ. കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇവരിൽ നിന്ന് എയർഗൺ പിടിച്ചെടുത്തു.

വെള്ളിയാഴ്ച രാത്രിയോടെ മദ്യശാല അടച്ചതിനു ശേഷമാണ് നാലു പേരും മദ്യം വാങ്ങാനായി എത്തിയത്. ആ സമയത്ത് ഔട്ട് ലെറ്റിന്‍റെ ഷട്ടർ പാതിയടച്ചിരുന്നുവെന്ന് ജീവനക്കാർ പറ‍യുന്നു.

സമയം കഴിഞ്ഞെന്ന് ജീവനക്കാർ അറിയിച്ചപ്പോൾ മദ്യം കിട്ടാതെ പോകില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. പിന്നീട് ജീവനക്കാരുമായി വാക്കു തർക്കമുണ്ടാകുകയും ഇവർ തോക്കെടുത്തു ചൂണ്ടുകയുമായിരുന്നു. 

ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ല. പിന്നീട് ബാറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ അരമന ബാറിൽ നിന്നും നാലു പേരെയും പൊലീസ് പിടികൂടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K