24 August, 2023 12:22:54 PM


കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ബിനാമി ഇടപാടുകൾ എ.സി.മൊയ്തീന്‍റെ നിർദേശപ്രകാരമെന്ന് ഇഡി



തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പ് വായ്പ്പകൾ നൽകിയത് എ സി മൊയ്‌തീന്റെ നിർദേശപ്രകാരമെന്ന് ഇ ഡി വ്യക്തമാക്കി. അംഗങ്ങളല്ലാത്ത ബിനാമികൾക്ക് വായ്പ്പകൾ അനുവദിച്ചെന്ന് കണ്ടെത്തൽ. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകൾ ബാങ്കിൽ നടന്നു. ‌ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു.

ബാങ്കിൽനിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടി.ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന വിവരം ഇഡി പുറത്തുവിട്ടില്ല. 15 കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ ഇഡി സ്ഥിരികരിച്ചത്

സിപിഐഎം നേതാക്കളുടെ ബിനാമി ഇടപാടുകാർ എന്ന ആരോപണം നേരിടുന്നവർക്ക് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപയാണ്. മതിയായ ഈടില്ലാതെയാണ് ബാങ്കില്‍ തുകകള്‍ അനുവദിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം മുന്നോട്ട് പോകുന്നത്. നോട്ട് നിരോധന കാലത്ത് കരുവന്നൂര്‍ ബാങ്കില്‍നിന്ന് വന്‍ തുക മാറിയെടുത്തതും ഇഡി പരിശോധിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K