18 September, 2023 03:25:35 PM


കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തൃശൂരും എറണാകുളത്തുമായി 9 ഇടങ്ങളിൽ ഇഡി റെയ്ഡ്



തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തും തൃശൂരും വ്യാപമായി റെയ്ഡ് നടത്തി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ 9 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന.

സതീഷ്കുമാർ ബന്ധുക്കളുടെ പേരുകളിൽ ഈ ബാങ്കുകളിലെടുത്ത അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകളെക്കുറിച്ച് അറിയുന്നതിനായാണ് പരിശോധന. മുൻ എംഎൽഎ എം.കെ. കണ്ണന്‍റെ നേതൃത്വത്തിലാണ് തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പു വഴി അഞ്ചരക്കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയ കൊച്ചിയിലെ ദീപക് എന്നയാളുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ദീപക് കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K