30 September, 2023 09:55:39 AM


വനിതാ സംവരണ ബില്‍ നിയമമായി; രാഷ്ട്രപതി ഒപ്പുവെച്ചു


ന്യൂഡല്‍ഹി:  വനിതാ സംവരണബില്‍ നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലില്‍ ഒപ്പുവെച്ചു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ബില്ലാണ് പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനത്തില്‍ പാസാക്കിയിരുന്നത്. രാജ്യസഭയില്‍ 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു.

ലോക്‌സഭയില്‍ വനിതാ സംവരണ ബില്‍ 454 എംപിമാര്‍ അനുകൂലിച്ചപ്പോള്‍ രണ്ടു എംപിമാര്‍ എതിര്‍ത്തു വോട്ടു ചെയ്തിരുന്നു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്. നാരിശക്തീ വന്ദന്‍ എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്. ജനസംഖ്യ സെന്‍സസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാന്‍ സാധിക്കൂയെന്നും നിയമമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.

ഭരണഘടനയുടെ 128-ാം ഭേദഗതി ബില്ലാണിത്. ഇതോടെ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തും. വനിതാ സംവരണ ബില്‍ പാര്‍ലമെന്‍റില്‍ പാസായതില്‍ 140 കോടി ഇന്ത്യാക്കാര്‍ക്കും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.ഭേദഗതി നടപ്പിലാക്കി 15 വര്‍ഷത്തേക്കാണ് സംവരണം നടപ്പാക്കുക. അതേസമയം, കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥ വച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K