17 March, 2026 11:56:10 AM


ശബരിമല സ്വർണക്കൊള്ള; തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ



കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി സമർപ്പിച്ച അപ്പീലിലാണ് നോട്ടീസ്. സ്വർണക്കൊള്ളയിൽ തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ സ്റ്റേ ചെയ്തു. ബദറുദ്ദീന്‍ ബെഞ്ചിന്റേതാണ് നടപടി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി കോടതിയെ സമീപിച്ചത്.

ഫെബ്രുവരിയിലാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകളിലുള്ള അപര്യാപ്തത എന്നിവ പരിഗണിച്ച് കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. തെളിവുകളുടെ അഭാവത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

1998ലാണ് ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിയുന്നത്. അന്ന് താന്ത്രിക സ്ഥാനത്ത് ഉണ്ടായിരുന്നത് തന്ത്രി കണ്ഠരര് രാജീവര് ആണ്. സ്വര്‍ണപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞിട്ടുണ്ടെന്ന് അന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നിട്ടും ചെമ്പ് എന്നെഴുതിയ രേഖയില്‍ തന്ത്രി ഒപ്പിട്ടു. ഇത് ഒരു പ്രധാനപ്പെട്ട തെളിവാണെന്നും എസ്‌ഐടി അപ്പീലില്‍ പറയുന്നു. സ്വര്‍ണപ്പാളികള്‍ അടക്കം പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ പാടില്ലെന്നും തന്ത്രിക്ക് അറിയാമായിരുന്നു. എന്നിട്ടും പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായി എസ്‌ഐടി ഉന്നയിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കൈവശമുണ്ട്. ഇത് പരിഗണിക്കാതെയാണ് വിചാരണക്കോടതിയില്‍ നിന്ന് പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാണ് പ്രധാനമായി എസ്‌ഐടി അപ്പീലില്‍ ആവശ്യപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921