31 October, 2023 04:03:55 PM


കളമശേരി സ്‌ഫോടനം: നിർണായക തെളിവുകൾ കണ്ടെത്തിയതായി പൊലീസ്



കൊച്ചി: കളമശേരി സ്‌ഫോടന കേസിൽ ഡൊമിനിക്ക് മാത്രമാണ് പ്രതിയെന്നുറപ്പിച്ച് പൊലീസ്. മാർട്ടിന്‍റെ അത്താണിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായിതായും പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു.

അത്താണിയിലെ ഫ്ലാറ്റിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. കെട്ടിടത്തിന്‍റെ മുകളിലെ മുറിയിൽ നിന്നായി ഐഇഡി നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ബാറ്ററി, വയർ, പെട്രോൾ കൊണ്ടുവന്ന കുപ്പി എന്നിവയും കണ്ടെത്തി. സംഭവത്തിൽ എൻഐഎ ഡിജിറ്റൽ തെളിവുകൾ തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് യൂ ട്യൂബിനും ഫേസ് ബുക്കിനും അപേക്ഷ നൽകിയതായും പൊലീസ് അറിയിച്ചു.

അതേസമയം, സ്ഫോടനത്തിന്‍റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്‍റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. മാനസികാരോഗ്യ പരിപാടി, ടെലി മനസ് എന്നിവയിലൂടെയാണ് മാനസിക പിന്തുണയും കൗണ്‍സിലിങും നല്‍കുന്നത്.

നിസാര പരിക്കേറ്റവര്‍ക്കും മറ്റുള്ളവര്‍ക്കും ഫോണ്‍ വഴിയും മാനസിക ബുദ്ധിമുട്ട് കൂടുതലുള്ളവര്‍ക്ക് നേരിട്ടുള്ള സേവനവും ഉറപ്പാക്കും. ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് അതത് ആശുപത്രികളുടെ പിന്തുണയോടെയും സേവനം നല്‍കും. കൂടാതെ മാനസിക പിന്തുണ ആവശ്യമായവര്‍ക്ക് ടെലിമനസ് 14416 എന്ന നമ്പരിലും വിളിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K