17 November, 2023 10:40:51 AM


ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച സംഭവം: മുനീറിനെതിരെ കേസെടുത്തു



കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിന്‍റെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്‍റെ ഭർത്താവ് മുനീറിനെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. 

തട്ടിയെടുത്ത തുക തിരികെ നൽകിയതിനെ തുടർന്നാണ് പരാതിയുമായി മുന്നോട്ടില്ലെന്നാണ് കുടുംബം അറിയിച്ചിരുന്നത്. എന്നാൽ പണം തട്ടിയെടുത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കോൺഗ്രസ് സെക്രട്ടറി ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തു.

ഇന്നലെ രാവിലെയാണ് പണം തട്ടിയെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഭർത്താവ് മുനീർ 1,20,000 രൂപയാണ് കബളിപ്പിച്ച് കൈക്കലാക്കിയത്. സംഭവം വിവാദമായതോടെ 70,000 രൂപ തിരികെ നൽകിയിരുന്നു. ഒപ്പം ബാക്കി തുക ഡിസംബർ 20 നകം തിരികെ നൽകാമെന്ന് വെള്ളപേപ്പറിലെഴുതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ബാക്കി തുക 50000 രൂപയും തിരികെ നൽകിയിരിക്കുകയാണ് മുനീർ. 

ജീർണിച്ച വീട്ടിൽ കിടന്നിരുന്ന പെൺകുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നൽകിയത് അൻവർ സാദത്ത് എംഎൽഎയായിരുന്നു. വാടക വീടിന് നൽകിയ അഡ്വാൻസ് തുകയിൽ നിന്നും ഇയാൾ പണം തട്ടിയിരുന്നു. തട്ടിപ്പ് മനസിലായതോടെ എംഎൽഎയടക്കം കുടുംബത്തിന് പിന്തുണയായി രംഗത്തെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K