31 August, 2024 10:09:43 AM
അർജുൻ്റെ കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവം; യൂട്യൂബ് ചാനലിനെതിരെ കേസ്
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചേവായൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ് ബുക്ക് പേജിനെതിരെയുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ചേവായൂർ സി ഐ അറിയിച്ചു.
അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് സഹകരണബാങ്കിൽ ജോലിനൽകി സർക്കാർ ഉത്തരവിറക്കി. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നടത്തിയത്. സാമൂഹികപ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പാക്കാൻ നിയമത്തിൽ ഇളവുനൽകിക്കൊണ്ടാണ് സർക്കാർ തീരുമാനം എടുത്തുതെന്ന് മന്ത്രി വി.എൻ. വാസവൻ ഫേയ്സ് ബുക്കിൽ കുറിച്ചു. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻറെ പ്രസക്തിയെന്നും മന്ത്രി വ്യക്തമാക്കി.