16 October, 2024 05:32:04 PM
വീണ്ടും ബോംബ് ഭീഷണി; ആകാശ, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് അടിയന്തര ലാന്‍ഡിങ്
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിന് പിന്നാലെ ഇൻഡിഗോ വിമാനത്തിനും ആകാശ എയറിനും നേരേ ബോംബ് ഭീഷണി. മുംബൈ-ഡൽഹി ഇൻഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനുമാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടർന്ന് ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ആകാശ എയർ ഡൽഹിയിൽ അടിയന്തര ലാൻഡിങ് നടത്തി. മൂന്ന് കുട്ടികളും ഏഴ് ക്രൂ അംഗങ്ങളും ഉൾപ്പെടെ 174 യാത്രക്കാരാണ് ആകാശ എയറിൽ ഉണ്ടായിരുന്നത്. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രിയാണ് മുംബൈയിൽ നിന്ന് ഇൻഡിഗോ വിമാനം പറന്നുയർന്നത്. സോഷ്യൽ മീഡിയ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 12 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഡൽഹി-ഷിക്കാഗോ എയർ ഇന്ത്യ വിമാനം (എഐ-127), ജയ്പുർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ്-765), ദർബംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം (എസ്ജി-116), സിലിഗുരി-ബെംഗളൂരു ആകാശ എയർ വിമാനം (ക്യുപി-1373), ദമാം-ലഖ്നൗ ഇൻഡിഗോ വിമാനം(6 ഇ-98), അമൃത്സർ-ദെഹ്‌റാദൂൺ അലയൻസ് എയർ (9എൽ-650) എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു.
ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് ഷിക്കാഗോയിലേക്ക് യാത്ര പുറപ്പെട്ട എഐ 127 വിമാനം വഴിതിരിച്ച് വിട്ടിരുന്നു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഭീഷണി ഉയർന്നത്. ഷിക്കാഗോയിൽ ഇറങ്ങേണ്ട വിമാനം കാനഡയിലേക്കാണ് തിരിച്ചുവിട്ടത്.