17 April, 2025 11:28:30 AM


അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി; ഏഴ് വർഷങ്ങൾക്ക് ശേഷം ഏറ്റുപറച്ചിൽ, പരാതി വ്യാജമെന്ന് യുവതി



ക‌ടുത്തുരുത്തി: അധ്യാപകൻ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ കേസിൽ വ‌ർഷങ്ങൾക്ക് ശേഷം വഴിത്തിരിവ്. ഏഴ് വർഷങ്ങൾക്ക് ശേഷം താൻ നൽകിയത് വ്യാജ പരാതിയാണെന്ന് വെളിപ്പെടുത്തി പരാതികാരി പീഡന പരാതി പിൻവലിച്ചു. കോട്ടയം കുറുപ്പന്തറയിലെ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന അധ്യാപകനെതിരെയായിരുന്നു എറണാകുളം സ്വദേശിനിയുടെ പരാതി.

2017 ലായിരുന്നു പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന അധ്യാപകനായ സി ഡി ജോമോനെതിരെ വിദ്യാർത്ഥിനി പരാതി നൽകിയിരുന്നത്. തന്നെ പരിശീലനത്തിന് കൊണ്ടുപോകുന്നതിനിടയിൽ അധ്യാപകൻ പീഡിപ്പിച്ചെന്നായിരുന്നു അന്ന് യുവതി നൽകിയിരുന്ന പരാതി. പിന്നാലെ സ്ഥാപനം പൂട്ടി, ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഏഴ് വർഷം നീണ്ട നിയമ പോരാട്ടം. ഇതിനിടിയൽ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പല ജോലികളും ജോമോൻ ചെയ്തിരുന്നു. ആത്മഹത്യയെ പറ്റി പോലും താൻ ചിന്തിച്ചിരുന്നുവെന്നും ജോമോൻ വെളിപ്പെടുത്തി.

എന്നാൽ ജോമോൻ്റെ അവസ്ഥ മനസ്സിലാക്കിയ യുവതി കഴിഞ്ഞ ദിവസം നാട്ടിലെത്തുകയും സമീപത്തെ പള്ളിയിലെ ശുശ്രൂഷയ്ക്കിടയിൽ ​ജോമോനോടും കുടുംബത്തോടും പരസ്യമായി മാപ്പ് പറയുകയുമായിരുന്നു. ചിലരുടെ പ്രേരണയിൽ താൻ പീഡന പരാതി നൽകുകയായിരുന്നുവെന്ന് പെൺകുട്ടി സമ്മതിച്ചു. പിന്നാലെ കേസ് പിൻവലിക്കുകയും ചെയ്തു. ‍വർഷങ്ങൾ നീണ്ട് നിന്ന് അവ​ഗണനയ്ക്കും അപമാനത്തിനുമൊടുവിൽ തൻ്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ജോമോൻ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K