10 October, 2025 01:36:44 PM
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലും തട്ടിപ്പിന് ശ്രമം; പ്രതിഷേധവുമായി ഭക്തജനങ്ങള്‍

തിരുവല്ല: ശബരിമല സ്വർണപ്പാളി വിവാദങ്ങൾ ചൂട് പിടിക്കുന്നതിനിടെ, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലും തട്ടിപ്പിന് ശ്രമം നടന്നതായി ആരോപണങ്ങൾ. ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ സ്വകാര്യ കമ്പനിയുടെ പ്രതിനിധികൾ കയറിയതാണ് വിവാദമാകുന്നത്. ഇടിമിന്നലിൽ തകർന്ന സ്വർണം പൂശിയ കൊടിമര സ്വർണപ്പറകളുടെ കേടുപാടുകൾ തീർക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്വകാര്യ കമ്പനിയുടെ പ്രതിനിധികളാണ് സ്ട്രോങ് റൂമിൽ പ്രവേശിച്ചത്.
ശബരിമലയിലെ ദ്വാരപാലക ശിൽപപ്പാളികളിൽ സ്വർണം പൂശിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ സഹോദര സ്ഥാപനമായ മന്ത്ര ഗോൾഡിനെയാണ് സ്വർണപ്പറകളുടെ അറ്റകുറ്റപണികൾക്കായി ദേവസ്വം ബോർഡ് നിയോഗിച്ചത്. എന്നാൽ ഭക്തരിൽ ഒരു വിഭാഗത്തിന്‍റെ എതിർപ്പിനെതുടർന്ന് ഈ പദ്ധതി നടപ്പിലാക്കിയില്ല. ഈ കമ്പനിയുടെ പ്രതിനിധികളാണ് കഴിഞ്ഞ മേയിൽ തിരുവാഭരണ കമീഷണർ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ, അസി.ദേവസ്വം കമീഷണർ ഇൻ ചാർജ് എന്നിവർക്കൊപ്പം സ്ട്രോങ് റൂമിൽ പ്രവേശിപ്പിച്ചതെന്നാണ് ഭക്തർ ആരോപിക്കുന്നത്.
ദേവസ്വം ബോർഡിന്‍റെ നിയമപ്രകാരം ഭരണസമിതി അംഗങ്ങൾ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമാണ് സ്ട്രോങ് റൂമിൽ കയറാൻ അനുമതിയുള്ളത്. തിരുവല്ല സബ് ഗ്രൂപ്പിന് കീഴിലുള്ള നിരവധി ക്ഷേത്രങ്ങളിലെ കോടികൾ വിലമതിക്കുന്ന സ്വർണ ആഭരണങ്ങളും മറ്റ് ഉരുപ്പടികളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
മന്ത്ര ഗോൾഡിന്റെ പ്രതിനിധികൾ സ്ട്രോങ്ങ് റൂമിൽ കയറി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ശ്രീകുമാർ വി. കോങ്ങരേട്ട് നൽകിയ വിവരാവകാശ അപേക്ഷക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ദേവസ്വം ബോർഡിൽ നിന്നും ലഭിച്ചത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഭക്തജന സമിതിയുടെ നേതൃത്വത്തിൽ നിവേദനം തയാറാക്കി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.
നേരത്തെ, ഈ സ്വർണ്ണപ്പറകൾ അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകാനും നീക്കം നടത്തിയിരുന്നു. ഇതിനെതിരെ ഭക്തജനങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ ദേവസ്വം ബോർഡ് പിൻമാറുകയായിരുന്നു. 50 വർഷ ഗാരന്‍റിയിൽ 15 വർഷം മുമ്പാണ് കൊടിമരത്തിൽ സ്വർണം പൂശിയത്. 2021ൽ ഇടിമിന്നൽ ഏറ്റതിനെ തുടർന്നാണ് സ്വർണ്ണ കൊടിമരം നിലം പതിച്ചത്. നിലവിൽ പുതിയ കൊടിമരത്തിനായി തടി ഒരുക്കുന്ന ജോലികൾ നടന്നുവരികയാണ്.