16 November, 2025 12:14:16 PM


ശബരിമല തീർത്ഥാടനം; കനത്ത സുരക്ഷാ വലയത്തിൽ എരുമേലി



എരുമേലി: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി.   മണ്ഡല മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി 500 ഓളം വരുന്ന പോലീസ് സേനാംഗങ്ങളെയും, SPO മാരേയുമാണ് വിന്യസിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ. ഐപിഎസിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾക്ക്  വേണ്ട നിർദ്ദേശങ്ങൾ നൽകി.

കാഞ്ഞിരപ്പള്ളി മേരി ക്യൂൻ ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം മുഴുവൻ സേനാംഗങ്ങൾക്കും സിപിആര്‍ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷയെ കുറിച്ചും അടിയന്തര സാഹചര്യങ്ങളെ നേരിടേണ്ട രീതികളെ കുറിച്ചും നിർദ്ദേശങ്ങളും പരിശീലനവും നൽകി. ഡ്യൂട്ടി പോയിന്റുകളെ  കാറ്റഗറികളായി തരംതിരിച്ച് ഫൈവ് സ്റ്റാർ പ്രാധാന്യമർഹിക്കുന്ന ഡ്യൂട്ടി പോയിന്റുകളിൽ തിരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയും അവർക്കായി പ്രത്യേകം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

 റോഡ് അപകടങ്ങൾ ഒഴിവാക്കുക ഭക്തജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുക എന്നീ കാര്യങ്ങളിൽ ഊന്നിയുള്ള നിർദ്ദേശങ്ങൾ ആണ് ജില്ലാ പോലീസ് മേധാവി സേനാംഗങ്ങൾക്ക് നൽകിയത്.തുടർന്ന്
 പോലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എരുമേലി വലിയമ്പലത്തിന് മുൻവശം സജ്ജമാക്കിയിട്ടുള്ള പോലീസ് കൺട്രോൾ റൂമിന്റെയും, മാക്കൽ കവലയിൽ എരുമേലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് ചുക്കുകാപ്പി വിതരണം ചെയ്യുന്ന പദ്ധതിയുടെയും ഉദ്ഘാടനം   ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. ജില്ലയിലെ സബ് ഡിവിഷണൽ ഓഫീസർമാരും  സ്റ്റേഷൻ എസ് എച്ച് ഓമാരും ചടങ്ങിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912