17 November, 2025 03:07:13 PM


ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കി; യുവതിയും ഭർത്താവുമടക്കം 4 പേര്‍ അറസ്റ്റില്‍



മലപ്പുറം: ഹണി ട്രാപ്പ് ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിയും ഭർത്താവുമുൾപ്പെടെ നാലുപേരെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിൽ ബിസിനസുകാരനായിരുന്ന ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി രതീഷ് (39) ആണ് മരിച്ചത്. ജൂൺ 11-നു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അയല്‍വാസികളായ സിന്ധു, ഭർത്താവ് ശ്രീരാജ്, സുഹൃത്ത് മഹേഷ്, സിന്ധുവിന്റെ ബന്ധു പ്രവീൺ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നടപടി. മരിച്ച രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമായിരുന്നുവെന്ന് പോലീസ് പറയുന്നു. സിന്ധു പലപ്പോഴായി പല ആവശ്യങ്ങൾ പറഞ്ഞ് രതീഷിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടതോടെ അത് നൽകാതിരിക്കാനും കൂടുതൽ പണം തട്ടിയെടുക്കാനുമായി സിന്ധുവും ശ്രീരാജും ചേർന്ന് മറ്റു രണ്ടുപേരുടെ സഹായത്തോടെ ഹണി ട്രാപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. സഹോദരന്റെ ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയ രതീഷിനെ പണം നൽകാമെന്ന് പറഞ്ഞ് സിന്ധു വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് പ്രതികൾ രതീഷിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും നഗ്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും രതീഷ് വഴങ്ങിയില്ല. തുടർന്ന് വീഡിയോ അദ്ദേഹത്തിന്റെ ഭാര്യക്ക് അയച്ചു നൽകി. മാനസിക സമ്മർദ്ദത്തിലായ രതീഷ് ഇതോടെ ജീവനൊടുക്കുകയായിരിന്നു. പ്രതികൾ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ആത്മഹത്യാപ്രേരണ, ഗൂഢാലോചന, ദേഹോപദ്രവം ഏൽപ്പിക്കൽ, പിടിച്ചുപറി തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956