22 November, 2025 11:31:00 AM


സ്ഥാനാർഥികൾക്ക് ഇരുട്ടടിയായി ഹൈക്കോടതി ഉത്തരവ്; നിർദേശം പാലിച്ചില്ലേൽ 'പണി' സെക്രട്ടറിമാർക്ക്



കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥികൾക്ക് ഇരുട്ടടിയുമായി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഉത്തരവ് പാലിച്ചില്ലേൽ പണി തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക്.

പൊതുനിരത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ലൈസൻസ് ഇല്ലാതെ ഫ്ലക്സുകളോ കൊടി തോരണങ്ങളോ സ്ഥാപിക്കാൻ പാടില്ല എന്ന മുൻ ഉത്തരവ് തിരഞ്ഞെടുപ്പ് അടുത്തതോടെ കർക്കശമാക്കിയിരിക്കുകയാണ് കോടതി.  ഇത്തരം ബോർഡുകൾ ശ്രദ്ധയിൽപെട്ടാൽ അപ്പോൾ തന്നെ നീക്കം ചെയ്യേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ ചുമതലയാണ്. ആലപ്പുഴക്കാരനായ പൊതുപ്രവർത്തകൻ കെ രാഹുലിൻ്റെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിയമം കർക്കശമാക്കിയത്.

ഇത്തരത്തിൽ ലൈസൻസില്ലാതെ പൊതുനിരത്തിൽ പ്രത്യക്ഷപ്പെടുന്ന ബോർഡുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ സെക്രട്ടറിമാരുടെ ശമ്പളത്തിൽ നിന്ന് ഫൈൻ ഈടാക്കണമെന്ന ഉത്തരവാണ് ഹൈക്കോടതി കർക്കശമാക്കിയത്. ഇതോടെ തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഫ്ലക്സ് ബോർഡുകളും നോട്ടീസുകളും നീക്കം ചെയ്യാൻ തുടങ്ങി.

ഇത്തരത്തിൽ നീക്കം ചെയ്യുന്ന ബോർഡുകൾ ആരാണോ സ്ഥാപിച്ചത് അവരിൽ നിന്നും പിഴ ഈടാക്കാനും സെക്രട്ടറിക്ക് അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ച് പ്രവർത്തിക്കാൻ തയ്യാറാകാത്ത സെക്രട്ടറിമാരുടെ ശമ്പളത്തിൽ നിന്നും നിശ്ചിതതുക പിഴയായി പിടിക്കണമെന്നാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ മാർച്ചിലെ വിധി. ആ വിധിയാണ് ഇപ്പൊൾ സ്ഥാനാർഥികളെ വെട്ടിലാക്കിയത്.

തദ്ദേശതിരഞ്ഞെടുപ്പ് വന്നതോടെ പൊതുനിരത്തിലുൾപ്പെടെ സകല കോണിലും ഫ്ലക്സ് ബോർഡുകളുടെ പ്രവാഹമാണ്. വിധി പഴയതാണെന്ന് ധരിച്ചാണ് പലരും നടുറോഡിൽ തന്നെ ഇപ്പോൾ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കോടതി ഉത്തരവ് തങ്ങൾ നടപ്പിലാക്കി തുടങ്ങിയെന്ന് ഏറ്റുമാനൂർ നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപന സെക്രട്ടറിമാർ കൈരളി വാർത്തയോട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K