09 January, 2026 01:51:49 PM
അച്ഛനെതിരെ പരാതി പറയാനെത്തി; പൊലീസുകാരന്‍റെ ബൈക്ക് മോഷ്ടിച്ചു, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പരാതി നല്‍കാനെത്തി തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍. പൂജപ്പുര സ്വദേശി അമല്‍ സുരേഷാണ് പൊലീസിന്റെ പിടിയിലായത്. കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ രാത്രിയോടെയാണ് മോഷ്ടാവിനെ പിടികൂടിയത്.
പൊലീസ് പറയുന്നതനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് വെച്ച ശേഷം താക്കോല്‍ എടുക്കാതെയാണ് എത്തിയത്. ബൈക്കില്‍ ഇദ്ദേഹത്തിന്റെ ബാഗും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയപ്പോള്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കണ്ടില്ല. തുടര്‍ന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അമല്‍ വാഹനം കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടത്.
പരാതിയുടെ അടിസ്ഥാനത്തില്‍, കന്റോണ്‍മെന്റ് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 303(2) പ്രകാരം അമലിനെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ഇന്നലെ രാത്രി മാനവീയം വീഥിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
അച്ഛനെതിരെ പരാതി നല്‍കാനാണ് ഇയാള്‍ കമ്മീഷണറുടെ ഓഫീസില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ തന്റെ പരാതി സ്വീകരിക്കാത്തതിനാലാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അമല്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.







