13 January, 2026 02:55:46 PM
ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘം. ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണ്ണം കവര്‍ന്ന കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. നിലവില്‍ ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണമോഷണക്കേസില്‍ കണ്ഠരര് രാജീവര് റിമാന്‍ഡിലാണ്.
കോടതിയിലെത്തി അറസ്റ്റ് രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന് എസ്‌ഐടി കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ദ്വാരപാലക ശില്‍പ്പക്കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ പങ്കു സംബന്ധിച്ച റിപ്പോര്‍ട്ടും എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് കോടതി അറസ്റ്റിന് അനുമതി നല്‍കിയത്.
ദ്വാരപാലക ശില്പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണ്ണപ്പാളികള്‍ക്ക് തിളക്കം കുറഞ്ഞെന്നും അവ മാറ്റണമെന്നും നിര്‍ദ്ദേശിച്ചത് തന്ത്രിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി 'അനുജ്ഞാ കലശം' നടത്തിയതും ഇദ്ദേഹമാണ്. തുടര്‍ന്ന് പാളികള്‍ സ്വര്‍ണ്ണം പൂശാനായി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വിട്ടുനല്‍കാന്‍ തന്ത്രി മൗനാനുവാദം നല്‍കിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
കട്ടിളപ്പാളി കേസില്‍ റിമാന്‍ഡിലുള്ള തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 19 ലേക്ക് മാറ്റി. ദ്വാരപാലക കേസിലും അറസ്റ്റിലാകുന്നതോടെ, കട്ടിളപ്പാളി കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചാലും തന്ത്രി ജയിലില്‍ തുടരും. അതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 27 വരെ നീട്ടിയിട്ടുമുണ്ട്.







