06 June, 2026 09:31:35 AM
പാലാ നഗരസഭയില്‍ കോൺഗ്രസ് കൗൺസിലറെ ബിനു പുളിക്കകണ്ടം കൈയേറ്റം ചെയ്തതായി പരാതി

പാലാ : പാലാ നഗരസഭയില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് കൗണ്‍സിലറെ ബിനു പുളിക്കക്കണ്ടം കയ്യേറ്റം ചെയ്തതായി പരാതി. നഗരസഭ ഭരണപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കത്തിനൊടുവില്‍ ബിനു കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ബിനു പുളിക്കക്കണ്ടത്തിനും സഹോദരനുമെതിരെ കൗണ്‍സിലര്‍ പരാതി നല്‍കിയിട്ടുണ്ട്.
പാലാ നഗരസഭയിലെ യുഡിഎഫിനുളളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സംഭവം. നഗരസഭയില്‍ ബിനു പുളിക്കക്കണ്ടവും കുടുംബവും ഏകാധിപത്യ സ്വഭാവത്തില്‍ പെരുമാറുന്നു എന്ന ആക്ഷേപം കോണ്‍ഗ്രസിനുളളില്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കയ്യേറ്റ പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട. ബിനുവിന്റെ മകളായ ദിയ ബിനു പുളിക്കക്കണ്ടമാണ് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍.
'ഭരണപക്ഷ പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തിനിടെ അടുത്ത ദിവസം നടക്കാനിരിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ കൊട്ടാരമറ്റത്തില്‍ ഓട്ടോ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വിഷയം അടിയന്തര അജണ്ടയില്‍ ഉള്‍ക്കൊളളിക്കണമെന്ന് ആവശ്യപ്പെട്ടു. ആ സമയം ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന്റെ പിതാവും കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടവും അദ്ദേഹത്തിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടവും ഒരു കാരണവും കൂടാതെ പ്രകോപിതരായി എനിക്കുനേരെ കൈ ഓങ്ങി പാഞ്ഞടുത്തു. തടയാന്‍ ചെന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈ തട്ടിമാറ്റി കയ്യേറ്റം ചെയ്തു.
ഓട്ടോറിക്ഷക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ക്കെന്താണ് ഇത്ര താല്‍പ്പര്യം എന്ന് ചോദിച്ച് അസഭ്യം പറഞ്ഞു. പ്രാണഭയത്താല്‍ ഞാന്‍ അവിടെനിന്നും ഇറങ്ങിയോടുകയായിരുന്നു' എന്നാണ് ബിജു മാത്യൂസിന്റെ പരാതിയില്‍ പറയുന്നത്. മുന്‍പും പാലാ മുനിസിപ്പല്‍ ഹാളില്‍ വെച്ച് ബിനു പുളിക്കക്കണ്ടം സഹ കൗണ്‍സിലറെ മര്‍ദ്ദിച്ച് അവശനാക്കിയിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിജു മാത്യൂസ് ആവശ്യപ്പെട്ടു. നാളെ നടക്കാനിരിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ബിജു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.






