21 July, 2026 08:22:03 PM


പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ



ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ നടപടിയെടുത്ത് പൊലീസ്. രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും അറസ്റ്റ് ചെയ്തു. ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. രാഹുൽ ​ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വൻപ്രതിഷേധമാണ് സ്ഥലത്ത് കോൺ​ഗ്രസ് പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി.

രാവിലെ ജന്തര്‍മന്തറിലെത്തിയാണ് രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ സിജെപി സമരത്തിന് പിന്തുണയറിച്ചത്. സമരവേദിയില്‍ സിജെപി പ്രവര്‍കര്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ച് ഐക്യദാര്‍ഢ്യം ഉറപ്പിച്ചു. പിന്നാലെ, ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് തല്ലിച്ചതച്ച സിജെപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് പിന്തുണ അവിടംകൊണ്ട് തീരുമെന്ന് കരുതിയവരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ അടുത്തനീക്കം. 

മുഖ്യമന്ത്രിമാരും മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയുടെ വസതിയിലേക്ക് ക്ഷണിച്ചു. എല്ലാവരും എത്തിയതിനു പിന്നാലെ, രാഹുലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്ക് നടന്നെത്തി, പിന്നാലെ അവിടെ കുത്തിയിരുന്നു.

കഴിഞ്ഞ ദിവസം സിജെപി നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.സി.ജെ.പി. നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആര്‍.എം.എല്‍. ആശുപത്രിയിലെത്തി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റിലും പ്രതിപക്ഷം ശക്തമായി ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രതിഷേധം.

സിപിഎം രാജ്യസഭ എംപിമാരായ ജോൺ ബ്രിട്ടാസ്, എഎ റഹീം, വി ശിവദാസൻ, സിപിഐ രാജ്യസഭ എംപി പി സന്തോഷ് കുമാർ, സിപിഎം ലോക്‌സഭാ എംപിമാരായ അമ്ര റാം, എസ്. വെങ്കടേശൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ശാന്തമായി നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അകാരണമായി ബലം പ്രയോഗിക്കുകയായിരുന്നുവെന്ന് സന്ദർശനത്തിന് ശേഷം ജോൺ ബ്രിട്ടാസ് ആരോപിച്ചു. കേന്ദ്ര സർക്കാർ സമാധാനപരമായ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959