11 September, 2026 11:14:57 AM
മഹാരാഷ്ട്രയില്‍ ട്രക്കും-എസ്‌യുവിയും കൂട്ടിയിടിച്ച് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ട്രക്കും ബൊലേറോ എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നാഗ്പൂര്‍ - റായ്പൂര്‍ ദേശീയ പാതയില്‍ പിമ്പല്‍ഗാവ് സടക്കിലെ ഭുവ ദാബയ്ക്ക് സമീപമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. അപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. 'ഒരു ബൊലേറോ ട്രക്കുമായി കൂട്ടിയിടിച്ചു. ബൊലേറോയില്‍ ഉണ്ടായിരുന്ന അഞ്ച് മുതിര്‍ന്നവരും മൂന്ന് കുട്ടികളും അപകടത്തില്‍ കൊല്ലപ്പെട്ടു', പൊലീസ് അറിയിച്ചു. പരിക്കേറ്റ മൂന്ന് പേരെ സക്കോലി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം അറിഞ്ഞതിന് പിന്നാലെ എത്തിയ പൊലീസും പ്രദേശവാസികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരെല്ലാം എസ്‌യുവിയില്‍ ഉണ്ടായിരുന്നവരാണ്. ഇവര്‍ ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്നും നാഗ്പൂരിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.





