18 August, 2026 01:17:09 PM


വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; ചടങ്ങ് ബഹിഷ്‌കരിച്ച് കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും



തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ സമ്പൂർണ കയറ്റുമതി-ഇറക്കുമതി(എക്‌സിം) പ്രവർത്തനങ്ങൾക്ക് തുടക്കമായി. തുറമുഖത്തുനിന്നുള്ള കരമാർഗ്ഗമുള്ള ചരക്കുനീക്കം ഉദ്ഘാടനം ചെയ്ത് ആദ്യ കണ്ടെയ്‌നറിന്റെ ഫ്ലാഗ് ഓഫ് കർമ്മം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു. രാവിലെ 11 മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

എന്നാൽ പരിപാടി ബി.ജെ.പി നേതാക്കളും പ്രതിപക്ഷമായ ഇടത് നേതാക്കളും ബഹിഷ്‌കരിച്ചു. ചടങ്ങിലെ മുഖ്യാതിഥിയാകേണ്ടിയിരുന്ന കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാൾ, തിരുവനന്തപുരം മേയർ, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാരും ചടങ്ങിൽ പങ്കെടുത്തില്ല. ഇന്നത്തെ ദിവസം കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ലോക വിപണിയിലേക്ക് കേരളത്തിന്റെ വാതിലുകളാണ് തുറന്നിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് റോഡ്-റെയിൽ കണക്ടിവിറ്റി പദ്ധതി മുൻപ് വൈകിയെങ്കിലും പുതിയ സർക്കാരാണ് റിംഗ് റോഡിനുള്ള സ്ഥലമേറ്റെടുപ്പിന് തുക വകയിരുത്തിയത്. സ്ഥലമേറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കുമെന്നും അനുബന്ധമായി ലോജിസ്റ്റിക്‌സ് പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മദർഷിപ്പിൽ നിന്ന് ചെറിയ കപ്പലുകളിലേക്ക് ചരക്ക് മാറ്റിമറിക്കുന്ന ട്രാൻസ്ഷിപ്പ്മെന്റ് രീതിക്ക് പുറമെ, ഇനിമുതൽ വിഴിഞ്ഞത്ത് ഇറക്കുന്ന ചരക്കുകൾ കരമാർഗ്ഗം നേരിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. കേരളത്തിലെ വ്യവസായിക ഉത്പന്നങ്ങൾ നേരിട്ട് ലോകവിപണിയിലെത്തിക്കാൻ ഈ മാറ്റം വഴിതുറക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954