19 September, 2026 10:59:34 AM
പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചത് അധ്യാപകർ പിടികൂടി, ഐഐടി ബോംബെ വിദ്യാർഥി ആത്മഹത്യ ചെയ്തു

മുംബൈ: രണ്ടാം വർഷ എനർജി സയൻസ് വിദ്യാർത്ഥി സഹിൽ വക്കോഡെയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഐഐടി ബോംബെയിൽ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ടാണ് സഹിലിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിച്ചതിന് സഹിലിനെ അധ്യാപകർ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ മാനസിക വിഷമത്തിലാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് സഹപാഠികൾ ആരോപിക്കുന്നു. ഒരു വർഷത്തേക്ക് സസ്‌പെൻഷൻ ലഭിക്കുമെന്ന് അധ്യാപകർ സഹിലിനെ ഭീഷണിപ്പെടുത്തിയിരുന്നതായും അച്ചടക്ക നടപടിയെക്കുറിച്ചുള്ള ഭയമാണ് മരണത്തിലേക്ക് നയിച്ചതെന്നും സഹപാഠികൾ ആരോപിച്ചു.
എന്നാൽ അച്ചടക്ക നടപടികളൊന്നും ശുപാർശ ചെയ്തിരുന്നില്ലെന്ന് ഐഐടി ബോംബെ അധികൃതർ വ്യക്തമാക്കി. വകുപ്പ് മേധാവി വിദ്യാർത്ഥിയോട് സംസാരിച്ചിരുന്നുവെങ്കിലും നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നില്ലെന്നും അവർ അറിയിച്ചു. കഴിഞ്ഞ ജൂലൈ 28-നും ഇതേ ക്യാമ്പസിലെ ഹോസ്റ്റലിൽ മറ്റൊരു വിദ്യാർത്ഥി മരിച്ചിരുന്നു. വിദ്യാർത്ഥികളുടെ കടുത്ത മാനസിക സമ്മർദ്ദം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.





