01 August, 2017 10:07:23 AM


കടക്ക് പുറത്ത്! ; സഹിഷ്ണുതയില്ലാത്ത മുഖ്യമന്ത്രിയോടു ജനങ്ങളും പറയും...
പ്രാണനിൽ ശരമേറ്റ പിഞ്ചുപൈങ്കിളിയുടെ നൊമ്പരമേറ്റുവാങ്ങിയ കവി ഗർജ്ജിച്ചു: മാ നിഷാദ! അതുകേട്ടു ഞെട്ടിയത് ഈ  പ്രപഞ്ചമാണ്. അതിന്റെ മാറ്റൊലി ഇന്നും ഇവിടെയൊക്കെ മുഴങ്ങുന്നുണ്ട്!

കഴിഞ്ഞദിവസം ജനാധിപത്യവിശ്വാസികളെ ഞെട്ടിച്ചത് സമാനമായ ഒരു ഗർജ്ജനമായിരുന്നു. കടക്ക് പുറത്ത്! ഇന്നാട്ടിലെ സ്വാതന്ത്ര്യത്തിന്റെ, വിശേഷിച്ചു മാധ്യമസ്വാതന്ത്ര്യത്തിന്റെ, കാതിലാണ് ആ ഗർജ്ജനം വന്നലച്ചത്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയേയും പോലീസ് മേധാവിയെയും ഗവർണ്ണർ വിളിച്ചു വരുത്തു ന്നത്. കുട്ടികൾ ക്ലാസ്സിൽ ബഹളമുണ്ടാക്കിയാൽ അച്ഛനെ വിളിച്ചുകൊണ്ടുവരാൻ അദ്ധ്യാപകൻ  പറയും. അതവരുടെ സൗന്ദര്യംകാണാനോ കാപ്പിവാങ്ങികൊടുക്കാനോ അല്ല. ശക്തമായ താക്കീതുനൽകാൻതന്നെയാണ്. അതുതന്നെയാണ് ഗവർണ്ണറുംചെയ്‌തത്‌ ; താക്കീത്.

അതിന്റെ വെളിച്ചത്തിൽത്തന്നെയാണ് മുഖ്യമന്ത്രിയും പാർട്ടിസെക്രട്ടറിയും ബി ജെപിയുടെ അധ്യക്ഷനും മറ്റുമായി ഉഭയകക്ഷിചർച്ചയ്ക്കുതുനിഞ്ഞത്. അവിടേയ്ക്കു മാധ്യമപ്രവർത്തകരെ ക്ഷണിച്ചെന്നും ഇല്ലെന്നുമൊക്കെ തർക്കമുണ്ട്. ക്ഷണിക്കാതെപോകുന്ന അതിഥികൾതന്നെയാണ് മാധ്യമപ്രവർത്തകർ. അവർ അവരുടെ ജോലിചെയ്യുകയാണ്. അതിനു പ്രത്യേകിച്ച് ആരുടേയും ക്ഷണം ആവശ്യമില്ല.

വിവാഹംപോലുള്ള കർമ്മങ്ങളിൽ ക്ഷണിച്ചാലേ ആളുകൾ പോകാറുള്ളൂ... എന്നാൽ മരണവീടുകളിൽ അങ്ങനെയല്ല. അവിടെ ആർക്കും കയറിച്ചെല്ലാം. മരണവീടിനേക്കാൾ പ്രാധാന്യമുള്ള ഒരു സ്ഥലത്താണ് മാധ്യമപ്രവർത്തകർചെന്നത്. കൊമ്പുകോർത്ത് നിൽക്കുന്ന രണ്ടു പ്രധാനകക്ഷികൾ - കേന്ദ്രം ഭരിക്കുന്ന പാർട്ടിയും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും - തമ്മിലുള്ള ചർച്ചയുടെ വിവരങ്ങൾ, ഭയന്നു വശായിരിക്കുന്ന, ഒരു ജനതയെ അറിയിക്കുകയെന്ന കർമ്മം അനുഷ്ഠിക്കാനാണ് അവർ ചെന്നത്.

അവരെ അവിടെ ആരും തടഞ്ഞില്ല. എന്നാൽ കടന്നുവന്ന മുഖ്യമന്ത്രി വളരെ പരുഷമായാണ് അവരോടു സംസാരിച്ചത്. കടക്ക് പുറത്തെന്ന്... ഒന്നല്ല, രണ്ടു വട്ടം! അപ്പോഴും സുസ്മേരവദനനായി അടുത്തുനിന്ന പാർട്ടിസെക്രട്ടറി അത് കേട്ടില്ലത്രെ! അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം ഒരിക്കലും ഉണ്ടാവില്ല. മന്ത്രിയായിരുന്ന കാലത്തു ആ സൗമ്യത നമ്മൾ കണ്ടതുമാണ്.

കോടിയേരിയും യു ഡി എഫുമൊക്കെ  ആഭ്യന്തരം കൈകാര്യംചെയ്തപ്പോൾ ഉണ്ടാകാത്തതരത്തിൽ ആഭ്യന്തരവകുപ്പും മന്ത്രിയും അമ്പേ പരാജയപ്പെട്ടിരിക്കുന്ന സമയമാണിത്. ഇവിടെ പഴയ ആഭ്യന്തരമന്ത്രിയുടെ പുഞ്ചിരിയും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുടെ ക്രോധവും കൂട്ടിവായിച്ചാൽ നല്ലൊരു കഥകിട്ടും!

മാടമ്പിത്തരം അവസാനിപ്പിക്കാൻ അവതരിച്ച  പാർട്ടിയിലെ നേതാക്കൾ മാടമ്പിമാരാകുന്ന കാഴ്ചയാണിപ്പോൾ. കമ്മ്യുണിസ്റ് മന്ത്രിമാർ സൗമ്യരായിരിക്കണം എന്ന് മറ്റൊരു കമ്മ്യുണിസ്റ്മന്ത്രി സുധാകരൻ പ്രസംഗിച്ചതിന്റെ പിറ്റേന്നുതന്നെയാണ് മുഖ്യമന്ത്രിയുടെ ആക്രോശം. നിങ്ങൾ ഇവിടെനിൽക്കരുതെന്നു സ്നേഹപൂർവ്വം , സൗമ്യമായി പറയാമായിരുന്നു. അല്ലെങ്കിൽ പാർട്ടി സെക്രട്ടറിയെക്കൊണ്ടോ ഉദ്യോഗസ്ഥരെക്കൊണ്ടോ പറയിക്കാമായിരുന്നു. ഒരു ഫോട്ടോയൊക്കെ എടുത്തിട്ട് അവർ മാറിപ്പോയേനെ.  കുമ്മനത്തിനോടോ ഉമ്മൻചാണ്ടിയോടോ പറയാത്ത ഭാഷ മാധ്യമപ്രവർത്തകരോടു പറഞ്ഞത് അവരെ അവഹേളിക്കുന്നതിനു തുല്യമാണ്.

ആ അവഹേളനംകേട്ട് പഞ്ചപുച്ഛമടക്കിനിന്നതാണ് ഇന്നത്തെ മാധ്യമപ്രവർത്തകരുടെ വിധേയത്വം. കെ ബാലകൃഷ്ണനെപ്പോലെ ഒരു മാധ്യമപ്രവർത്തകനായിരുന്നു അവിടെ ഉണ്ടായിരുന്നതെങ്കിൽ മുഖ്യമന്ത്രി ആ പണി അന്നുകൊണ്ട് അവസാനിപ്പിച്ചേനെ! അക്കാലത്ത് സർക്കാരിനെ ഭയക്കേണ്ട കാര്യമില്ല. സർക്കാരിന്റെ ഒരാനുകൂല്യവും അവർ സ്വീകരിക്കുന്നില്ല. എന്നാൽ ഇക്കാലത്ത് സർക്കാരിനെതിരെ സ്വന്തംനിലയിൽ ആഞ്ഞടിക്കാൻ പത്രപ്രവർത്തകർക്ക് ഭയമാണ്, അല്ലെങ്കിൽ മടിയാണ്. കാരണം വളരെ വിപുലമായ ആനുകൂല്യങ്ങളാണ് സർക്കാർ ഇവർക്കുവേണ്ടി ഇട്ടുകൊടുക്കുന്നത് ; കടിച്ചുവലിക്കാൻ!

മര്യാദയോടെ സംസാരിക്കണമെന്ന് മുഖ്യമന്ത്രിയോട്  പറയാൻപോലും അവർ തുനിഞ്ഞില്ല. അവരുടെ അന്തസ്സ് നിലത്തിട്ടു ചവിട്ടുമ്പോൾ നോക്കിനിൽക്കുകയായിരുന്നു; കൗരവസഭയിലെ പാണ്ഡവരെപ്പോലെ! ഒരു വനിത പ്രതിഷേധം പറഞ്ഞുവത്രേ! അതുവരെ മിണ്ടാതെനിന്ന പുരുഷകേസരികൾക്ക് അതിനുശേഷമാണ് നാവുപൊന്തിയത്. മുഖ്യമന്ത്രിയുടെ ആക്രോശം ഭരണാധികാരികൾക്ക് ഉണ്ടാക്കിയ നാണക്കേടാണ് പ്രതികരിക്കാതെ നിന്ന മാധ്യമപ്രവർത്തകരും ഉണ്ടാക്കിവച്ചത്.

മാധ്യമപ്രവർത്തകർക്കു നിരോധനമേർപ്പെടുത്തിയ അഭിഭാഷകരുടെ പ്രവൃത്തിക്കു അടിവരയിടുന്നതാണ് മുഖ്യമന്ത്രിയുടെ ആക്രോശം. സഹിഷ്ണുത തീരെയില്ലെങ്കിൽ, ആരും പിടിച്ചുനിർത്തിയിട്ടില്ലല്ലോ, അധികാരമൊഴിഞ്ഞു  വീട്ടിൽപോയി പേരക്കിടാങ്ങളെയും കളിപ്പിച്ചു കഴിഞ്ഞുകൂടൂ.  ഇതാണ് ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികൾക്കു പറയാനുള്ളത്.

ഇത് ജനാധിപത്യരാജ്യമാണ്. ഇവിടെ ഭരണാധികാരികൾക്ക് ഏകാധിപത്യഭാഷയുണ്ടാകുന്നത് ഒരിക്കലും ഭൂഷണമല്ല. അത്തരക്കാരെ ജനം വിസ്മൃതിയുടെ ആഴത്തിലേയ്ക്ക് വലിച്ചെറിയും. പ്രഗത്ഭരല്ലെങ്കിലും മറ്റു മന്ത്രിമാർ തരക്കേടില്ലാതെ ഭരണം  കാഴ്ചവയ്ക്കുമ്പോൾ മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പ് അനുദിനം മോശമാകുന്ന കാഴ്‌ച പ്രകടമാണ്. 

ഏതു സർക്കാരിന്റെയും തലവേദനയാണ് ആഭ്യന്തരവകുപ്പ്. അത് കൈകാര്യംചെയ്യാൻ യോഗ്യനായ ഒരാളെ ഏൽപ്പിക്കുന്നത് നന്നായിരിക്കും. അതോടെ മുഖ്യമന്ത്രിയുടെ ക്ഷോഭത്തിനും അറുതിയുണ്ടാകുമെന്നു കരുതാം.Share this News Now:
  • Google+
Like(s): 6K