10 February, 2016 08:15:06 PM


ചീഞ്ഞു നാറുന്ന രാഷ്ട്രീയം !



ലോകരക്ഷാർത്ഥം  പല പല അവതാരങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഹിന്ദു പുരാണത്തിലൂടെ നമുക്കറിയാം.എന്നാൽ  കേരള ജനതയെ പൊട്ടിച്ചിരിപ്പിക്കാൻ ഇക്കാലത്ത് 'കേരളാ കോണ്ഗ്രസ്' എന്നൊരു  പാർട്ടി അവതരിക്കുമെന്ന്  ആരുംതന്നെ  കരുതിയതല്ല! അതിനെകുറിച്ച് മുമ്പും എഴുതിയിട്ടുണ്ട്.

വളരുന്തോറും പിളരുകയും പിളരുന്തോറും  വളരുകയും ചെയ്യുന്ന പാർട്ടി. പിളർന്ന ശേഷം മാതൃസംഘടനയിൽ വിലയിക്കുന്നത്  'സമൂലം' ആയിരിക്കില്ല. അതുകൊണ്ട്തന്നെ അവശിഷ്ടഭാഗങ്ങൾ തമ്മിൽ ലയിക്കുകയും അങ്ങനെ കുറച്ചുനാൾ കഴിയുമ്പോൾ അല്പ്പം അവശേഷിപ്പിച്ചു മാതൃസംഘടനയിൽ വിലയിക്കുകയും ചെയ്യും. അപ്പോഴേക്കും ആ മാതൃസംഘടന രണ്ടോ  മൂന്നോ  ആയി പിളർന്നിരിക്കും. ഇതിനിടയിൽ ചില ഘടകങ്ങൾ മറ്റേതെങ്കിലും  പാർട്ടികളിൽ/ മുന്നണികളിൽ  ചെന്നുചേരും.

ചുരുക്കിപ്പറഞ്ഞാൽ  ഇന്ന് കേരളത്തിൽ കേരള കോൺഗ്രസ്‌കാരനില്ലാത്ത ഒരു പാർട്ടിയോ/ മുന്നണിയോ  ഇല്ല എന്ന് തന്നെ പറയാം. ഇടതുമുന്നണിയിലുണ്ട് (അകത്തേക്കു പ്രവേശനം പ്രതീക്ഷിച്ചു പടിവാതിലിൽ;സെക്കുലർ!) വലതു മുന്നണിയിലുണ്ട് (മാണി) ബി ജെ പി മുന്നണിയിലുണ്ട് (പി സി തോമസ്‌). അതുപോലെ  സി പി എമ്മിലും സി പി ഐ യിലും കോൺഗ്രസിലും ആർ എസ് പി യിലും ജനതാദളിലുമൊക്കെ ചെറുകിട നേതാക്കൾ ലയിച്ചിട്ടുണ്ട്. ബി ജെ പിയിൽ ഈയിടെയാണ് നോബിൾ മാത്യു ലയിച്ചത്‌!

ഇപ്പോഴിതു പറയാൻ  കാരണക്കാരൻ പി സി ജോർജ്ജാണ്. മാണിയുടെ, ബാലകൃഷ്ണപിള്ളയുടെ, ജോസഫിന്‍റെ   ഒക്കെകൂടെ വിശ്വസ്തനായി പ്രവർത്തിച്ചു.  പിന്നീടു സെക്കുലർ എന്നൊരു പാർട്ടിയുണ്ടാക്കി  അതിന്റെ ചെയർമാൻ  ആയിരിക്കെയാണ് പാർട്ടി മരവിപ്പിച്ചു മാണിയുടെ കൂടെ  പോകുന്നത്. അവിടെ മന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും ചീഫ് വിപ്പായി. ഒരു കരളും രണ്ടുടലുമായിരുന്നു. മുന്നണിയെ ശക്തിപ്പെടുത്താൻ പ്രതിപക്ഷ എം എൽ എ യെ പ്പോലും (കു)തന്ത്രപരമായി  ചാക്കിട്ടുപിടിച്ചുകൊണ്ടുവന്നു ജയിപ്പിച്ചു. മുന്നണിയുടെ  അംഗസംഖ്യ കൂട്ടി. കൃമിയായും കീടമായും പല്ലിയായും ഓന്തായും.. എന്ന് പറയുന്നതുപോലെ  ജോർജ്ജു ഈ ജന്മത്തിൽ  പല ജന്മങ്ങൾ  എടുത്തു!

ജോർജ്ജിനു ഒരസുഖമുണ്ട്. അധികകാലം ഒരിടത്തിരിക്കില്ല ! അപ്പോഴേക്കും കുരു പൊട്ടും! ഇടതുമുന്നണിയിൽ വന്നാൽ വി എസ്സിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാകും .. പിന്നീട് വി എസ്സിനെ  തള്ളിപ്പറയും. യു ഡി എഫിൽ വന്നാലോ ഉമ്മൻ ചാണ്ടിയുടെ  അടുത്തയാൾ.. പിന്നെ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറയും . (ചിലപ്പോൾ  കൂടെക്കിടന്നവനേ  രാപ്പനി  അറിയൂ എന്ന് പറഞ്ഞതുപോലെയാകാം!)

ഇപ്പോഴിതാ മാണിയേയും ചാണ്ടിയെയും ഉപേക്ഷിച്ചു ചീഫ് വിപ്പ് സ്ഥാനവും ത്യജിച്ചു വന്നു പഴയ  സെക്കുലർ പാർടി പുനരുജ്ജീവിപ്പിച്ചു. ടി എസ്  ജോണിനെ ചെയർമാനുമാക്കി.  പാർട്ടിയെ ജോണിനു  ബി ജെ പി മുന്നണിയിൽ കെട്ടണം, ജോർജ്ജിനു ഇടതു മുന്നണിയിലും. തർക്കം മൂക്കുന്നു . ജോർജ്ജിനെ ജോൺ പുറത്താക്കുന്നു. ജോണിനെ  ജോർജ്ജും! അണ്ടിയോ മൂത്തത്  മാവോ? അങ്ങനെ പരസ്പ്പരം പുറത്താക്കി നിൽക്കുകയാണ്. ചെളിവാരി എറിയൽ , കുറ്റം പറച്ചിൽ എന്നിവ  പാകത്തിന്..

അപ്പോഴാണ്‌  പൊട്ടിച്ചിരിക്കാൻ  വകയുണ്ടാകുന്നത്. ജോർജ്ജിനു സെക്കുലർ പാർടിയിൽ പ്രാഥമിക അംഗത്വംപോലുമില്ലെന്ന് ജോൺ.. എങ്ങിനെ ചിരിക്കാതിരിക്കും? പ്രാഥമിക അംഗത്വംപോലുമില്ലാത്ത ഒരാളെ  എങ്ങനെ പുറത്താക്കും!!! അതാണ്  തമാശ.. ജനം ചിരിച്ചു കുഴയുന്നതിനുമുമ്പു  സംസ്ഥാന സമിതിയുടെ പിന്തുണ തനിക്കുണ്ടെന്ന് ജോർജ്ജ്. ഇപ്പോൾ സെക്കുലറിനു  രണ്ടു ചെയർമാൻമാരാണ് ; ഒന്ന് ടി എസ് ജോൺ, മറ്റൊന്ന് ഇന്നലെ തെരഞ്ഞെടുക്കപ്പെട്ട (?) പി സി ജോർജ്ജ്.

രാജ്യം വളരെ നിർണ്ണായകമായ  അവസ്ഥയിലൂടെ പോകുന്നു. കേരളത്തിലെ ഇരുമുന്നണികളിലെയും പ്രധാന നേതാക്കന്മാർ കേസുകളിലും കോടതി നടപടികളിലും പെട്ടിരിക്കുന്നു. അതിനിടെ ഭീകരാക്രമണഭീതിയിൽ കഴിയുന്ന പാവം ജനത്തിനു ചിരിച്ചു മണ്ണു കപ്പാവുന്ന നിലയിൽ കോമഡി ഷോ ഒരുക്കുകയാണ് കേരളാ കോൺഗ്രസ്സുകാർ !!!


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K