26 January, 2019 05:17:10 PM


1000 ദിനം, 1000 പദ്ധതികള്‍; സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷം ഫെബ്രു 20 മുതല്‍



കൊച്ചി: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷ പരിപാടികള്‍ക്ക് ഫെബ്രുവരി 20ന് ജില്ലയില്‍ തുടക്കം കുറിക്കും. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശന വിപണനമേള, വികസന സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയോടെയാണ് ആഘോഷം സംഘടിപ്പിക്കുകയെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. മറൈന്‍ഡ്രൈവ് മൈതാനമായിരിക്കും പ്രധാന വേദി. ഇതിന് പുറമെ എല്ലാ നിയോജകമണ്ഡലങ്ങളിലും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം സംഘാടക സമിതിക്ക് രൂപം നല്‍കി. മന്ത്രി എ.സി. മൊയ്തീന്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോയിന്‍റ് കണ്‍വീനറുമാണ്. ഇതിനു പുറമേ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെയും ഉള്‍പ്പെടുത്തി ഉപസമിതികളും രൂപീകരിക്കും. ഉപസമിതികളുടെ രൂപീകരണവും  ഉദ്ഘാടന പരിപാടികളും ചര്‍ച്ച ചെയ്യുന്നതിന് ഫെബ്രുവരി രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

ഫെബ്രുവരി 20 മുതല്‍ 27 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുക.  മറൈന്‍ ഡ്രൈവ് മൈതാനത്ത് പ്രധാന വേദിയൊരുക്കും. വാഗ്ദാനം പാലിച്ച് 1000 ദിനം, 1000 പദ്ധതികള്‍, 10000 കോടിയുടെ വികസനം എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.  ജില്ലയില്‍ തുടങ്ങാനിരിക്കുന്നതോ പൂര്‍ത്തിയായതോ ആയ പദ്ധതികള്‍ സംബന്ധിച്ച് വിവിധ വകുപ്പുകള്‍ ജനുവരി 31നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ നാല് മിഷനുകളായ ഹരിത കേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയ്ക്കും പ്രളയ ദുരിതാശ്വാസ - പുനരധിവാസ - പുന:നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കുന്ന എല്ലാ വകുപ്പുകളും പ്രദര്‍ശനത്തില്‍ സ്റ്റാളുകളൊരുക്കും. വിപണനമേളയും ഭക്ഷ്യമേളയും സംഘടിപ്പിക്കും.  
പ്രളയാനന്തര കേരളത്തിന്‍റെ പുനഃനിര്‍മാണത്തിന് ദിശാബോധം നല്‍കുന്ന വിഷയങ്ങളിലാണ് സെമിനാര്‍ നടത്തുക. സര്‍ക്കാരിന് കീഴിലുള്ള അക്കാദമികളുടെയും കലാസംഘങ്ങളുടെയും സഹകരണത്തോടെ ടൂറിസം വകുപ്പ് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. എംഎല്‍എമാരായ എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ. മാക്‌സി, ആന്റണി ജോണ്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K