10 June, 2019 01:51:19 PM


കേരള എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് മാന്നാനം കെ.ഇ സ്കൂളിലെ വിഷ്ണു വിനോദിന്



തിരുവനന്തപുരം: 2019-ലെ എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്), ഫാര്‍മസി (ബി.ഫാം) കോഴ്‌സുകളിലെ പ്രവേശനത്തിനുളള സംസ്ഥാന റാങ്ക് വിവരങ്ങൾ പ്രസിദ്ധീകരിച്ചു.


എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ കോട്ടയം മാന്നാനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥി വിഷ്ണു വിനോദിന് ഒന്നാം റാങ്ക്. കുമളി അണക്കര ശങ്കരമംഗലത്ത് വിനോദ് കുമാര്‍ - ചാന്ദ്നി ദമ്പതികളുടെ മൂത്ത മകനാണ്. ഇതേ സ്കൂളില്‍ തന്നെ വിഷ്ണുവിന്‍റെ സഹപാഠിയായിരുന്ന എ.ഗൗതം ഗോവിന്ദിനാണ് രണ്ടാം റാങ്ക്. കോട്ടയം കുമാരനല്ലൂർ കൊച്ചാലുംമൂട് കൃഷ്ണയില്‍ അനില്‍കുമാര്‍ - രമ്യ ദമ്പതികളുടെ മൂത്ത മകനാണ്. 


കോട്ടയം, വടവാതൂർ ജവഹർ നവോദയ വിദ്യാലയയിലെ അക്വിബ് നവാസ് മൂന്നാം റാങ്കും കരസ്ഥമാക്കി. കെ.ഈ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നാണ് അഞ്ചും ആറും റാങ്കുകള്‍. മെവിറ്റ് മാത്യു അഞ്ചും ആല്‍ഫിന്‍ ഡേവിസ് പോമി ആറും റാങ്കുകള്‍ കരസ്ഥമാക്കി. 

ആർക്കിടെക്ച്ചർ വിഭാഗത്തിൽ ആലീസ് മരിയ ചുങ്കത്ത് (ചുങ്കത്ത് ഹൗസ് പ്രഥിത റോഡ് നെഹ്റു നഗർ, കുര്യച്ചിറ തൃശൂർ  6282582732) ഒന്നും അൻഷ മാത്യു (പാലക്കുടിയിൽ, പയ്യന്നൂർ കണ്ണൂർ 9497609003) രണ്ടും ഗൗരവ് ആർ.ചന്ദ്രൻ (ധനുഷ്മാർഗ് ഇഎംഇ സ്കൂൾ വഡോദര ഗുജറാത്ത് 7798636006) മൂന്നും റാങ്ക് നേടി.


ഫാർമസി വിഭാഗത്തിൽ നവീൻ വിൻസന്റ് (സൂര്യ നഗർ മുണ്ടയ്ക്കൽ കൊല്ലം 9446600066) ഒന്നും എം.കെ.നിധ നിസ്മ (മേലേക്കാട്ടിൽ ഹൗസ് ചെമ്പകത്ത്  എടവണ്ണ മലപ്പുറം  9746080688) രണ്ടും കെ.രോഹിത് (ശ്രീലകം ഊരകം മേൽമുറി മലപ്പുറം 9946770543) മൂന്നും റാങ്ക് നേടി. എൻജിനിയറിങ്ങിന്‍റെ നാലും എട്ടും റാങ്കുകൾ നേടിയത് ഇരട്ടകളാണ്. സഞ്ജയ് സുകുമാരനും സൗരവ് സുകുമാരനും (സൗപർണിക കാട്ടുകുളങ്ങര ആനന്ദാശ്രം കാസർകോട് 9497289641).


നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കി വിഷ്ണുവും കൂട്ടുകാരും



എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്ക്കാരനായ മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിഷ്ണു വിനോദിന് ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനും (ജെഈഈ മെയിന്‍) സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. സ്റ്റേറ്റ് സിലബസില്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥിയാണ് വിഷ്ണു എന്നത് റാങ്ക് നേട്ടത്തിന് മാറ്റ് കൂട്ടുന്നു. 99.9998 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയാണ് ജെഈഈ മെയിന്‍ പരീക്ഷയില്‍ വിഷ്ണു ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് ഒരു മാര്‍ക്ക് നഷ്ടപ്പെട്ടതൊഴിച്ചാല്‍ ബാക്കി എല്ലാ വിഷയത്തിനും 100 ശതമാനം മാര്‍ക്ക് വിഷ്ണു കരസ്ഥമാക്കിയിരുന്നു.


ഒന്നാം റാങ്ക് ലഭിച്ചുവെങ്കിലും ഉപരിപഠനത്തെകുറിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ല. ജെഇഇ അഡ്വാന്‍സ് റിസള്‍ട്ട് കൂടി വരാനുണ്ട്. അതിലൂടെ ഐഐഐടി സെലക്ഷന്‍ കിട്ടിയാല്‍ ആ വഴിക്ക് നീങ്ങാനാണ് വിഷ്ണുവിന്‍റെ തീരുമാനം. കുമളി അണക്കര ശങ്കരമംഗലത്ത് വിനോദ് കുമാര്‍- ചാന്ദ്നി വിനോദ് ദമ്പതികളുടെ മൂത്ത മകനാണ് വിഷ്ണു. അച്ഛന്‍ വിനോദ്കുമാര്‍ കൃഷിക്കാരനാണ്. ഇവരുടെ രണ്ടാമത്തെ മകന്‍ ഇപ്പോള്‍ ഇതേ സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. മക്കളുടെ ഉന്നതനിലവാരത്തിലുളള ഉപരിപഠനത്തിനുളള സാധ്യതകള്‍ക്കും പരിശീലനത്തിനും വേണ്ടി കുമളിയില്‍ നിന്നും കോട്ടയം ഗാന്ധിനഗറിലുളള വാസ്കോ വില്ലയിലേക്ക് താമസം മാറിയത്. അമ്മ ചാന്ദ്നി കുട്ടികളുടെ പഠനകാര്യങ്ങളില്‍ അതീവശ്രദ്ധാലുവായി മുഴുവന്‍ സമയവും കൂടെയുണ്ട്.



മര്‍ച്ചന്‍റ് നേവിയില്‍ ചീഫ് എഞ്ചിനീയറായ ജി.അനില്‍കുമാറിന്‍റെയും ഏറ്റുമാനൂര്‍ ട്രഷറിയില്‍ അക്കൌണ്ടന്‍റായ എസ്.രമ്യയുടെയും മൂത്ത മകന്‍ ഗൌതം ഗോവിന്ദ് ജെഈഈ മെയിന്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 187-ാം റാങ്കിന് ഉടമയായിരുന്നു. ജെഇഇ അഡ്വാന്‍സ് പരീക്ഷയുടെ റിസള്‍ട്ട് കൂടി വന്നിട്ടേ ഉപരിപഠനത്തെ കുറിച്ച് അന്തിമതീരുമാനമെടുക്കു എന്നാണ് ഗൌതമും പറയുന്നത്. ഇളയ സഹോദരി കുമാരനല്ലൂര്‍ ദേവിവിലാസം സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.



അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മെവിറ്റ് മാത്യു മാവേലിക്കര തെക്കേമുക്ക് കനവില്‍ ഡോ.ഷാജി കല്ലുമനയുടെയും ആലപ്പുഴ ഡപ്യൂട്ടി ഡിഎംഓ ഡോ.ജമുനാ വര്‍ഗീസിന്‍റെയും ഇളയ മകനാണ്. ജെഈഈ മെയിന്‍ പരീക്ഷയില്‍ 345-ാം റാങ്കുണ്ടായിരുന്നു.സഹോദരന്‍ ഡോ.മോഹിത് മാത്യു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജിയ്ക്ക് പഠിക്കുന്നു.

ആറാം റാങ്ക് നേടിയ ആല്‍ഫിന്‍ ഡേവിസ് പോമി കാപ്പുംതല റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സൂപ്പര്‍വൈസറായ ഇലഞ്ഞി മുത്തോലപുരം അരഞ്ഞാണി ഓലിക്കല്‍ പോമി സെബാസ്റ്റ്യന്‍റെയും പിറവം ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപിക മേഴ്സി തോമസിന്‍റെയും മകനാണ്. ജെഇഇ മെയിന്‍ പരീക്ഷയില്‍ 1850-ാം റാങ്ക് ഉണ്ടായിരുന്നു. സഹോദരി അനീറ്റ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. 

നല്ല പരിശീലനം നല്‍കുകയാണെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിക്കാത്തതൊന്നുമില്ലെന്ന് കെ.ഈ സ്കൂളിലെ കുട്ടികള്‍ നിരന്തരമായി നേടുന്ന വിജയം തെളിയിക്കുന്നുവെന്ന് പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി പറയുന്നു. നിലവില്‍ ഐഐടി പ്രവേശനം ലഭിക്കുന്നവരില്‍ ആകെ ഒന്നര ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ളവര്‍. ശ്രമിച്ചാല്‍ ഇതിനും മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.   


മൂന്നാം റാങ്ക് കോട്ടയത്തെത്തിച്ചത്  ഝാര്‍ഖണ്ഡ് സ്വദേശി



വടവാതൂര്‍ ജവഹര്‍ നവോദയാ വിദ്യാലയത്തിലെ അക്വിബ് നവാസിനാണ് സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയില്‍ മൂന്നാം റാങ്ക് ലഭിച്ചത്. വടക്കു പടിഞ്ഞാറന്‍  ഝാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ ജപ്ല സ്വദേശിയാണ് അക്വിബ് നവാസ്. വൈദ്യുതിവകുപ്പില്‍ കരാര്‍പണിക്കാരനായ ഉബൈദ് അഹമ്മദിന്‍റെയും റുമാനാ ഫിര്‍ദോഷിന്‍റെയും മകനാണ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K