25 June, 2019 02:27:59 PM


'എക്സലെന്‍ഷ്യ 2019': മാന്നാനം കെ.ഈ.സ്കൂളില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കുന്നു

ജൂണ്‍ 28ന് ഉച്ചകഴിഞ്ഞ് 1.30ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍




മാന്നാനം: എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ തുടര്‍ച്ചയായി ഉന്നതവിജയം കൈവരിക്കുന്ന മാന്നാനം കെ.ഈ. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷകളില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. സംസ്ഥാന - ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റികൊണ്ടുള്ള വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനുള്ള ചടങ്ങ് 'എക്സലെന്‍ഷ്യ 2019' ജൂണ്‍ 28ന് ഉച്ചകഴിഞ്ഞ് 1.30ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

തിരുവനന്തപുരം സെന്‍റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാല്‍ ഫാ.സെബാസ്റ്റ്യന്‍ ചാമത്തറയുടെ അദ്ധ്യക്ഷതയില്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.തോമസ് ചാത്തംപറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുകയും ചെയ്യും. മാന്നാനം ചാവറ ആശ്രമം അധിപന്‍ ഫാ.സ്കറിയാ എതിരേറ്റ്  അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടന്‍ എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം സൌമ്യ വാസുദേവന്‍ എന്നിവര്‍ പുരസ്കാരവിതരണം നടത്തും.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി, വൈസ് പ്രിന്‍സിപ്പാള്‍ ഷാജി ജോര്‍ജ്, പിടിഎ പ്രസിഡന്‍റ് ജോമി മാത്യു, ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടര്‍ പി.ജോര്‍ജ് തോമസ്, വിനോദ് ശങ്കരമംഗലം, ഹെഡ്മാസ്റ്റര്‍ കെ.ഡി.സെബാസ്റ്റ്യന്‍, വിഷ്ണു വിനോദ്, മെവിറ്റ് മാത്യു എന്നിവര്‍ പ്രസംഗിക്കും. 

കേരളാ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയില്‍ ഒന്നും രണ്ടും അഞ്ചും ആറും റാങ്കുകള്‍ മാന്നാനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. എല്ലാവരും സ്റ്റേറ്റ് സിലബസില്‍ ഒരേ ക്ലാസില്‍ പഠിച്ചവര്‍. കുമളി അണക്കര ശങ്കരമംഗലത്ത് വിനോദ് കുമാര്‍ - ചാന്ദ്നി ദമ്പതികളുടെ മൂത്ത മകന്‍ വിഷ്ണു വിനോദ് ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ കോട്ടയം കുമാരനല്ലൂർ കൊച്ചാലുംമൂട് കൃഷ്ണയില്‍ അനില്‍കുമാര്‍ - രമ്യ ദമ്പതികളുടെ മൂത്ത മകനാ എ.ഗൗതം ഗോവിന്ദ് രണ്ടാം റാങ്ക് നേടി.  മെവിറ്റ് മാത്യു അഞ്ചും ആല്‍ഫിന്‍ ഡേവിസ് പോമി ആറും റാങ്കുകള്‍ കരസ്ഥമാക്കി. ഐ.ഐ.ടി പ്രവേശനത്തിന് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയിലും ഇവര്‍ നേടിയത് ഉന്നതവിജയം.

കഴിഞ്ഞ ആറ് വര്‍ഷമായി മാന്നാനം സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ ജെഈഈ പരീക്ഷ എഴുതുന്നു. ജെഈഈ പരീക്ഷയില്‍ മാത്രമല്ല കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുതകുന്ന പരീക്ഷകള്‍ക്കെല്ലാം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു എന്നതാണ് കെ.ഈ.സ്കൂളിന്‍റെ അടുത്ത കാലത്തെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാനാവുക. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കെവിപിവൈ (കിഷോര്‍ വൈജ്ഞാനിക പ്രോത്സാഹന്‍ യോജന) പരീക്ഷയിലൂടെ സ്കോളര്‍ഷിപ്പോടുകൂടി ഗവേഷണം നടത്തുന്നതിനു കെ ഈ സ്കൂളില്‍ നിന്ന് 32 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. കേരളത്തിലെ തന്നെ ഏറ്റവും വലിയ റിസള്‍ട്ട്‌ ആയിരുന്നു ഇത്. മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് സ്റ്റേജ് മൂന്ന് പരീക്ഷ എഴുതിയവരില്‍ കേരളത്തില്‍  നിന്നും വിജയം കണ്ട ഏക വിദ്യാര്‍ത്ഥി മാന്നാനം കെ.ഈ സ്കൂളില്‍  നിന്നായിരുന്നു. 

ദേശീയ തലത്തില്‍ 15 ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുത്ത നീറ്റ് പ്രവേശന പരീക്ഷയില്‍ മാന്നാനം കെ.ഇ. സ്‌കൂളില്‍ നിന്ന് ആയിരം റാങ്കിനുള്ളില്‍ 6 കുട്ടികള്‍. 675 മാര്‍ക്കു ലഭിച്ച അഭയ് കൃഷ്ണന്‍ 169-ാമത്തെ റാങ്കും, 675 മാര്‍ക്കു ലഭിച്ച ജോ പ്രാന്ത് 177-ാമത്തെ റാങ്കും കരസ്ഥമാക്കി. സൈറ സൂസന്‍ കോര (591), രോഹിത് ബിമല്‍ (618), നവീന്‍ വിന്‍സെന്റ് (647), അനന്തകൃഷ് എ.ആര്‍ (824) എന്നിവരാണ് ആയിരത്തിനുള്ളില്‍ ഓള്‍ ഇന്ത്യ തലത്തില്‍ റാങ്കു നേടിയ കുട്ടികള്‍. ആദ്യ 5000 റാങ്കിനുള്ളില്‍ 17 കുട്ടികളും, 10000 ത്തിനുള്ളില്‍ 31 കുട്ടികളും, 15000 നുള്ളില്‍ 40 പേരും കെ.ഇ. സ്‌കൂളില്‍ നിന്ന് നീറ്റ് റാങ്ക് നേടി.

നല്ല പരിശീലനം നല്‍കുകയാണെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിക്കാത്തതൊന്നുമില്ലെന്നാണ് കെ.ഈ സ്കൂളിലെ കുട്ടികളുടെ വിജയത്തിലൂടെ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി തെളിയിച്ചു തരുന്നത്. നിലവില്‍ ഐഐടി പ്രവേശനം ലഭിക്കുന്നവരില്‍ ആകെ ഒന്നര ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ളവര്‍. ശ്രമിച്ചാല്‍ ഇതിനും മാറ്റമുണ്ടാകും. പഠനത്തെ ഒട്ടും പ്രതികൂലമായി ബാധിക്കാതെ പ്ലസ് വണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് / മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കും മറ്റും വിദഗ്ധ പരിശീലനം നല്‍‌കുന്നു എന്നതാണ് മാന്നാനം കെ.ഈ സ്കൂളിന് ഈ നേട്ടങ്ങള്‍ ലഭിക്കുവാനുള്ള പ്രധാന കാരണമെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. അ‍ഞ്ചാം തരം മുതല്‍ കുട്ടികള്‍ക്ക് പ്രത്യേക അടിസ്ഥാനപരിശീലനവും സ്കൂളില്‍ നല്‍കി വരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8K