27 June, 2019 12:21:01 PM


മലയാളത്തിലെ ആദ്യ വനിതാസംവിധായികയും നടിയുമായ വിജയനിര്‍മല അന്തരിച്ചു



ഹൈദരാബാദ്: നടിയും സംവിധായകയുമായ വിജയനിര്‍മല അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഭിനേത്രി എന്ന നിലയിലാണ് വിജയ നിര്‍മല സിനിമയില്‍ എത്തുന്നതെങ്കിലും സംവിധായിക, നിര്‍മ്മാതാവ് എന്നീ നിലകളിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. മലയാളത്തിലും തെലുങ്കിലുമായി 44 സിനിമകള്‍ അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യ വനിതാസംവിധായികയായിരുന്ന അവര്‍ 2002-ല്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത വനിതാസംവിധായിക എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടി. 

ചലച്ചിത്രരംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2008-ല്‍ ആന്ധ്രാസര്‍ക്കാര്‍ നിര്‍മലയെ രാഘുപതി വെങ്കയ്യ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. ഇതിഹാസതാരം ശിവാജി ഗണേശനെ നായകനായി സിനിമ സംവിധാനം ചെയ്തു എന്ന അപൂര്‍വ്വ ബഹുമതി വിജയനിര്‍മലയ്ക്കും അന്തരിച്ച നടി സാവിത്രിക്കും സ്വന്തമാണ്. തമിഴ്നാട്ടില്‍ ജനിച്ച വിജയനിര്‍മലയുടെ പിതാവ് സിനിമാ പ്രൊഡക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. 1950-ല്‍ പുറത്തിറങ്ങിയ മചാച്ചരേഖൈ എന്ന ചിത്രത്തിലൂടെ തന്‍റെ ഏഴാം വയസിലാണ് വിജയനിര്‍മല ചലച്ചിത്രരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 1964-ല്‍ പുറത്തിറങ്ങിയ രണാലയ രത്നത്തിലൂടെ അവര്‍ തെലുങ്ക്സിനിമയിലേക്ക് ചുവടുവച്ചു. 

1967-ല്‍ പ്രേംനസീറിന്‍റെ നായികയായി ഭാര്‍ഗ്ഗവീനിലയം എന്ന ചിത്രത്തിലൂടെ അവര്‍ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ക്ലാസിക് സിനിമകളിലൊന്നായ ഭാര്‍ഗ്ഗവീനിലയത്തിന്‍റെ വലിയ വിജയത്തിന് ശേഷം പ്രേംനസീറിനൊപ്പം ഉദ്യോഗസ്ഥ എന്ന ചിത്രത്തിലും അവര്‍ നായികയായി എത്തി. ഏതാണ്ട് 25ഓളം മലയാള സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. അത്ര തന്നെ തമിഴ് സിനിമകളിലും അഭിനയിച്ചു. 1973ല്‍ മൂന്ന് ലക്ഷം രൂപ ബജറ്റിലാണ് കവിത എന്ന മലയാളി ചലച്ചിത്രം അവര്‍ ഐവി ശശിക്കൊപ്പം സംവിധാനം ചെയ്തത്. ഭാര്‍ഗ്ഗവീനിലയം, റോസി,പൊന്നാപുരം കോട്ട, അന്വേഷിച്ചു കണ്ടെത്തിയില്ല, വിവാഹം സ്വര്‍ഗ്ഗത്തില്‍, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, കളിപ്പാവ, പുളിമാന്‍, കാറ്റുവിതച്ചവന്‍,കല്ല്യാണരാത്രിയില്‍, പൂജ എന്നിവയാണ് വിജയ നിര്‍മല അഭിനയിച്ച മലയാളചിത്രങ്ങളില്‍ ചിലത്. 

നടനും രാഷ്ട്രീയ നേതാവുമായിരുന്ന കൃഷ്ണയാണ് ഭര്‍ത്താവ്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. 1967-ല്‍ സാക്ഷി എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് ഇവര്‍ ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് 47 സിനിമകളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചു. കൃഷ്ണ-വിജയനിര്‍മല ദമ്പതികള്‍ ചേര്‍ന്ന് സ്ഥാപിച്ച സിനിമ നിര്‍മ്മാണകമ്പനിയാണ് പത്മാലയ സ്റ്റുഡിയോസ്.തെലുങ്ക് നടന്‍ നരേഷ് വിജയനിര്‍മലയുടെ ആദ്യവിവാഹത്തിലെ മകനാണ്.കൃഷ്ണയുടെ ആദ്യവിവാഹത്തിലുണ്ടായ അഞ്ച് മക്കളില്‍ ഒരാളാണ് ഇപ്പോഴത്തെ തെലുങ്കു സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K